ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

റിപ്പബ്ലിക് ദിനത്തിന്റെ കഥ

Mashhari
0
ജനുവരി-26 നമ്മുടെ റിപ്പബ്ലിക്ദിനമാണ്. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ്-15പോലെ പ്രധാനമാണ് റിപ്പബ്ലിക്ദിനവും. പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിപതിറ്റാണ്ടുകൾ നീണ്ട സഹനസമരത്തിന്റെ പരിസമാപ്തി. ഇന്ത്യൻ ഭരണഘടന നിലവിൽവന്ന 1950 ജനുവരി-26 ആണ് റിപ്പബ്ലിക്ദിനമായി ആഘോഷിക്കുന്നത്. അന്നാണ് ഇന്ത്യാമഹാരാജ്യം ഒരു സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കായി മാറിയത്. ഭരണഘടന നിലവിൽ വന്നതോടെ 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് ഇല്ലാതായി.

റിപ്പബ്ലിക്
രാജ്യത്തിന്റെ പരമാധികാരം ജനങ്ങൾക്കും അവർ തിരഞ്ഞെടുക്കുന്ന പ്രതിനിധികൾക്കും ആകുമ്പോൾ അതിനെ റിപ്പബ്ലിക് എന്നു വിളിക്കാം.

ഭരണഘടന
ഇന്ത്യ, പാകിസ്താൻ എന്നീ രണ്ട് സ്വതന്ത്ര രാജ്യങ്ങളായി ബ്രിട്ടീഷ് ഇന്ത്യയെ വിഭജിച്ച് സ്വാതന്ത്ര്യം നൽകാനുള്ള ബ്രിട്ടീഷ് പാർലമെന്റിന്റെ നിയമത്തിന് (ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്) 1947 ജൂലായ് 18-നാണ് ബ്രിട്ടീഷ് രാജാവിന്റെ അംഗീകാരം ലഭിച്ചത്. ജോർജ് ആറാമനായിരുന്നു രാജാവ്. 1948 ജൂൺ 30-നുമുമ്പ് ഇന്ത്യയ്ക്ക് സ്വതന്ത്രഭരണം കൈമാറുമെന്ന് 1947 ഫെബ്രുവരി 20-ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ളമന്റ് ആറ്റ്ലി പ്രഖ്യാപിച്ചിരുന്നു. സ്വന്തമായി ഭരണഘടന എഴുതിയുണ്ടാക്കാൻ ഒരു സമിതിയെ നിയമിച്ചത് 1947 ഓഗസ്റ്റ് 29-നാണ്. ഡോ. ബി. ആർ. അംബേദ്കർ ആയിരുന്നു ചെയർമാൻ. ആറ്് അംഗങ്ങളുമുണ്ടായിരുന്നു. കെ.എം. മുൻഷി, മുഹമ്മദ് സാദുള്ള, അല്ലാഡി കൃഷ്ണസ്വാമി അയ്യർ, ഗോപാലസ്വാമി അയ്യങ്കാർ, എൻ. മാധവ റാവു, ടി.ടി. കൃഷ്ണമാചാരി എന്നിവരായിരുന്നു അംഗങ്ങൾ. സമിതി 166 ദിവസം ഇരുന്ന് ചർച്ചചെയ്താണ് കരട് ഭരണഘടനയ്ക്ക് അംഗീകാരം നൽകിയത്. ഭരണഘടന അന്തിമമായി അംഗീകരിച്ചത് 1949 നവംബർ 26-നാണ്. അത് പ്രാബല്യത്തിൽ വന്നത് 1950 ജനുവരി 26-നും. അതിനുമുമ്പ് ഭാവിഭാരതത്തിന് ഒരു ഭരണഘടനയുണ്ടാക്കാൻ വേണ്ടി 1928-ൽ മോത്തിലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ ഒരു സമിതിയുണ്ടാക്കിയിരുന്നു. സുഭാഷ് ചന്ദ്രബോസ്, സർ അലി ഇമാം, തേജ്ബഹാദുർ സപ്രു തുടങ്ങിയവർ അംഗങ്ങളായിരുന്നു. 1929 ഓഗസ്റ്റിൽ അവർ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.

എന്തുകൊണ്ട് ജനുവരി 26
ജനുവരി 26 റിപ്പബ്ലിക് ദിനമായത് യാദൃച്ഛികമായല്ല. അതറിയാൻ റിപ്പബ്ലിക് ദിനത്തിൽനിന്ന് രണ്ടുപതിറ്റാണ്ട് പിന്നോട്ട് സഞ്ചരിക്കേണ്ടിവരും. 1929 ഡിസംബർ 31-ന് ലഹോറിലെ രവി നദിക്കരയിൽ ചേർന്ന കോൺഗ്രസ് വാർഷിക സമ്മേളനത്തിലാണ് 1930 ജനുവരി-26 സ്വാതന്ത്ര്യദിനമായി ആചരിക്കാൻ തീരുമാനിച്ചത്. എല്ലാവർഷവും അത് തുടരാനും തീരുമാനിച്ചു. അതിനുമുമ്പ് 1928-ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ ഒരു പ്രഖ്യാപനമുണ്ടായി. 1929 ഡിസംബർ 31-നുമുമ്പ് ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യയ്ക്ക് ഡൊമിനിയൻ പദവി നൽകുന്നില്ലെങ്കിൽ പൂർണസ്വാതന്ത്ര്യം കോൺഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. കോൺഗ്രസിന്റെ ലക്ഷ്യം പൂർണസ്വാതന്ത്ര്യമാണെന്ന് (പൂർണസ്വരാജ്) ആ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

കേരളത്തിന്റെ പങ്ക്
1928-ലാണ് പയ്യന്നൂർ കോൺഗ്രസ് കമ്മിറ്റി രൂപവത്കരിച്ചത്. ടി. സുബ്രഹ്മണ്യം തിരുമുമ്പ് ആയിരുന്നു ആദ്യ സെക്രട്ടറി. കോൺഗ്രസിന്റെ നാലാമത് കേരള സമ്മേളനം നടന്നത് പയ്യന്നൂരിലാണ്. ജവാഹർലാൽ നെഹ്രു ആയിരുന്നു അധ്യക്ഷൻ. 1928 മേയ് 25, 26, 27 തീയതികളിലായിരുന്നു സമ്മേളനം. ചരിത്രപ്രാധാന്യമുള്ള മൂന്ന് പ്രമേയങ്ങൾ സമ്മേളനത്തിൽ പാസാക്കി. 1. കൃഷിഭൂമിയിൽ കർഷകന് സ്ഥിരാവകാശം നൽകുക, 2. പൂർണ സ്വാതന്ത്ര്യം കോൺഗ്രസ് ലക്ഷ്യമായി അംഗീകരിക്കുക, 3. കേരളത്തിന് സംസ്ഥാനപദവി ലഭ്യമാക്കുക. ഈ പ്രമേയങ്ങളെല്ലാം ചരിത്രപ്രാധാന്യമുള്ളവയാണ്.

ഭരണഘടന സൂക്ഷിക്കുന്നത്
പാർലമെന്റ് ഹൗസിൽ ഭരണഘടനയുടെ രണ്ട് കൈയെഴുത്തുകോപ്പികളാണ് അതി സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലും. ഹീലിയം വാതകം നിറച്ച കേയ്സുകളിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. ഒരു കാലത്തും ഒരു കേടും സംഭവിക്കാതിരിക്കാനാണങ്ങനെ ചെയ്തത്. സെക്കുലർ, സോഷ്യലിസ്റ്റ് എന്നീ പദങ്ങൾ 1976-ലെ 42-ാം ഭരണഘടനാഭേദഗതിയിലൂടെയാണ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത്.

തയ്യാറാക്കിയത്: ഡോ. വിജയൻ ചാലോട്

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !