ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
STD 2. Malayalam - 69.
അറിഞ്ഞു കഴിക്കാം
അരി, പാൽ, പഞ്ചസാര എന്നിവ ചേർത്താണ് ആ വിഭവം തയ്യാറാക്കുന്നത്.
എന്തായിരിക്കും? എല്ലാവർക്കും മനസ്സിലായിക്കഴിഞ്ഞല്ലോ. പായസമാണ് നല്ല രുചിയും മധുരവുമുള്ള ആ വിഭവം.
പലതരം പായസങ്ങൾ
- അട പ്രഥമൻ
- കടലപ്പായസം
- പൈനാപ്പിൾ പായസം
- ഗോതമ്പ് നുറുക്ക് പായസം
- പാൽപ്പായസം
- മുളയരിപ്പായസം
- പപ്പായപ്പായസം
- സേമിയാപ്പായസം
അരിപ്പായസം ഉണ്ടാക്കുന്ന വീഡിയോ നമ്മൾ കണ്ടു.
തിളച്ച വെള്ളത്തിലേക്ക് കുത്തിയെടുത്ത തവിടുള്ള പച്ചരി കഴുകി ഇട്ട് വേവിച്ചു. വെന്ത അരിയിൽ ശർക്കര ചേർത്ത് ഇളക്കി. പാൽ ഒഴിച്ച് ഇളക്കി. ചിരകിയ തേങ്ങ ചേർത്ത് ഇളക്കി.
മറ്റൊരു പാത്രത്തിൽ അൽപ്പം നെയ്യൊഴിച്ച് അണ്ടിപ്പരിപ്പ് ചൂടാക്കി. അതിലേക്ക് ഉണക്ക മുന്തിരി ഇട്ട് രണ്ടും കൂടി മൂപ്പിച്ചെടുത്ത് പായസത്തിലിട്ട് ഇളക്കി. രുചി കൂട്ടാനായി അൽപ്പം മിൽക്ക്മേഡ് കൂടി ചേർത്ത് ഇളക്കി.
പായസം കഴിക്കാൻ തയ്യാറായി.
ഉപയോഗിച്ച സാധനങ്ങൾ
പച്ചരി
ശർക്കര
പാൽ
തേങ്ങ
നെയ്യ്
കശുവണ്ടി പരിപ്പ്
ഉണക്ക മുന്തിരി
മിൽക്ക്മേഡ്
നമ്മൾ കണ്ട അരിപ്പായസം ഉണ്ടാക്കുന്ന പാചകക്കുറിപ്പ് എഴുതി തയ്യാറാക്കുക. ഒപ്പം അമ്മയോടു പറഞ്ഞ് വീട്ടിൽ ഈ പായസം ഉണ്ടാക്കി നോക്കുക.
പായസം തയ്യാറാക്കാം (page 114, 115)
പാഠപുസ്തകത്തിൽ പാൽപ്പായസം തയ്യാറാക്കുന്ന വിധം എങ്ങനെയെന്ന് കൊടുത്തിട്ടുണ്ട്. അത് നന്നായി വായിച്ചു നോക്കി നമ്മളുണ്ടാക്കിയ പായസവുമായി എന്തൊക്കെ വ്യത്യാസങ്ങളുണ്ടെന്ന് കണ്ടെത്തുക.
വിഭവം ഏത്? രുചി എന്ത്? കണ്ടെത്താം
ചില വിഭവങ്ങൾ തയ്യാറാക്കാൻ ആവശ്യമായ വസ്തുക്കൾ ചുവടെ തന്നിരിക്കുന്നു. അത് പരിശോധിച്ച് വിഭവം ഏതെന്നും അതിൻ്റെ രുചി എന്തെന്നും കണ്ടുപിടിക്കാൻ ശ്രമിച്ചു നോക്കൂ.
1. അരി, പഞ്ചസാര, പാൽ
2. പരിപ്പ്, ഇഞ്ചി, പച്ചമുളക്, വെളിച്ചെണ്ണ, ഉപ്പ്
3. അരിപ്പൊടി, ശർക്കര, തേങ്ങ, വെള്ളം
4. പാവയ്ക്ക, തേങ്ങ, ഉള്ളി, ഉപ്പ്, വെളിച്ചെണ്ണ
5. തൈര്, സവാള, തക്കാളി, പച്ചമുളക്, ഉപ്പ്
ഞാൻ ഊഹിക്കുന്ന ഉത്തരങ്ങൾ ചുവടെ കൊടുക്കാം. അത് ശരിയോ എന്ന് ടീച്ചർ അടുത്ത ക്ലാസ്സിൽ പറയും.
1. പായസം, മധുരം
2. പരിപ്പുവട, എരിവ്
3. കൊഴുക്കട്ട, മധുരം
4. തീയ്യൽ, കയ്പ്
5. സലാഡ്, പുളി
ഒന്നാമത്തെ വിഭവത്തിന് പഞ്ചസാര മധുരം നൽകി. ഇഞ്ചിയും മുളകും രണ്ടാമത്തെ വിഭവത്തിന് എരിവു നൽകി. പാവയ്ക്ക നാലാമത്തെ വിഭവത്തിന് കയ്പു നൽകിയപ്പോൾ തൈരും തക്കാളിയും അഞ്ചാമത്തെ വിഭവത്തിന് പുളി നൽകി.
ചേരുവകൾക്കനുസരിച്ച് ആഹാരത്തിൻ്റെ രുചിയിലും വ്യത്യാസം വരുമെന്ന് ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.
ഇക്കാര്യങ്ങൾ 3 കോളങ്ങളിൽ പട്ടികയാക്കി നിങ്ങൾ എഴുതണം. വർക്ക്ഷീറ്റ് അയച്ചു തരാം.
പട്ടിക നോക്കി നിറം നൽകാം (page 113)
'ഞാൻ കഴിച്ചത്' എന്ന പ്രവർത്തനത്തിൽ ഒരാഴ്ചയിലെ ഓരോ ദിവസവും നമ്മൾ കഴിച്ച ആഹാരം എന്തൊക്കെയാണെന്ന് എഴുതിയിരുന്നല്ലോ.
നിങ്ങൾ കഴിച്ച ആഹാരത്തിൽ ഇവിടെ കൊടുത്തിരിക്കുന്ന 9 ഇനങ്ങളിൽ എന്തൊക്കെ ഉൾപ്പെട്ടിരുന്നു? അവയുടെ നേരേയുള്ള കോളത്തിൽ നിറം നൽകൂ.
Your Class Teacher