ദീർഘ ചതുരക്കളം വരച്ചാണ് ഈ കളി കളിക്കുന്നത്. കളം എട്ട് ഭാഗങ്ങളായി ഭാഗിക്കുന്നു. കളിയിൽ പങ്കെടുക്കുന്ന ഓരോ ആളും കൈയിൽ കക്ക് കരുതണം. പരന്നിരിക്കുന്നു കല്ല് / ഓട്ടിൻ കഷ്‌ണം/ മൺകലത്തിന്റെ തുണ്ട് എന്നിവയാണ് കക്ക് ആയി ഉപയോഗിക്കുന്നത്. അത് കളത്തിനു പുറത്ത് നിന്ന് ഓരോ കളത്തിലായി എറിഞ്ഞ്, എറിഞ്ഞ ആൾ തന്നെ ഒറ്റക്കാലിൽ ചാടി കുനിഞ്ഞ് കക്ക് എടുത്ത് തിരിച്ച് വരണം. ചാട്ടത്തിനിടയിൽ വരകളിൽ തൊടാൻ പാടില്ല.
കക്ക് കളിക്ക് പല ഘട്ടങ്ങൾ ഉണ്ട്. കക്ക് കാൽ പാദത്തിനു മുകളിൽ വച്ച് വീഴാതെ എല്ലാ കളവും തുള്ളികടന്ന് വരുന്ന ഒരു രീതി. വലതു പുറം കൈയിൽ കക്ക് വെച്ച് തുള്ളുന്നത് മറ്റൊരു രീതി. ഒരു കണ്ണടച്ച് പോളയ്ക്ക് മുകളിൽ കക്ക് വെച്ച് വീഴാതെ തുള്ളിവരുന്നതാണ് അവസാന ഇനം. കളിക്കിടയിൽ കക്ക് വീണാലും വരയിൽ തൊട്ടുപോയാലും കളി തോറ്റതായി കണക്കാക്കും. തുടർന്ന് അടുത്ത ആൾക്ക് കളിക്കാം. ഇതെല്ലാം തെറ്റാതെ ചെയ്തു തീർത്താൽ കളത്തിനു പുറത്ത് പുറംതിരിഞ്ഞ് നിന്ന് കളങ്ങൾ ലക്ഷ്യമാക്കി പുറകോട്ട് കക്ക് വലിച്ചെറിയും. കക്ക് കൃത്യമായി കളത്തിൽ വീണാൽ ആ കളം ആ കളിക്കാരിയുടേതായി. കോണോട് കോൺ വരഞ്ഞ് അത് അടയാളപ്പെടുത്തും. തുടർന്ന് അടുത്ത ആളുടെ കളിയാണ്. മുൻ വിജയിയുടെ അടയാളപ്പെടുത്തിയ കളത്തിൽ കാൽ വെക്കാതെ വേണം അയാൾ ഇനി കളിക്കാൻ. കള്ളിയിൽ കാൽകുത്തിപ്പോകുകയോ വരയിൽ ചവിട്ടുകയോ ചെയ്താൽ കളിയിൽ നിന്നും പുറത്താകും.
ഇതുപോലെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട കളിയെക്കുറിച്ചു എഴുതാം / പറയാം