2023-24 അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ ബോയ്സ്, ഗേള്‍സ് സ്കൂളുകള്‍ നിര്‍ത്തലാക്കാൻ ഉത്തരവ്

RELATED POSTS

തിരുവനന്തപുരം: 2023-24 അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ ബോയ്സ്, ഗേള്‍സ് സ്കൂളുകള്‍ നിര്‍ത്തലാക്കാന്‍ ബാലാവകാശ കമീഷന്‍ ഉത്തരവ്.
എല്ലാ സ്കൂളുകളും മിക്സഡ് സ്കൂളുകളാക്കി സഹവിദ്യാഭ്യാസം നടപ്പാക്കണം. ഇതിന് മുന്നോടിയായി സ്കൂളുകളിലെ ശൗചാലയമടക്കമുള്ള ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കള്‍ക്ക് സഹവിദ്യാഭ്യാസത്തിന്‍റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണം നടത്തുന്നതിനും ആവശ്യമായ നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളണമെന്നും കമീഷന്‍ ഉത്തരവിട്ടു.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിലൂടെ ലിംഗനീതി നിഷേധിക്കപ്പെടുകയാണെന്നും ഇവിടങ്ങളില്‍ സഹവിദ്യാഭ്യാസം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചല്‍ സ്വദേശി ഡോ. ഐസക് പോള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കമീഷന്‍റെ ഉത്തരവ്.

ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന സമത്വവും ലിംഗനീതിയും വിവേചനരാഹഹിത്യവും ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസ സങ്കല്‍പ്പമാണ് സഹവിദ്യാഭ്യാസമെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ വിവിധ കാലങ്ങളില്‍ പുറത്തുവന്ന വിവിധ വിദ്യാഭ്യാസ കമീഷന്‍ റിപ്പോര്‍ട്ടുകളും ലോകത്താകമാനം ഈ മേഖലയുമായി ബന്ധപ്പെട്ട് നടന്ന ഗവേഷണ റിപ്പോര്‍ട്ടുകളും കേരള വിദ്യാഭ്യാസ നിയമവും വിവിധ കമീഷന്‍ റിപ്പോര്‍ട്ടുകളും സഹവിദ്യാഭ്യാസത്തിന്റെ ആവശ്യകതയും പ്രസക്തിയും പ്രാധാന്യവും എടുത്ത് പറഞ്ഞിട്ടുണ്ട്. എന്നിട്ടും കേരളം പോലെ വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഒരു സംസ്ഥാനത്ത്, ഇപ്പോഴും, ഹരജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള പോലെയുള്ള ആണ്‍പള്ളിക്കൂടങ്ങള്‍, പെണ്‍പള്ളിക്കൂടങ്ങള്‍ എന്ന വേര്‍തിരിവ് നിലനില്‍ക്കുന്നു എന്നത് അതീവ ഗൗരവത്തോടെ നോക്കിക്കാണുന്നുവെന്ന് കമീഷന്‍ വ്യക്തമാക്കി.
ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വെവ്വേറെ സ്കൂളുകളില്‍ പഠിപ്പിക്കേണ്ട സാമൂഹിക സാഹചര്യം ഇന്ന് നിലനില്‍ക്കുന്നില്ല. മാത്രമല്ല, ആധുനിക വിദ്യാഭ്യാസ മനഃശാസ്ത്ര സിദ്ധാന്തങ്ങളുടെ നേര്‍ക്ക് കണ്ണടച്ചു കൊണ്ടുള്ള ഒരു തിരിഞ്ഞു നടപ്പായി മാത്രമേ ഇത്തരം സ്കൂളുകളുടെ പ്രവര്‍ത്തന രീതിയെ കാണാന്‍ കഴിയുകയുള്ളൂ. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിന് പിന്നില്‍ ഒരു നീതീകരണവുമില്ല. വളരെ കുറച്ചെങ്കിലും സ്കൂളുകള്‍ പിന്തുടരുന്ന ഈ അശാസ്ത്രീയ രീതി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഇനിയും അമാന്തിക്കരുത് എന്നാണ് കമീഷന്റെ സുനിശ്ചിതമായ അഭിപ്രായം -ഉത്തരവില്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്താകെ 280 ഗേള്‍സ് സ്കൂളുകളും 164 ബോയ്സ് സ്കൂളുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഉത്തരവില്‍ നടപടി സ്വീകരിച്ച്‌ 90 ദിവസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ എന്നിവര്‍ മറുപടി നല്‍കണം.

NewsPost A Comment:

0 comments: