Class 2 Teacher's Note 8 March 2021

RELATED POSTS

ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
TEACHER'S NOTE
STD 2. Mathematics - 47.
6. പല തുള്ളി പെരുവെള്ളം
പുതിയ യൂണിറ്റ് പഠിപ്പിക്കാൻ സൗമ്യ ടീച്ചറാണ് എത്തിയിരിക്കുന്നത്. ടീച്ചറുടെ കൈയിലുള്ളതെന്താണെന്ന് ഊഹിച്ച് കണ്ടുപിടിക്കാൻ ഒരു കടങ്കഥയാണ് ആദ്യം ചോദിച്ചത്.

ഉടുപ്പു ചുറ്റിയ മധുരക്കാരൻ
ഉടുത്തൊരുങ്ങിയ മധുരക്കാരൻ
ഉടുപ്പഴിച്ചാൽ മധുരക്കാരൻ
ഉറുമ്പു തിന്നും മധുരക്കാരൻ
ഉത്തരം കണ്ടുപിടിക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല. 'മിഠായി' ആണ് ഉത്തരം.
അതിനുശേഷം രണ്ടു വരി കവിതയാണ് ടീച്ചർ പാടിയത്.
മഴയെത്ര തുള്ളി പുഴയെത്ര പാത്രം
കടലെത്രയെത്ര കുടമെന്നു പറയാമോ?
കവിത കൊള്ളാം, പക്ഷേ, മഴത്തുള്ളികൾ എണ്ണി നോക്കലും പുഴയിലെ വെള്ളം പാത്രത്തിൽ അളക്കലും കടൽവെള്ളം കുടത്തിൽ അളക്കലും നടക്കുന്ന കാര്യമല്ല, അല്ലേ?

ദ്രാവകങ്ങൾ അളക്കാം
1. ചെറിയ ബക്കറ്റിലെ വെള്ളം മഗ്ഗ് ഉപയോഗിച്ച് അളക്കുന്നു. ആദ്യം ഊഹം എഴുതാൻ പറഞ്ഞു. അളന്നു നോക്കിയപ്പോൾ 10 മഗ്ഗ് എന്ന് ഉത്തരം കിട്ടി.
2. അതേ ബക്കറ്റിലെ വെള്ളം ഗ്ലാസ്സ് ഉപയോഗിച്ച് അളക്കുന്നു. ആദ്യം നമ്മൾ ഊഹം എഴുതി. അളന്നു നോക്കിയപ്പോൾ 28 ഗ്ലാസ്സ് എന്ന് ഉത്തരം കിട്ടി.
3. അതേ ബക്കറ്റിലെ വെള്ളം സ്റ്റീൽ ഗ്ലാസ്സ് ഉപയോഗിച്ച് അളക്കുന്നു. ആദ്യം ഊഹം എഴുതി. അളന്നു നോക്കിയപ്പോൾ 32 സ്റ്റീൽഗ്ലാസ്സ് എന്ന് ഉത്തരം കിട്ടി.
4. മറ്റൊരു വലിയ ബക്കറ്റിൽ നിന്നും കുറച്ചുകൂടി വലിയ വേറൊരു മഗ്ഗിൽ വെള്ളമെടുത്ത് ചെടികൾ നനച്ച്, എത്ര ചെടികൾ നനയ്ക്കാമെന്നു നോക്കുന്നു. ആദ്യം ഊഹം എഴുതി. ചെയ്തു നോക്കിയപ്പോൾ 13 ചെടികൾ നനയ്ക്കാമെന്നു കണ്ടെത്തി.
5.നിങ്ങളുടെ വീട്ടിൽ നിന്നും ഒരു മഗ്ഗും ഗ്ലാസ്സും എടുക്കുക. ആദ്യം മഗ്ഗിൽ എത്ര ഗ്ലാസ്സ് വെള്ളം കൊള്ളുമെന്ന് ഊഹിച്ചെഴുതുക. പിന്നെ ഒഴിച്ചു നോക്കി കൃത്യമായ ഉത്തരം കണ്ടെത്തി, അതും നോട്ട് ബുക്കിൽ രേഖപ്പെടുത്തുക.
6. നിങ്ങളുടെ വീട്ടിലെ ഒരു ബക്കറ്റിൽ നിറയെ വെള്ളം എടുക്കുക. ഒരു മഗ്ഗും എടുക്കുക. ഒരു ചെടിക്ക് ഒരു മഗ്ഗ് വെള്ളം വീതം ഒഴിച്ചാൽ എത്ര ചെടികൾ നനയ്ക്കാൻ കഴിയുമെന്ന് ആദ്യം ഊഹിച്ചെഴുതുക. പിന്നീട് ചെയ്തു നോക്കി ശരിയുത്തരം കണ്ടെത്തി നോട്ട് ബുക്കിൽ രേഖപ്പെടുത്തുക.

തെറ്റു പറ്റുന്നത് എങ്ങനെ?
ഒരേ പാത്രത്തിലേ വെള്ളം ഒരേ അളവു പാത്രം കൊണ്ട് പലർ അളന്നു നോക്കുമ്പോൾ ചെറിയ വ്യത്യാസം വരുന്നതായി കാണാം. താഴെ പറയുന്ന കാര്യങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്.
- അളവു പാത്രത്തിൽ നിറയെ വെള്ളം എടുക്കാത്തതു കൊണ്ട്
- അളക്കുമ്പോൾ കുറച്ചു വെള്ളം തുളുമ്പി നിലത്തു വീഴുന്നതു കൊണ്ട്
- പാത്രത്തിലെ വെള്ളം മുഴുവൻ അളക്കാത്തതു കൊണ്ട്

നിങ്ങൾ അളക്കുമ്പോൾ ഈ തെറ്റുകൾ വരാതെ സൂക്ഷിക്കണേ.

 വെള്ളത്തിൻ്റെ ഉപയോഗങ്ങൾ
 *കൂടിക്കാൻ
 *കുളിക്കാൻ
 *പാചകത്തിന്
 *കൃഷിക്ക്
 *പൂന്തോട്ടം നനയ്ക്കാൻ
 *വസ്ത്രങ്ങൾ അലക്കാൻ
 *
 *
 *
കൂടുതൽ ഉപയോഗങ്ങൾ കണ്ടെത്തി നിങ്ങൾ ഈ പട്ടിക വിപുലപ്പെടുത്തി ബുക്കിൽ എഴുതണം.

ദ്രാവകങ്ങൾ കൃത്യമായി അളക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ അടുത്ത ക്ലാസ്സിൽ പഠിക്കാം.
Your Class Teacher

Teachers Note



Post A Comment:

0 comments: