അനുഷ്ഠാനകലകള്‍ - കളമെഴുത്തും പാട്ടുകളും

Mash
0

സംഘകാലത്തോളം പഴക്കമുള്ള കേ।രളീയ അനുഷ്ഠാനമാണ് കളം. കേരളീയ ആചാരങ്ങളില്‍ സുപ്രധാനമായ സ്ഥാനം കളങ്ങള്‍ക്കുണ്ട്. കര്‍മ്മങ്ങളോടുകൂടി ഇഷ്ടദേവതയുടെ രൂപം വരക്കും.  പാട്ട് അടക്കമുള്ള ചടങ്ങുകള്‍ നടത്തി കളത്തില്‍ ആവാഹിക്കപ്പെട്ടിരിക്കുന്ന ചൈതന്യത്തെ ഉദ്വസിക്കുന്നു അഥവാ പ്രീതിപ്പെടുത്തുന്നു. വീടുകളിലും കാവുകളിലും ക്ഷേത്രങ്ങളിലും കളങ്ങള്‍ വരയും.  പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് കളം ഇടുന്നത്. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നടപ്പിലുളള അനുഷ്ഠാനങ്ങളില്‍ വ്യത്യാസങ്ങള്‍ പ്രകടമാണ്.  
നാടന്‍ നിറക്കൂട്ടുകളുപയോഗിച്ച് കലാകാരന്മാര്‍ തീര്‍ക്കുന്ന വര്‍ണ്ണവിസ്മയങ്ങള്‍ കേരളീയ ചിത്രകലാപാരമ്പര്യത്തിന്റെ നിദര്‍ശനങ്ങളാണ്. പഞ്ചവര്‍ണ്ണ പൊടികളാണ് കളം എഴുതാന്‍ ഉപയോഗിക്കുന്നത്. മഞ്ഞ, ചുവപ്പ്, കറുപ്പ്, വെള്ള, പച്ച എന്നിവയാണ് പഞ്ചവര്‍ണ്ണങ്ങള്‍. മഞ്ഞള്‍ പൊടിച്ച് മഞ്ഞപ്പൊടിയും, ചുണ്ണാമ്പും മഞ്ഞളും ചേര്‍ത്ത് ചുവന്ന പൊടിയും ഉമിക്കരികൊണ്ട് കരിപ്പൊടിയും ഉണ്ടാക്കുന്നു. വെള്ളപ്പൊടി ഉണ്ടാക്കുന്നത് ഉണക്കലരി പൊടിച്ചാണ്. വാകയിലയാണ് പച്ചപ്പൊടി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. നാഗക്കളത്തില്‍ വാഴയിലക്കുപകരം മഞ്ചാടിയിലയുടെ പൊടിയാണ് ഉപയോഗിക്കുന്നത്. വാകയില വിഷഹാരിയാണ് എന്നതാണ് ഇതിനുകാരണം.

ഓരോ പ്രദേശത്തും കളം വരയുന്നത് വ്യത്യസ്ത സമുദായക്കാരാണ്.  തീയാട്ടുണ്ണികള്‍, തീയാടി നമ്പ്യാന്മാര്‍, തെയ്യമ്പാടികള്‍,  പുള്ളുവന്‍, വണ്ണാന്‍, കണിശന്‍ തുടങ്ങിയ സമുദായക്കാര്‍ പരമ്പരാഗതമായി കളം വരയുന്നവരാണ്. കുറുപ്പന്മാര്‍, തീയ്യര്‍, വേലന്മാര്‍, മണ്ണാന്‍, മലയന്‍, പാണന്‍, പറയന്‍, വേലന്‍, മുന്നൂറ്റാന്‍, കോപ്പാളന്‍ തുടങ്ങിയവരും കളം വരയാറുണ്ട്. അനുഷ്ഠാനത്തിന്റെ സ്വഭാവത്തിനനുസരിച്ച് വരയുന്ന രൂപങ്ങള്‍ക്ക് വ്യത്യാസമുണ്ടാകും. യക്ഷി, സര്‍പ്പം, ഭദ്രകാളി, ഗന്ധര്‍വന്‍, ഗുളികന്‍ എന്നിങ്ങനെ നിരവധി കളങ്ങള്‍ വിവിധ അനുഷ്ഠാനങ്ങളിലായി വരയാറുണ്ട്. കളമെഴുത്തും പാട്ട്, മുടിയേറ്റു്, പാന, തീയാട്ട്, പുള്ളുവന്‍പാട്ട്, കെന്ത്രോന്‍പാട്ട്, ഗന്ധര്‍വന്‍ തുള്ളല്‍, മലയന്‍ കെട്ട്, ബലിക്കള, ഭഗവതിപ്പാട്ട്, കളത്തിലരിപ്പാട്ട് തുടങ്ങിയ നിരവധി അനുഷ്ഠാനങ്ങള്‍ക്ക് വിവിധ തരത്തിലുള്ള കളങ്ങള്‍ എഴുതുന്നു. ചിത്രരചനയില്‍ പരമ്പരാഗതമായി പകര്‍ന്നു കിട്ടിയ അറിവുകളും സങ്കേതങ്ങളും കളമെഴുത്തില്‍ പ്രകടമാക്കപ്പെടുന്നു. കളം വരയുന്നതിനോടനുബന്ധിച്ച് പാട്ടുകളും പാടും. ഓരോ അനുഷ്ഠാനത്തിനും പ്രത്യേകം പാട്ടുകളാണ്.

ഭദ്രകാളിക്കളവും പാട്ടും: 
ഭദ്രകാളിക്ഷേത്രങ്ങളിലാണ് പ്രധാനമായും കളമെഴുത്തുംപാട്ട് നടത്താറുള്ളത്. വേട്ടക്കൊരുമകന്‍ ക്ഷേത്രങ്ങളിലും ഈ അനുഷ്ഠാനമുണ്ട്.  ഭദ്രകാളിയുടെ കളമെഴുത്തും പാട്ടും  സാധാരണ നടത്തുന്നത് മണ്ഡലകാലത്താണ്.  സംഹാരരൂപിണിയായ കാളിയെയാണ് വരയുന്നത്.  കാളിയുടെ കൈകളുടെ എണ്ണത്തിനനുസരിച്ചാണ് കളത്തിന്റെ വലുപ്പം.  പതിനാറു മുതല്‍ അറുപത്തിനാലു വരെ കൈകളുള്ള കളങ്ങള്‍ വരയാറുണ്ട്. കളം പൂര്‍ത്തിയാകുന്നതോടെ നെല്ലും നാളികേരവും പൂക്കുലയും വെക്കും. അതോടെ പാട്ട് ആരംഭിക്കുകയായി. 

പാട്ട് കഴിഞ്ഞാല്‍ പിണിയാള്‍ കളത്തിന് ചുറ്റും പ്രദക്ഷിണം വെക്കണം.  വാദ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഉറഞ്ഞു തുള്ളാറുമുണ്ട്.  തുടര്‍ന്നുള്ള ചടങ്ങുകള്‍ക്കു ശേഷം കളം മായ്ക്കും. കാളി ദാരികനെ വധിച്ച കഥയാണ് കളം പാട്ടില്‍ പ്രധാനമായും പാടുന്നത്.  ഇവയെ 'തോറ്റം' പാട്ടുകളെന്നും പറയാറുണ്ട്.  കേരളത്തിന്റെ തനത് സംഗീതത്തിന്റെ വര്‍ണാഭമായ നിറക്കൂട്ടുകളാണ് കളംപാട്ടുകളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.

നാഗക്കളവും പുള്ളുവന്‍പാട്ടും: 
നാഗങ്ങള്‍ അഥവാ പാമ്പുകള്‍ മണ്ണിന്റെ അധിദേവതകളാണ് എന്ന ഒരു സങ്കല്‍പ്പമുണ്ട്.  ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പഴയ വീടുകളിലും ക്ഷേത്രങ്ങളിലും സര്‍പ്പങ്ങള്‍ക്കു പ്രത്യേക സ്ഥാനം നല്‍കി അനുഷ്ഠാനങ്ങളും മറ്റും നടത്തിപ്പോരുന്നത്.  അത്യുത്തരകേരളത്തില്‍ നാഗത്തെയ്യങ്ങളും ഉണ്ട്. സര്‍പ്പങ്ങളെ സന്തോഷിപ്പിക്കാനും അതിലൂടെ സമാധാനവും ഐശ്വര്യവും നിലനിര്‍ത്താനും ഒട്ടേറെ അനുഷ്ഠാനങ്ങളുണ്ട്.  അതില്‍ പ്രധാനമാണ് നാഗക്കളവും പാട്ടും.  കേരളത്തിലെ പല പ്രദേശങ്ങളിലും നാഗാരാധനയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളിലെ കാര്‍മ്മികര്‍ പുള്ളുവരാണ്. 

നാഗക്കളം എഴുതുന്നത് പുള്ളുവരാണ്. പ്രത്യേകം ഒരുക്കിയ പന്തലിലാണ് കളം ഉണ്ടാക്കുന്നത്. ത്രിസന്ധ്യ കഴിഞ്ഞാല്‍ ഗണപതി പൂജയോടെ ചടങ്ങുകള്‍ ആരംഭിക്കും. നാഗങ്ങളെയും നാഗരാജാവിനേയുമാണ് കളത്തില്‍ ചിത്രീകരിക്കുന്നത്. കളമെഴുത്ത് പൂര്‍ത്തിയായാല്‍ പഞ്ചാര്‍ച്ചന നടത്തും. ഇതിനെ തുടര്‍ന്ന് പുള്ളുവക്കുടം കൊട്ടിക്കൊണ്ട് 'അകമുഴിയല്‍' എന്ന ചടങ്ങാണ്.  ഗരുഡനുവേണ്ടിയുള്ള മുറംപൂജയും സര്‍പ്പങ്ങള്‍ക്കു വേണ്ടിയുള്ള 'നൂറും പാലും' കൊടുക്കലും തുടര്‍ന്നു നടക്കും. അതു കഴിഞ്ഞ് ന്ധദ്രകാളിയേയും അഷ്ടവസ്തുക്കളേയും പൂജിക്കും.  അതോടെ വ്രതം അനുഷ്ഠിച്ച പെണ്‍കുട്ടികള്‍ കളത്തില്‍ പ്രവേശിച്ച് തുളളല്‍ നടത്തും. കൈയില്‍ കവുങ്ങിന്‍ പൂങ്കുലയും പൂമാലയും നാഗത്തിന്റെ ആകൃതിയിലുള്ള കിരീടവും കുട്ടികള്‍ ധരിച്ചിരിക്കും. ഈ  സന്ദര്‍ഭത്തില്‍ പുള്ളുവനും പുള്ളുവത്തിയും പാടും. ഗണപതി വന്ദനവും തുടര്‍ന്ന് അഷ്ടനാഗങ്ങളെ ആവാഹിച്ചുകൊണ്ടുള്ള പാട്ടുമാണിവിടെ പാടുക.  അനന്തന്‍, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, ശംഖുപാലന്‍, മഹാപത്മന്‍, പത്മന്‍, കാളിയന്‍ എന്നിവയാണ് അഷ്ടനാഗങ്ങള്‍. കന്യകമാര്‍ പാട്ടിന്റെ താളത്തിനൊത്തു് പൂങ്കുല കുലുക്കിക്കൊണ്ടാണ് തുള്ളുന്നത്. പാമ്പുകളുടെ ചലനങ്ങളെ അനുകരിച്ചുകൊണ്ടുള്ള ആട്ടം ക്രമേണ ദ്രുതഗതിയിലാകും. ആട്ടത്തിനു ശേഷം കളം മായ്ക്കും.   

കളം പാട്ട് അഥവാ കളമ്പാട്ട്:
കളം എഴുതി പാട്ടുപാടുന്ന അനുഷ്ഠാനം ഉത്തരകേരളത്തിലും നിലവിലുണ്ട്. തെക്കന്‍ കേരളത്തില്‍ നടപ്പുള്ളതില്‍ നിന്നും വിഭിന്നമാണ് വടക്കന്‍ കേരളത്തിലെ അനുഷ്ഠാനങ്ങള്‍.  കണിയാന്‍ അഥവാ കണിശډാരാണ് കാര്‍മ്മികര്‍. വണ്ണാന്‍ സമുദായക്കാരും കളം പാട്ട് നടത്താറുണ്ട്. പ്രത്യേകം ഒരുക്കിയ പന്തലിലാണ് കര്‍മ്മങ്ങള്‍ നടക്കുന്നത്.  ഗന്ധര്‍വന്‍, കരുകലക്കി, ഭൈരവന്‍, രക്തേശ്വരി തുടങ്ങിയ ദേവതാ രൂപങ്ങളാണ് വരയുന്നത്. കളത്തിലെ രൂപത്തിന് മുന്നില്‍ പിണിയാളെ നിര്‍ത്തിയാണ് പാട്ട് പാടുന്നത്. ഇലത്താളം മുട്ടികൊണ്ടാണ് പാട്ട് പാടുന്നത്. കല്ല്യാണ സൗഗന്ധികം, ബാലിവിജയം, കുചേലവൃത്തം, കൃഷ്ണലീല, മാരമ്പാട്ട് തുടങ്ങിയ പാട്ടുകളാണ് പാടാറുള്ളത്. പാട്ടും താളവും മുറുകുമ്പോള്‍ പിണിയാള്‍ ഉറഞ്ഞു തുള്ളുകയും കളം മായ്ക്കുകയും ചെയ്യും. 

ചീര്‍മ്പക്കാവുകളിലെ കളം:
അത്യുത്തര കേരളത്തിലെ തീയ്യരുടെ ചീര്‍മ്പക്കാവുകളില്‍ കളം വരച്ച് പാട്ടുപാടുന്ന രീതിയുണ്ട്. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് മൂന്നുദിവസങ്ങളിലായാണ് ചടങ്ങുകള്‍. തീയ്യ സമുദായത്തില്‍പ്പെട്ടവര്‍ തന്നെയാണ് കാര്‍മ്മികര്‍.  നാഗക്കളമാണ് കുറിക്കുന്നത്. ചീര്‍മ്പക്ക് കാല്‍ചിലങ്കയില്‍ അണിയാന്‍ രത്നക്കല്ല് കൊടുത്തത് കാര്‍ക്കോടകനെന്ന സര്‍പ്പമാണത്രെ. കാര്‍ക്കോടകനെ ചിത്രീകരിക്കുന്നതാണ് നാഗക്കളം. മൂന്നാം ദിവസം തെയ്യക്കോലങ്ങളുടെ അകമ്പടിയോടെ കുട്ടികളുടെ താലപ്പൊലി നിരക്കുന്നതിനു മുമ്പായി ചീര്‍മ്പയുടെ പ്രതിരൂപമായ ആയത്താനും വെളിച്ചപ്പാടും കളം 'കയ്യേല്‍ക്കല്‍'ചടങ്ങു നടത്തി കളം മായ്ക്കും. ചീര്‍മ്പ ദാരികനെ വധിച്ച സന്ദര്‍ഭം വിവരിക്കുന്ന കഥാഗാനമാണ് ഈ അവസരത്തില്‍ ആലപിക്കുന്നത്. ലളിതമായ ശൈലിയും അകൃത്രിമമായ ഈണവും ഈ പാട്ടിന്റെ പ്രത്യേകതകളാണ്. കാവിന്റെ നടുമുറ്റത്ത് ഒരുക്കിയ പന്തലില്‍ പ്രത്യേകം തയാറാക്കിയ സ്ഥാനത്താണ് കളം എഴുതുന്നത്. കര്‍മ്മങ്ങള്‍ക്കിടയില്‍ കളം എഴുതിയ സ്ഥാനം സര്‍പ്പങ്ങളുടെ ചിത്രങ്ങള്‍ തുന്നിച്ചേര്‍ത്ത കറുപ്പും വെളുപ്പും ചുവപ്പും നിറമുള്ള തുണി കൊണ്ട് മറക്കും. താലപ്പൊലിയുടെ ഭാഗമായുള്ള മറ്റു ചടങ്ങുകള്‍ക്കിടയിലാണ് പാട്ട് പാടുന്നത്. പാട്ടിന്റെ താളത്തിന് കൈമണി ഉപയോഗിക്കും. പാട്ടുകാര്‍ വ്രതം നോറ്റിരിക്കണമെന്നത് നിര്‍ബന്ധമാണ്.

അത്യുത്തര കേരളത്തില്‍ തന്നെ പുലയര്‍, മുന്നൂറ്റാന്‍, വേലന്‍ തുടങ്ങിയ സമുദായക്കാരും കളം എഴുതി പാട്ടു പാടുന്ന അനുഷ്ഠാനം നടത്താറുണ്ട്.  പൂമാലക്കാവുകളിലും ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യാറുണ്ട്.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !