
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
TEACHER'S NOTE
STD 2. Malayalam
വെള്ളമാണ് താരം
കഴിഞ്ഞ ദിവസം വെള്ളത്തിൽ അലിയുന്നവയെയും അലിയാത്തവയെയും പരീക്ഷണം നടത്തി കണ്ടെത്താൻ പറഞ്ഞിരുന്നു.
ഉപ്പ്, പഞ്ചസാര, ശർക്കര, യീസ്റ്റ്, സോഡാപ്പൊടി, പാൽ തുടങ്ങിയവയൊക്കെ വെള്ളത്തിൽ അലിയുന്നവയാണ്.
വെള്ളത്തിലിട്ടാൽ തിരിച്ചെടുക്കാൻ കഴിയാത്തവയൊക്കെ വെള്ളത്തിൽ അലിയുന്നവയായി കണക്കാക്കാം.
വായന
ടീച്ചറോടൊപ്പം നമ്മളും വായിച്ചു. കുട്ടികൾ പറഞ്ഞ താരം വെള്ളമാണെന്നു കണ്ടെത്തി. പാഠപുസ്തകത്തിലൂടെ നമ്മോട് സംസാരിക്കുന്നതും വെള്ളം തന്നെയാണ്.
മൂന്ന് പരീക്ഷണങ്ങൾ
പ്രധാനമായും 3 പരീക്ഷണങ്ങളാണ് സബീന ടീച്ചറും കുട്ടികളും ചേർന്നു നടത്തിയത്. അവ എന്തിനു വേണ്ടിയായിരുന്നു?
1. വെള്ളത്തിൽ മുങ്ങിപ്പോകുന്നതും പൊങ്ങിക്കിടക്കുന്നതുമായ വസ്തുക്കൾ കണ്ടുപിടിക്കാൻ
2. വെള്ളത്തിൽ അലിയുന്നതും അലിയാത്തതുമായ വസ്തുക്കൾ ഏതെന്ന് കണ്ടുപിടിക്കാൻ
3. വെള്ളം വലിച്ചെടുക്കുന്ന വസ്തുക്കൾ ഏതെന്നു കണ്ടു പിടിക്കാൻ
ചണച്ചാക്ക് നന്നായി വെള്ളം വലിച്ചെടുത്തു, എന്നാൽ പ്ലാസ്റ്റിക് ചാക്ക് വെള്ളം വലിച്ചെടുത്തില്ല. കോട്ടൻ തുണി നന്നായി വെള്ളം വലിച്ചെടുത്തു, എന്നാൽ പോളിസ്റ്റർ തുണി വെള്ളം വലിച്ചെടുത്തില്ല.
വെള്ളത്തിൻ്റെ നിറം
വെള്ളത്തിന് നിറമില്ല. എന്നാൽ നിറമില്ലാത്ത ദ്രാവകങ്ങളെല്ലാം വെള്ളമാണെന്ന് ധരിക്കരുത്.
# വിനാഗിരി
# ആസിഡ്
# സാനിറ്റൈസർ
# ചിലതരം മദ്യങ്ങൾ
ഇവയൊക്കെ നിറമില്ലാത്ത ദ്രാവകങ്ങളാണ്. വെള്ളമാണെന്നു കരുതി ഇവ രുചിച്ചു നോക്കുന്നത് അപകടമാണ്.
വെള്ളത്തിൻ്റെ ആകൃതി
വെള്ളത്തിൻ്റെ ആകൃതി കണ്ടെത്താൻ കുട്ടികൾ നടത്തിയ പരീക്ഷണം കണ്ടല്ലോ.
വെള്ളത്തിന് സ്ഥിരമായൊരു ആകൃതിയില്ല. ഏതു പാത്രത്തിലൊഴിച്ചാലും വെള്ളം ആ പാത്രത്തിൻ്റെ ആകൃതി സ്വീകരിക്കുന്നു.
വെള്ളത്തിൻ്റെ പ്രത്യേകതകൾ
*വെള്ളത്തിന് നിറമില്ല
*വെള്ളത്തിന് മണമില്ല
*വെള്ളത്തിന് രുചിയില്ല
*സ്ഥിരമായ ആകൃതിയില്ല
*ചില വസ്തുക്കൾ വെള്ളത്തിൽ മുങ്ങുകയും ചിലത് പൊങ്ങിക്കിടക്കുകയും ചെയ്യും
*ചില വസ്തുക്കൾ വെള്ളത്തിൽ അലിഞ്ഞു ചേരുന്നു
അറിയിപ്പ് തയ്യാറാക്കാം
രണ്ടാം ക്ലാസ്സിലെ കൂട്ടുകാർ ബാലസഭയിൽ വെള്ളം കൊണ്ടുള്ള പരീക്ഷണങ്ങൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. 'വെള്ളം കൊണ്ടൊരു മായാജാലം' എന്നാണ് അവർ ആ പരിപാടിക്ക് പേരിട്ടിരിക്കുന്നത്. പരിപാടിയുടെ അറിയിപ്പ് തയ്യാറാക്കാൻ നിങ്ങൾക്ക് സഹായിക്കാമോ?
ഒരു പരിപാടിയുടെ അറിയിപ്പിൽ എന്തൊക്കെ കാര്യങ്ങൾ വേണം?
# തലക്കെട്ട്
# ആരാണ് നടത്തുന്നത്?
# എന്താണ് നടത്തുന്നത്?
# എന്തിനു വേണ്ടി?
# എപ്പോൾ?
# എവിടെ വെച്ച്?
(ടീച്ചർ ഇക്കാര്യങ്ങളൊക്കെ ഒരു മാജിക്കിലൂടെയാണ് പഠിപ്പിച്ചു തന്നത്. നിറമുള്ള വെള്ളത്തിൽ മുക്കിയ സ്പോഞ്ച് കൊണ്ട് വെളുത്ത ചാർട്ടിൽ തുടയ്ക്കുമ്പോൾ അക്ഷരങ്ങൾ തെളിഞ്ഞു വരുന്നു! മാജിക്കിൻ്റെ രഹസ്യം എന്തായിരിക്കുമെന്ന് ആലോചിച്ചു കണ്ടെത്തൂ. അടുത്ത ക്ലാസ്സിൽ ടീച്ചർ തന്നെ രഹസ്യം വെളിപ്പെടുത്തും.)
ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് മയൂഖ തയ്യാറാക്കിയ അറിയിപ്പ് ഒന്ന് വായിച്ചു നോക്കിയാലോ? ഇത് നോട്ട് ബുക്കിൽ എഴുതുകയും വേണം.
വെള്ളംകൊണ്ടൊരു മായാജാലംബുധനാഴ്ച ബാലസഭയിൽ രണ്ടാം ക്ലാസ്സിലെ കുട്ടികളുടെ 'വെളളം കൊണ്ടൊരു മായാജാലം' എന്ന പരിപാടി ഉണ്ടായിരിക്കും.എല്ലാവരേയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു.എന്ന്രണ്ടാം ക്ലാസ്സിലെ കുട്ടികൾ
പരീക്ഷണക്കളരി
വെള്ളം കൊണ്ടുള്ള പുതിയൊരു പരീക്ഷണം എല്ലാവരും കണ്ടെത്തണം. എന്നിട്ട് അത് സ്ക്കൂൾ തുറക്കുമ്പോൾ പരീക്ഷണ ക്കളരിയിൽ അവതരിപ്പിക്കാൻ തയ്യാറായിക്കോളൂ. വീട്ടിൽ പരീക്ഷണം അവതരിപ്പിച്ചതിൻ്റെ വീഡിയോ ഗ്രൂപ്പിലേക്ക് അയയ്ക്കുകയും ചെയ്യാം.
പാഠപുസ്തകം എല്ലാവരും വീണ്ടും നന്നായി വായിക്കണം. വെള്ളത്തിൻ്റെ ബാക്കി വിശേഷങ്ങൾ അടുത്ത ക്ലാസ്സിൽ.
Your Class Teacher