ഇന്ന്‌ ലോക മാതൃഭാഷാദിനം

Mash
0
ലോക മാതൃഭാഷാദിനമായി യുനെസ്കോ തിരഞ്ഞെടുത്തത് ഫെബ്രുവരി 21 ആണ്. 2008നെ ലോക ഭാഷാവർഷമായി പ്രഖ്യാപിച്ചു കൊണ്ട് ഐക്യരാഷ്ട്രസഭയുടെ പൊതു സഭ ഈ ദിനത്തിന് ഔദ്യോഗികാംഗീകാരം നൽകുകയുണ്ടായി. 1952 ഫെബ്രുവരി 21ന് ബംഗ്ലാദേശിലെ ബംഗാളി ഭാഷാപ്രസ്ഥാനത്തിന്റെ സമരത്തിലുണ്ടായ പൊലീസ് വെടിവയ്പ്പിൽ മരിച്ചവരുടെ സ്മരണയ്ക്കായി ബംഗ്ലാദേശ് ആചരിച്ചു വരുന്ന ഭാഷാപ്രസ്ഥാന ദിനത്തിന് ഐക്യദാർഢ്യവും ആദരവും, കൂടിയാണ് ഈ ദിനാചരണത്തിലൂടെ സാദ്ധ്യമാകുന്നത്.

മാതൃഭാഷ ഏതൊരു വ്യക്തിയുടേയും വ്യക്തിത്വത്തിന്റെ ഭാഗം കൂടിയാണ്. ജന്മം സ്വീകരിച്ച് വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ അവൻ സർവ്വതിനേയും വിവേചിച്ചറിയാനും, തരം തിരിച്ചു മനസ്സിൽ സൂക്ഷിക്കാനും അടിസ്ഥാനമാക്കുന്നത് തന്റെ മാതൃഭാഷയേയാണ്. അതിലുപരി, ഇദം പ്രഥമമായി തന്റെ മാതാപിതാക്കളെ അഭിസംബോധന ചെയ്യാനുപയോഗിച്ച ഭാഷ. ആദ്യമായി ഈശ്വരനെ മനസ്സിലാക്കാനും, അഭിസംബോധന ചെയ്യാനുമുപയോഗിച്ച ഭാഷ. അതിന്റെ പവിത്രതയും, സ്ഥാനവും ഓരോ വ്യക്തിയെ സംബന്ധിച്ചും മഹത്വമാർന്നതാണ്.

മലയാളിയെ സംബന്ധിച്ചിടത്തോളം പ്രൗഢവും, സമ്പന്നവുമായ ഒരു ഭാഷയുടെ അനുഗ്രഹം സിദ്ധിച്ചവരാണ് നമ്മൾ. ഭാരതത്തിന്റെ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുളള ഭാരതത്തിലെ 22 ഔദ്യോഗിക ഭാഷകളിൽ ഒന്നു കൂടിയായ മലയാളത്തിന് 2013 മേയ് 23നു ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ ശ്രേഷഠഭാഷാപദവി ലഭിക്കുകയുണ്ടായി.

നമ്മുടെ ഭരണഭാഷകൂടിയായ മലയാളത്തിന്റെ പ്രസക്തി പക്ഷേ ഇന്ന് നമ്മുടെ ജീവിത വ്യവഹാരങ്ങളിൽ കുറഞ്ഞു വരുന്നതായി ഒരു മിഥ്യാബോധം പലർക്കുമുണ്ട്. അത് സ്വന്തം സ്വത്വത്തോടു തന്നെ നാം മുഖം തിരിഞ്ഞു നിൽക്കുന്നതിനു തുല്യമാണെന്നു പറയാതെ വയ്യ. വളർച്ചയുടെ ഘട്ടങ്ങളിൽ നാം സ്വായത്തമാക്കുന്ന മറ്റേതൊരു ഭാഷയിൽ സംവദിച്ചാലും നമ്മുടെ തലച്ചോർ സ്വന്തം മാതൃഭാഷയിൽത്തന്നെയാണ് വിവരങ്ങൾ രേഖപ്പെടുത്തുകയെന്ന മനഃശ്ശാസ്ത്രസത്യം തന്നെ, മാതൃഭാഷ നമ്മിലുളവാക്കിയിട്ടുളള അനുപേക്ഷണീയവും, അനിഷേദ്ധ്യവുമായ സ്വാധീനത്തെ വ്യക്തമാക്കുന്നു. മലയാളത്തെ ഒഴിവാക്കി ആംഗലേയഭാഷയെ പുൽകുന്നത് അഭിമാനമായി കണക്കാക്കുന്ന ഒരു തലമുറ; അവർ വരും തലമുറകളോടു ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമാണ് അതെന്നത് നിസ്തർക്കമാണ്.

ഭാരതത്തിലെ മറ്റേതൊരു ഭാഷയുമെന്നതു പോലെ തന്നെ, ഒരു പക്ഷേ പല ഭാഷയേക്കളുമുപരി പ്രൗഢവും, വിശാലവുമായ ഒരു സാംസ്കാരിക-സാഹിത്യ സമ്പത്തിന്റെ രത്നാകരം കൂടിയാണ് മലയാളം. ഭാഷാപിതാവായ എഴുത്തച്ഛൻ തുടങ്ങി വച്ച ഭക്തിപ്രസ്ഥാനവും, അതു വഴിയായി ഭാഷയ്ക്കു ലഭ്യമായ അതിബൃഹത്തായ സാഹിത്യസമ്പത്തും ഭാഷയുടെ ആത്മശക്തിയായിക്കൂടി നിലനിൽക്കുന്നു. തുടർന്നിങ്ങോട്ട് ഭാഷയെ സമ്പന്നമാക്കിയ കവികളെത്ര പിറന്നൂ അതിധന്യയായ ഈ മലയാളമണ്ണിൽ.

ഭാഷാപരമായ പരീക്ഷണങ്ങളും, ഗവേഷണങ്ങളും വളരെയധികം മലയാളത്തിനു മാറ്റു കൂട്ടിയിട്ടുണ്ട്. ഭാഷയെ അതിർവരമ്പുകളില്ലാതെ സ്നേഹിക്കുകയും, സേവിക്കുകയും, സമ്പന്നയാക്കുകയും ചെയ്ത മഹാകവികളും, മഹാസാഹിത്യകാരന്മാരും, നിരൂപകന്മാരും തുടങ്ങിയവരും തലമുറകൾക്ക് മലയാളമെന്ന സൗഭാഗ്യം ഒരു സാധനയെന്ന പോലെ പകർന്നു നൽകിയ ശ്രേഷ്ഠരായ അദ്ധ്യാപകരും ഈ അഭിമാനദിനത്തിൽ സ്മരണാർഹരാണ്.

മാതൃഭാഷ; അതൊരു വികാരം കൂടിയാണ്. നമ്മൾ മലയാളികൾ ഒരു പക്ഷേ മനഃപൂർവ്വം അന്യമാക്കിക്കൊണ്ടിരിക്കുന്ന മാതൃഭാഷയുടെ സൗന്ദര്യവും, സ്ഥാനവും; അതിനോട് ഒരു മനുഷ്യനുണ്ടായിരിക്കേണ്ട വിധേയത്വവും നാം തമിഴ്രിൽനിന്നും കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ഓരോ സർക്കാർ കാര്യാലയങ്ങൾക്കും മുൻപിൽ ‘തമിഴ് വാഴ്‌ക‘ എന്ന് ആലേഖനം ചെയ്യുക മാത്രമല്ല, അത്യധികം ആദരപൂർവ്വം അതിന്റെ സമ്പന്നതയിൽ അഭിമാനിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നുണ്ട് തമിഴർ.

ഭാഷയുടെ പുരോഗതിക്കും, അതിന്റെ സ്ഥാനം ജനങ്ങളുടെയും, നിത്യവ്യവഹാരങ്ങളുടെയുമിടയിൽ ഊട്ടിയുറപ്പിക്കുന്നതിനും സർക്കാർ തലത്തിൽ തന്നെ നടപടികളുണ്ടാവേണ്ടതുണ്ട്. അതു കേവലം പുരസ്കാരങ്ങളിലോ, താമ്രപത്രങ്ങളിലോ, സ്കോളർഷിപ്പുകളിലോ മാത്രമായി ഒതുങ്ങിക്കൂടാ. മാതൃഭാഷ പഠിച്ചവന്, അതിൽ പ്രാവീണ്യം നേടിയവന് അവസരങ്ങളും, ആദരവും ലഭ്യമാകുന്ന ഒരു സാഹചര്യം ഇവിടെയുണ്ടാവേണ്ടിയിരിക്കുന്നു. അതിനായി ദീർഘവീക്ഷണത്തോടെയുളള കൂടുതൽ പദ്ധതികളും പ്രോത്സാഹനങ്ങളും സർക്കാർ തലത്തിൽ തന്നെ ആരംഭിക്കണം.

ഇനി വരും തലമുറകൾക്ക് സമുദ്രം പോലെ പരന്നു കിടക്കുന്ന മലയാളത്തിന്റെ സാഹിത്യ സുഭഗത അന്യമായിക്കൂടാ. നാനാവഴിക്കും വെളിച്ചം വീശിയിട്ടുളള വിജ്ഞാനത്തിന്റെ ആ സുവർണ്ണ ഖനി അവർക്കു മുൻപിൽ കൊട്ടിയടച്ചു കൂടാ. അത് അറിവു മാത്രമല്ല; നമ്മുടെ ആത്മഭാവം കൂടിയാണെന്ന ബോദ്ധ്യം നാമോരോരുത്തർക്കുമുണ്ടാവണം. ഈ മണ്ണിൽ പിറന്നു വീഴുന്ന ഓരോ മനുഷ്യനും സ്വന്തം ഭാഷയുടെ സമഗ്രതയിൽ അഭിമാനിക്കുകയും, ആവേശം കൊളളുകയും ചെയ്യുന്നവരായി വളർന്നുവരുവാൻ, ഇന്നിന്റെ ദിവസങ്ങളെ നാം ക്രിയാത്മകമായി രൂപപ്പെടുത്തിയെടുക്കേണ്ടതായുണ്ട്.

ലോകമാതൃഭാഷാദിനത്തിൽ എല്ലാ ഭാഷാസ്നേഹികൾക്കും ആശംസകൾ

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !