Class 2 Teacher's Note 17 April 2021

RELATED POSTS

ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
TEACHER'S NOTE (STD 2. Malayalam - 74. അന്നും ഇന്നും)
സോനുവും മീനുവും തമ്മിലുള്ള സംഭാഷണത്തോടെയാണ് ക്ലാസ്സ് തുടങ്ങിയത്. മീനു തമിഴ്നാട്ടിലുള്ള അച്ഛൻ്റെ ബന്ധുവിൻ്റെ വീട്ടിൽ പോയ കാര്യമാണ് പറയുന്നത്. ബസ്സിലാണ് പോയത്. ബസ്സിറങ്ങിയ ശേഷം കാളവണ്ടിയിൽ കയറി ബന്ധുവീട്ടിലെത്തി.
അവിടെയെത്താൻ ഒരു ദിവസത്തിൻ്റെ പകുതി പോലും വേണ്ടി വന്നില്ല. എന്നാൽ ഇത്രയും ദൂരം നടന്നു പോയിരുന്നെങ്കിൽ അവിടെയെത്താൻ കുറേ ദിവസങ്ങൾ വേണ്ടിവന്നേനേ.

യാത്രയുടെ ചരിത്രം
ആദ്യകാലങ്ങളിൽ മനുഷ്യർ കാൽനടയായാണ് സഞ്ചരിച്ചിരുന്നത്. ധനികർ കൂലിക്കാർ ചുമക്കുന്ന മഞ്ചലിലും പല്ലക്കിലും യാത്ര ചെയ്തു.
പിന്നീട് കഴുത, കുതിര, ഒട്ടകം, ആന തുടങ്ങിയ മൃഗങ്ങളുടെ പുറത്തു കയറി യാത്ര ചെയ്യാൻ തുടങ്ങി.
മരത്തടികൾ ചെത്തി മിനുക്കി ചക്രങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയ ശേഷം കാളവണ്ടിയും കുതിരവണ്ടിയും ഉണ്ടാക്കി യാത്ര ചെയ്യാൻ തുടങ്ങി.
ഇപ്പോൾ മോട്ടോർ വാഹനങ്ങളാണ് കൂടുതലായും യാത്രയ്ക്ക് ഉപയോഗിക്കുന്നത്. ഇവയ്ക്ക് ഓടാനുള്ള ശക്തി ലഭിക്കാൻ പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾ ആവശ്യമാണ്. വൈദ്യുതിയിലും സൂര്യപ്രകാശത്തിലും പ്രവർത്തിക്കുന്ന വാഹനങ്ങൾ ഇന്നുണ്ട്.

വായന
മോട്ടോർ വാഹനങ്ങളുടെ വരവോടു കൂടി ഉണ്ടായ മാറ്റങ്ങളെക്കുറിച്ചാണ് ഇന്നത്തെ പാഠഭാഗത്തിൽ വായിച്ചത്. യാത്ര കൂടുതൽ വേഗത്തിലും എളുപ്പത്തിലുമായി.
തീവണ്ടി, കപ്പൽ, വിമാനം എന്നിവയൊക്കെ മോട്ടോർ വാഹനങ്ങളിലെ കേമൻമാരാണ്. ഒരുപാട് പേർക്ക് ഇവയിൽ ഒരുമിച്ച് യാത്ര ചെയ്യാം.
നിരപ്പുള്ള പ്രദേശത്തെ യാത്രയ്ക്ക് സൈക്കിൾ അനുയോജ്യമാണ്. കയറ്റം ഉള്ള റോഡുകളിലും പരുക്കൻ റോഡുകളിലും ജീപ്പാണ്ട് നല്ലത്. പുഴകളിലും കായലുകളിലും യാത്ര ചെയ്യാൻ വള്ളങ്ങളാണ് അനുയോജ്യം.

ചിത്രങ്ങൾ ശേഖരിക്കാം
പലതരം വാഹനങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് ശേഖരണ പുസ്തകത്തിൽ ഒട്ടിച്ചു വെക്കണം. താഴെ അവയുടെ പേരെഴുതാനും മറക്കരുത്.

റോഡിലൂടെ നടക്കുമ്പോൾ
സ്ക്കൂളിലേക്ക് നടന്നു പോവുന്ന ചില കൂട്ടുകാരെങ്കിലും ഉണ്ടാവുമല്ലോ. തൊട്ടടുത്ത കടയിലേക്ക് എന്തെങ്കിലും സാധനം വാങ്ങാനായി അമ്മ അയച്ചാൽ നടന്നു പോയല്ലേ പറ്റൂ?

റോഡിലൂടെ നടക്കുമ്പോഴും റോഡ് മുറിച്ചു കടക്കുമ്പോഴും താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം :-
- റോഡിൻ്റെ വലത് അരികു ചേർന്ന് നടക്കണം.
- റോഡിൽ ഓടിക്കളിക്കുകയോ കൂട്ടം ചേർന്നു നിൽക്കുകയോ ചെയ്യരുത്.
- സീബ്ര വരയുണ്ടെങ്കിൽ, അതിലൂടെ വേണം റോഡ് മുറിച്ചു കടക്കാൻ. ഇല്ലെങ്കിൽ ഇരുവശത്തേക്കും നോക്കി വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം റോഡ് മുറിച്ചു കടക്കുക. വാഹനങ്ങൾ വരുന്നുണ്ടെങ്കിൽ അവ കടന്നു പോകുന്നതു വരെ കാത്തു നിൽക്കുക.
- റോഡിലേക്ക് ഒരു സാധനവും വലിച്ചെറിയരുത്.

അറിയിപ്പ് ബോർഡ് തയ്യാറാക്കാം
മേൽപ്പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു അറിയിപ്പ് ബോർഡ് നിങ്ങൾ തയ്യാറാക്കൂ.

വിവരണം എഴുതാം
ബസ്സിലോ മറ്റു വാഹനങ്ങളിലോ മീനുവിനേപ്പോലെ നിങ്ങളും യാത്ര പോയിട്ടുണ്ടാവുമല്ലോ. എവിടേയ്ക്കാണ് പോയത്? എന്തൊക്കെയാണ് കണ്ടത്? യാത്രയിലൂടെ നിങ്ങൾക്കു ലഭിച്ച പുതിയ അറിവുകൾ എന്തൊക്കെ?
നിങ്ങളുടെ യാത്രാനുഭവം ഒരു ചെറു വിവരണമായി എഴുതി അയയ്ക്കൂ.

Your Class Teacher

Teachers NotePost A Comment:

0 comments: