ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
TEACHER'S NOTE
STD 2. Mathematics - 46.
സങ്കലനം : ക്രീയ ചെയ്യുമ്പോൾ തെറ്റാതിരിക്കാൻ...
15 + 6 എന്ന ക്രിയ 4 പേർ ചെയ്തത് ഓരോന്നായി പരിശോധിക്കാം.
15 +
6
__
111
ഉത്തരം തെറ്റാണ്. കാരണം, 5 ഉം 6 ഉം തമ്മിൽ കൂട്ടിയ ഉത്തരം അങ്ങിനെ തന്നെ താഴെ എഴുതിയിരിക്കുകയാണ്. 11ൻ്റെ ഒന്നുകളുടെ സ്ഥാനം മാത്രം ഉത്തരത്തിൻ്റെ ഒന്നുകളുടെ സ്ഥാനത്ത് എഴുതി 1 പത്ത് പത്തുകളുടെ സ്ഥാനത്തേക്ക് മാറ്റി കൂട്ടുകയായിരുന്നു വേണ്ടിയിരുന്നത്.
15 +
6
__
75
ഉത്തരം തെറ്റാണ്. താഴത്തെ സംഖ്യ എഴുതിയപ്പോൾ സ്ഥാനം മാറിപ്പോയതാണ് തെറ്റാൻ കാരണം. താഴെ എഴുതിയ 6, മുകളിലുള്ള 5 ൻ്റെ അടിയിൽ ഒന്നുകളുടെ സ്ഥാനത്താണ് എഴുതേണ്ടിയിരുന്നത്.
15 +
6
__
11
ഉത്തരം തെറ്റാണ്. ഒന്നുകളുടെ സ്ഥാനത്തെ അക്കങ്ങൾ മാത്രം കൂട്ടി എഴുതിയിരിക്കുന്നു. എന്നാൽ കൂടിയപ്പോൾ കിട്ടിയ ഒരു പത്ത്, പത്തിൻ്റെ സ്ഥാനത്തേക്കു മാറ്റുവാനും പത്തിൻ്റെ സ്ഥാനത്തെ അക്കം കൂട്ടിയെഴുതാനും വിട്ടു പോയിരിക്കുന്നു.
15 +
6
__
21
ഇവിടെ ഉത്തരം ശരിയാണ്.
എന്നു കൊണ്ടാണ് ഉത്തരം ശരിയായത്?
ഒന്നുകളുടെ സ്ഥാനത്തെ അക്കങ്ങൾ കൂട്ടിയപ്പോൾ രണ്ടക്ക സംഖ്യ കിട്ടിയെങ്കിലും ആ സംഖ്യയിലെ ഒന്നുകൾ മാത്രം ഉത്തരത്തിൻ്റെ ഒന്നുകളുടെ സ്ഥാനത്തെഴുതുകയും പത്തുകളുടെ സ്ഥാനത്തെ അക്കം കൂട്ടാനുള്ള സംഖ്യയുടെ പത്തിൻ്റെ സ്ഥാനത്തേക്ക് മാറ്റി കൂട്ടി എഴുതുകയും ചെയ്തതു കൊണ്ടാണ് ഉത്തരം ശരിയായത്.
ശ്രദ്ധിക്കുക: സങ്കലന ക്രിയ ചെയ്യുമ്പോൾ ഒന്നുകളുടെ സ്ഥാനം കൂട്ടി രണ്ടക്ക സംഖ്യ കിട്ടിയാൽ ആ സംഖ്യയുടെ പത്തുകളുടെ സ്ഥാനം ചോദ്യത്തിലെ പത്തുകളുടെ സ്ഥാനത്തോട് ചേർത്ത് കൂട്ടി എഴുതണം.
ഒരു പ്രായോഗിക പ്രശ്നം
അച്ചുവിൻ്റെയും ദേവികയുടെയും ജന്മദിനം ഒരേ ദിവസമാണ്. അച്ചു 38 രൂപയുടെയും ദേവിക 36 രൂപയുടെയും പുസ്തകങ്ങൾ സ്കൂളിന് സംഭാവന ചെയ്തു. ആകെ എത്ര രൂപയുടെ പുസ്തകങ്ങളാണ് സ്കൂളിന് ലഭിച്ചത്?
ആകെ തുക കാണാൻ കൂട്ടുകയാണ് വേണ്ടതെന്ന് അറിയാമല്ലോ. 38 + 36 എന്ന ക്രീയ ചെയ്താൽ ഉത്തരം ലഭിക്കും.
38 +
36
__
74
ഇവിടെ ഒന്നുകളുടെ സ്ഥാനത്തെ അക്കങ്ങൾ കൂട്ടിയപ്പോൾ 14 കിട്ടിയെങ്കിലും 4 മാത്രം അവിടെ എഴുതി 1 പത്ത് പത്തുകളുടെ സ്ഥാനത്തെ അക്കങ്ങളോട് ചേർത്ത് കൂട്ടിയാണ് ശരിയുത്തരം കിട്ടിയത്.
മണിമലക്കാട്ടിലെ മൃഗങ്ങളെല്ലാം ഒരുമിച്ചു നിന്ന് വേട്ടക്കാരെ തുരത്തിയോടിച്ച കഥ എല്ലാവരും ഇതിനകം അറിഞ്ഞിട്ടുണ്ടാവുമെന്നു കരുതുന്നു.
'കാട് ഞങ്ങളുടെ വീട്' എന്ന പാഠം ഇന്നത്തോടെ അവസാനിച്ചു. അടുത്ത ക്ലാസ്സിൽ പുതിയ പാഠം പഠിക്കാനായി കാത്തിരിക്കാം.
Your Class Teacher