ഇന്ന് ലോക മലേറിയ ദിനം. കൊതുക് പരത്തുന്ന മാരകമായ ഒരു രോഗമാണ് മലേറിയ. ഓരോ വർഷവും 22 കോടി ആളുകൾ മലേറിയ ബാധിച്ചുക്കുന്നുവെന്നും അവരിൽ എട്ടുലക്ഷം പേർ മരിക്കുന്നുവെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ശരിയായ കൊതുക് നശീകരണവും മുൻകരുതലും വഴി മലേറിയ തടയാം. മലേറിയ രോഗ പ്രതിരോധത്തെയും ചികിത്സയെയും കുറിച്ചുള്ള ബോധവത്കരണത്തിനായി ഇന്ന് (ഏപ്രിൽ 25) മലേറിയ ദിനമായി ആചരിക്കുന്നു. 2007 മേയിൽ ചേർന്ന ലോക ആരോഗ്യ അസംബ്ലിയുടെ അറുപതാമത് യോഗമാണ് ദിനാചരണ തീരുമാനം എടുത്തത്.
മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ.
ചതുപ്പു പനി എന്നും ഈ രോഗം അറിയപ്പെട്ടിരുന്നു. ഏകകോശ ജീവികൾ ഉൾക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തിൽ , പ്ലാസ്മോഡിയം ജനുസ്സിൽ പെട്ട പരാദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്. ഇവ അരുണ രക്താണുക്കളിൽ ഗുണീഭവിയ്ക്കുമ്പോഴാണ് മലമ്പനി ലക്ഷണങ്ങൾ പ്രകടമാകുന്നത്. അനോഫിലിസ് ജെനുസ്സിൽ പെടുന്ന ചില ഇനം പെൺകൊതുകുകളാണ് ഈ രോഗം പരത്തുന്നത്.
തുടർച്ച ആയി കാണുന്ന ഉയർന്ന പനി ആണ് പ്രഥമ ലക്ഷണമായി പറയപ്പെടുന്നത് .
തണുത്ത അവസ്ഥയിൽ രോഗിക്ക് വിറയലും നല്ല തണുപ്പും അനുഭവപ്പെടുന്നു.
ചൂടുള്ള അവസ്ഥയിൽ രോഗിക്ക് ശരീരം പൊള്ളുന്ന അവസ്ഥ അനുഭവപ്പെടുന്നു , ഒപ്പം തലവേദനയും .
വിയർക്കുന്ന അവസ്ഥയിൽ രോഗി അമിതമായി വിയർക്കുകയും തളരുകയും ചെയ്യപ്പെടുന്നു എന്നിവയും തുടർന്നുള്ള രോഗ ലക്ഷണങ്ങളാണ് .
ഈ രോഗത്തിന് കൃത്യമായ ചികിത്സഇപ്പോൾ എല്ലാ ഗവണ്മെന്റ് ആശുപത്രികളിലും, ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. അതിനാൽ മുൻകൂട്ടീ രോഗം കണ്ടുപിടിച്ചു ചികിത്സിച്ചാൽ പൂർണമായും ഭേദമാക്കാൻ കഴിയുന്ന ഒരു രോഗമാണ് മലേറിയ.