മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യന്ന് പെറ്റമ്മ തന്‍ഭാഷതാന്‍.
ഇന്ന് ലോക മാതൃഭാഷാദിനം. വിദ്യാഭ്യാസമേഖലയില്‍ ഭാഷാ ബഹുസ്വരത പ്രോത്സാഹിപ്പിക്കുകയാണ് ഈ വര്‍ഷത്തെ സന്ദേശം. ഭാഷയുടെ അതിരുകള്‍ ഭേദിച്ച് അറിവും സഹകരണവും സഹവര്‍ത്തിത്വവും വളര്‍ത്തുകയാണ് ലോക മാതൃഭാഷാ ദിനത്തിന്റെ ലക്ഷ്യം.
1999 നവംബറിലെ യുനെസ്‌കോയുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ 2000 മുതലാണ് ലോക മാതൃഭാഷാ ദിനം ആചരിച്ചു തുടങ്ങിയത്. ഭാഷാ അടിസ്ഥാനത്തില്‍ രൂപീകൃതമായ ബംഗ്ലാദേശില്‍ ആചരിച്ചു വരുന്ന ഭാഷാപ്രസ്ഥാനത്തിന് രാജ്യാന്തര തലത്തില്‍ ലഭിച്ച അംഗീകാരമെന്ന നിലയിലാണ് ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്നത്.
1947ലാണ് കേരളം മലയാളികളുടെ മാതൃഭൂമിയെന്ന് ഇഎംഎസ് പ്രസ്താവിക്കുന്നത്. ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണങ്ങള്‍ക്കുള്ള ഊര്‍ജമായിരുന്നു ആ വാക്കുകള്‍. ഓരോ ഭാഷയും അസ്ഥിത്വം നഷ്ടപ്പെടാതെ നിലനില്‍ക്കാന്‍ ഈ വാക്കുകള്‍ ഏറെ സഹായിച്ചു.
പിഞ്ചുകുഞ്ഞിന്റെ ചുണ്ടില്‍ നിന്ന് ആദ്യം വരുന്ന വാക്ക്, ആദ്യം ചൊല്ലിപ്പഠിച്ച വരികള്‍, എഴുതിത്തുടങ്ങുന്ന ആദ്യാക്ഷരം ഒക്കെ മാതാവിനെപ്പോള്‍ പ്രിയപ്പെട്ടതാകുന്നതും ലോകത്തിന്റെ ഏത് കോണില്‍ പോയാലും അമ്മയെ ഓര്‍ക്കുംപോലെ സ്വന്തം ഭാഷയെ ഓര്‍ക്കുന്നതും മാതൃഭാഷയോടുള്ള മനുഷ്യന്റെ സ്‌നേഹം കൊണ്ടാണ്. സന്തോഷത്തിലും സങ്കടത്തിലും കോപതാപങ്ങളിലും ആദ്യം നാവില്‍ വരുന്നതും മാതൃഭാഷ തന്നെയത്രെ.
സ്വന്തം ഭാഷയെ അറിയാന്‍, സ്‌നേഹിക്കാന്‍ ,ആശയവിനിമയത്തിന് കരുത്തും ആത്മവിശ്വാസവും പകരാന്‍ ഈ ദിനം ഉപകരിക്കുമെന്ന് നമുക്കാശിക്കാം.