ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

പറവകളുടെ ചങ്ങാതി

Mashhari
0
പക്ഷികളുടെ കൂട്ടുകാരനായ സാലിം അലിയുടെ ജന്മദിനമാണ് ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത്. എല്ലാവർഷവും നവംബർ 12 നാണ് ഈ ദിനം ആചരിക്കുന്നത്.

ഒരിക്കൽ അമ്മാവൻ സമ്മാനിച്ച എയർഗൺ ഉപയോഗിച്ച് 10 വയസ്സുള്ള ആ ബാലൻ ഒരു കുരുവിയെ വെടിവെച്ചിട്ടു. കഴുത്തിനുതാഴെ മഞ്ഞ നിറമുള്ള ആ കുരുവിയിൽ കൗതുകം തോന്നിയ ബാലൻ കുരുവിയെപ്പറ്റി കൂടുതൽ പറഞ്ഞുതരാൻ അമ്മാവനോട് ആവശ്യപ്പെട്ടു. ശിക്കാരിയായ  അമ്മാവൻ കൈമലർത്തി കൂടുതൽ ഒന്നും അറിഞ്ഞുകൂടാ.... ഒരു പക്ഷേ, ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി പോയാൽ കൂടുതൽ വിവരങ്ങൾ കിട്ടിയേക്കും എന്ന് അദ്ദേഹം പറഞ്ഞു.

കുരുവിയും കൊണ്ട് ആ ബാലൻ ബി എൻ എച്ച് എസ് സെക്രട്ടറിയായിരുന്ന ഇംഗ്ലീഷുകാരൻ മില്ലാർഡിന്റെ മുറിയിലേക്ക് ചെന്നു. ബാലനെ സന്തോഷപൂർവം സ്വീകരിച്ച മില്ലാർഡ് അവൻറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. അവനെ അദ്ദേഹം മറ്റൊരു ഹാളിലേക്ക് നയിച്ചു. അവിടെ അനേകം പക്ഷികളെ സ്റ്റഫ് ചെയ്തു വെച്ചിരിക്കുന്നത്   കാണിച്ചു കൊടുത്തു. ആ കാഴ്ച ബാലന്റെ മനസ്സ് ഇളക്കിമറിച്ചു. ആ ബാലൻ ആരാണെന്ന് അറിയേണ്ടേ? പക്ഷി മനുഷ്യൻ (Bird man of India) എന്നറിയപ്പെടുന്ന സാലിം മൊയ്സുദ്ദീൻ അബ്ദുൾ അലി എന്ന സാലിം അലി.

1896 നവംബർ 12-ന് മുംബൈയിലാണ് സാലിം ജനിച്ചത്. കുടുംബത്തിന്റെ ബിസിനസ്സ് ആവശ്യങ്ങൾക്കായി ബർമയിലേയ്ക്ക് (ഇപ്പോഴത്തെ മ്യാന്മാർ) പോകേണ്ടിവന്ന സാലിമിന് ആ യാത്ര ഒരു അനുഗ്രഹമായി മാറി. ബർമയിലെ കാടുകളിൽ പക്ഷികളെ നിരീക്ഷിക്കാനുള്ള അസുലഭ സൗഭാഗ്യം അദ്ദേഹത്തിന് കൈവന്നു. ഇടക്കാലത്ത് ജർമനിയിലേക്ക് പോയ സാലിം പ്രൊഫ.സ്‌ട്രെമാന്റെ ശിക്ഷണത്തിൽ പക്ഷി ശാസ്ത്രത്തിൽ ശാസ്ത്രീയമായ കൂടുതൽ അറിവ് സമ്പാദിച്ചു.

ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് പോയ ശേഷം BNHSന്റെ അവസ്ഥ വളരെ മോശമായിരുന്നു. BNHS ന്റെ നേതൃത്വം ഏറ്റെടുത്ത സാലിം അലി പണ്ഡിറ്റ് നെഹ്‌റുവിന് സ്ഥാപനത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതി. നെഹ്‌റു പെട്ടെന്നുതന്നെ സാമ്പത്തിക സഹായം ലഭ്യമാക്കി.

യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന സാലിംഅലി രാജ്യത്തിന്റെ ഓരോ മുക്കും മൂലയും സന്ദർശിച്ചു പക്ഷിനിരീക്ഷണം നടത്തി. നിരവധി പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ട്. പക്ഷി നിരീക്ഷകർ നെഞ്ചോട് ചേർത്ത് കൊണ്ടുനടക്കുന്ന പുസ്തകം 'The Book of Indian Birds' ആണ് ഏറ്റവും പ്രധാനപ്പെട്ടത്. 'Fall of Sparrow' (ഒരു കുരുവിയുടെ പതനം) അദ്ദേഹത്തിൻറെ ആത്മകഥയാണ്. 1987 ജൂലൈ 27-ന് അന്തരിച്ചു. 

ബന്ധപ്പെട്ട പോസ്റ്റുകൾ ...കൂടുതൽ വായിക്കാം 
പക്ഷികളെ എങ്ങനെ നിരീക്ഷിക്കാം...

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !