പ്രവേശനോത്സവം ചില മാതൃകകൾ

Mash
0
 രണ്ടു മാസത്തെ അവധി കഴിഞ്ഞ് ജൂണ്‍ മൂന്നിന് സ്കൂളുകള്‍ തുറക്കുകയാണല്ലോ...?
തുറക്കുമ്പോള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവേശനോത്സവത്തിന് മിഴിവേകാനുതകുന്ന ഏതാും ചില മാതൃകകള്‍ ചുവടെ ചേര്‍ക്കുന്നു.

1 - ''അറിവുമരം''
പുതുതായി വന്ന കുട്ടികളുടെ പേര് തലേദിവസം തന്നെ ആലിലയില്‍ വൈറ്റ്നര്‍ കൊണ്ട് അവരുടെ പേരെഴുതി തയ്യാറാക്കി വെക്കുന്നു.

രാവിലെ രണ്ടാം ക്ലാസിലെ കുട്ടികള്‍ മാലയും ( കടലാസ്, റിബണ്‍, മുല്ലമാല etc പ്ലാസ്റ്റിക് ഒഴിവാക്കുക ) കിരീടവും ( പ്ലാവില കിരീടം, കടലാസ് കിരീടം etc. ) നല്‍കി അവരെ കവാടത്തില്‍ തന്നെ സ്വീകരിക്കുന്നു.

വലിയ ക്ലാസിലെ കുട്ടികള്‍ രണ്ടു വരിയായി നിന്ന് ഒരു റിബണ്‍ ഉയര്‍ത്തി പിടിച്ച് കമാനം കണക്കെ ഇവര്‍ക്ക് കടന്നു വരാനുളള വഴി സൃഷ്ടിക്കും.

അങ്ങനെ അവരെ സ്വീകരിച്ചാനയിച്ച് ക്ലാസിലിരുത്തും. ശേഷം അവര്‍ക്ക് മധുര വതരണം നടത്തും ( പായസം മിഠായി etc. )

ശേഷം കുട്ടികളെ പേരു വിളിക്കുനതിനനുസരിച്ച് അവരുടെ പേരെഴുതിയ ഇല രണ്ടാം ക്ലാസിലെ കുട്ടികള്‍ അവര്‍ക്ക് നല്‍കുകയും മുമ്പേ തയ്യാറാക്കി വെച്ച മരത്തിന്‍റെ ചില്ല മാത്രമുളള രൂപത്തില്‍ അവ പതിപ്പിക്കുകയും ചെയ്യും. ( ഇതിനായി തെര്‍മോകോളിലോ കാര്‍ഡ്ബോര്‍ഡിലോ തുണിയിലോ നേരത്തേ തന്നെ മരത്തിന്‍റെ ഇലയില്ലാത്ത രൂപം വരച്ചു തയ്യാറാക്കി വെക്കണം )

എല്ലാ കുട്ടികളും ഈ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിലൂടെ മനോഹരമായ ഒരു മരം പിറവിയെടുക്കും ( ഇതിനെ അക്ഷര മരം , അറിവു മരം , സ്നേഹ മരം എന്നൊക്കെ പേര് നല്‍കാം.

2 - ''കൈ മുദ്ര'' അല്ലെങ്കില്‍ ''പാദമുദ്ര''
ഭിത്തിയില്‍ രണ്ട് മീറ്ററോളം നീളം വരുന്ന വെളളത്തുണി ( പഴയ വെളള മുണ്ട്, ബാനര്‍ തയ്യാറാക്കുന്ന വില കുറഞ്ഞ തുണി എന്നിവ ഉപയോഗിക്കാം ) വലിച്ചു കെട്ടുന്നു.

ഈ തുണിയില്‍ സ്വീകരിച്ചാനയിച്ച് കൊണ്ടു വരുന്ന കുട്ടികളുടെ കൈ അല്ലെങ്കില്‍ കാല്‍പാദം നേരത്തെ തയ്യാറാക്കി വെച്ച കളറില്‍ മുക്കി പതിപ്പിക്കുന്നു. ( ഇതിനായി പോസ്റ്റര്‍ കളറുപോലെയുളളവ ഉപയോഗിച്ച് തയ്യാറാക്കിയ ചായം ഒരു പാത്രത്തില്‍ കരുതി വെക്കണം )

പതിപ്പിച്ച കൈയിന്‍റെ അല്ലെങ്കില്‍ പാദത്തിന്‍റെ അടയാളത്തിന് താഴെ കുട്ടികളുടെ പേര് അടയാളപ്പെടുത്താം. ( ഇത് കുട്ടിയ്ക്കോ അധ്യാപകനോ ചെയ്യാം )

ഇത് വീണ്ടും ക്ലാസിലെ പഠനപ്രവര്‍ത്തനങ്ങള്‍ക്കും പ്രയോജനപ്പെടുത്താം. ( എണ്ണം, വലുത് - ചെറുത്, പേര് എന്നിങ്ങനെയുളളവ )

3 - കൈപ്പത്തി പൂവ്

കുട്ടികള്‍ക്ക് പേപ്പര്‍ നല്‍കി അതില്‍ പെന്‍സില്‍ കൊണ്ട് അവരുടെ കൈപത്തിയുടെ അടയാളം വരയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നു. (ഇതിന് രക്ഷിതാക്കള്‍, മുതിര്‍ന്ന കുട്ടികള്‍, മറ്റു അധ്യാപകര്‍ എന്നിവരുടെ സഹായം ആവശ്യമാണ് )

ശേഷം അവ മുറിച്ചെടുത്ത് വ്യത്യസ്ത നിറങ്ങള്‍ നല്‍കട്ടെ. ( ആവശ്യമായ ക്രയോണ്‍സ്, കത്രിക എന്നിവ ലഭ്യമാക്കണം )

നിറം നല്‍കിയ കൈപത്തികള്‍ ചിത്രത്തിലുളളപോലെയോ മറ്റേതെങ്കിലും ചിത്രത്തിന്‍റെ രൂപത്തിലോ ക്രമീകരിക്കുന്നു.

കൈപ്പത്തികളില്‍ കുട്ടികളുടെ പേര് ഫോട്ടോ എന്നിവയും നല്‍കാവുന്നതാണ്.

4 - അക്ഷര ദീപം
ദീപം തെളിയിക്കുന്ന മണ്‍ ചിരാതുകള്‍ എണ്ണയും തിരിയും ഉള്‍പ്പടെ ഇതിനായി നേരത്തെ തന്നെ തയ്യാറാക്കി വെക്കുന്നു. ( ഏതെങ്കിലും അക്ഷരത്തിന്‍റെ മാതൃകയിലാണിത് സജ്ജീകരിക്കേണ്ടത് )

ക്ലാസുകളിലേക്കാനയിച്ച കുരുന്നുകളുടെ കൈകളില്‍ ചിരാതുകളിലെ ദീപം തെളിയിക്കുന്നതിനാവശ്യമായ ദീപം ( മെഴുകുതിരിയോ അല്ലെങ്കില്‍ നേരത്തെ തിരി കൊളുത്തിയ ഒരു മണ്‍ ചിരാതോ ആവാം ) നല്‍കി അധ്യാപികയുടെ സഹായത്തോടെ അക്ഷര ദീപം തെളിയിക്കുന്നു. ( ബാക് ഗ്രൗണ്ടില്‍ വേണമെങ്കില്‍ മുന്‍ വര്‍ഷത്തെ പ്രവേശനോത്സവ ഗാനമായ അക്ഷരദീപം തെളിയിക്കാം... എന്ന ഗാനം നല്‍കാവുന്നതാണ്.)
വാല്‍ :- തീ ആയതുകൊണ്ട് വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇത് പാടില്ലെന്ന അഭിപ്രായമുളളവരുമുണ്ടാകാം. ഒഴിവാക്കുന്നവ 30 സൂക്ഷ്മതയോടെ ചെയ്യാം.

5 - മണലിലെഴുതാം
കുട്ടികളെ സ്വീകരിച്ച് ക്ലാസിലിരുത്തിയ ശേഷം ചെയ്യാവുന്ന ഒരു പ്രവര്‍ത്തനമാണിത്.

ഒരു സ്റ്റീല്‍ പാത്രത്തില്‍ ആവശ്യമായ മണല്‍ തയ്യാറാക്കി വെക്കുന്നു. (ഒരുപക്ഷേ എല്ലാ കുട്ടികള്‍ക്കും വേണ്ട പാത്രം ഒരേ സമയം സംഘടിപ്പിക്കുക ബുദ്ധിമുട്ടെങ്കില്‍ ഓരോ കുട്ടികളെ വീതവും ചെയ്യിക്കാം. ഇനി ഒരുമിച്ചാണെങ്കില്‍ സ്റ്റീല്‍ പാത്രത്തിന് പകരം മറ്റെന്തെങ്കിലും ലഭ്യതയ്ക്കനുസൃതമായി ഉപയോഗിക്കാം)

ഓരോ പാത്രത്തിന് മുമ്പിലും ഫ്ലാഷ് കാര്‍ഡില്‍ തയ്യാറാക്കിയ അക്ഷരം, അക്കങ്ങള്‍ എന്നിവ ഉണ്ടാകണം.

ഈ പ്രവര്‍ത്തനത്തില്‍ രക്ഷിതാക്കള്‍ കുഞ്ഞുങ്ങളോടൊപ്പം ഉണ്ടാകുന്നതാണ് നല്ലത്. അവര്‍ കുട്ടികളുടെ കൈ പിടിച്ച് അധ്യാപകരുടെ നിര്‍ദ്ദേശത്തിനനുസരിച്ച് ഫ്ലാഷ് കാര്‍ഡിലുളള അക്ഷരങ്ങളും അക്കങ്ങളും പാത്രത്തിലെ മണലില്‍ വിരലുകൊണ്ട് എഴുതിക്കണം.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !