അച്‌ഛന്മാരേ നിങ്ങൾ അറിയണം ഈ 5 കാര്യങ്ങൾ!

Mashhari
0
ആദ്യമായി അമ്മയാകുന്നത് പോലെ തന്നെ മധുരമുള്ള ഒരു അനുഭവമാണ് ആദ്യമായി അച്ഛനാകുന്നതും. എന്നാൽ എന്തുകൊണ്ടോ ആ അനുഭവം അധികമാരും ചർച്ച ചെയ്യപ്പെട്ടു കാണാറില്ല എന്ന് മാത്രം. അമ്മയാകാൻ തയാറെടുക്കുന്ന ഒരു സ്ത്രീയോട്, ഗർഭത്തിന്റെ പലഘട്ടങ്ങളിലും ചെയ്യേണ്ട കാര്യങ്ങളെ പറ്റിയും കുഞ്ഞുണ്ടായത് നടത്തേണ്ട പരിചരണത്തെ പറ്റിയുമൊക്കെ ക്ളാസുകൾ നൽകാൻ നൂറുപേരാണ്. എന്നാൽ പാവം അച്ഛന്റെ കാര്യമോ? കുഞ്ഞു ജനിച്ചാൽ അവനെ ഒന്നെടുക്കാൻ പോലും നേരാവണ്ണം അറിയാത്തവരാണ് നമ്മുടെ നാട്ടിലെ അച്ഛന്മാർ എന്നതാണ് യാഥാർഥ്യം.

ആദ്യമായി അച്ഛന്മാരാകുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുഞ്ഞിനെ എടുക്കുന്നതും കുളിപ്പിക്കുന്നതും കരച്ചിൽ മാറ്റുന്നതും ഇങ്ക് കൊടുക്കുന്നതും എല്ലാം തന്നെ, അമ്മയെ പോലെ അച്ഛന്റെയും ചുമതലകളാണ്. ഈ ചുമതലകൾ എല്ലാം ഭംഗിയായി നിറവേറ്റണം എങ്കിൽ ആദ്യം കുഞ്ഞിനേയും കുഞ്ഞിന്റെ മനോഭാവത്തെയും കുറിച്ച് അറിഞ്ഞിരിക്കണം. ആദ്യമായി അച്ഛന്മാരാകാൻ പോകുന്നവർക്കായി ഇതാ അഞ്ചു സൂത്രവാക്യങ്ങൾ

1.കുഞ്ഞിനെ പോലെ കുഞ്ഞിന്റെ അമ്മയെയും സ്നേഹിക്കുക - കുഞ്ഞിനോട് നിങ്ങൾക്ക് പെരുത്തിഷ്ടമാണ് സമ്മതിച്ചു. എന്നാൽ സ്ഥിരം കേട്ടുവരുന്ന ഒരു പരാതിയാണ് കുഞ്ഞുണ്ടായതിൽ പിന്നെ അവൾക്ക് എന്നോട് സ്നേഹമില്ല എന്ന്. അടിസ്ഥാനരഹിതം എന്നല്ലാതെ ഈ പരാതിയെ എന്ത് പറയാൻ. കുഞ്ഞു ജനിച്ചാൽ ഹോർമോൺ വ്യത്യാസത്തിന്റെ ഭാഗമായി ഭാര്യയുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടേക്കാം. അകാരണമായി ദേഷ്യപ്പെട്ടേക്കാം. കൂടുതൽ ശ്രദ്ധ കുഞ്ഞിനോട് തന്നെ കാണിച്ചേക്കാം. ഈ അവസ്ഥയിൽ ഒന്നും തന്നെ സമചിത്തത കൈ വിടരുത്. കുഞ്ഞിനെ പോലെ കുഞ്ഞിന്റെ അമ്മയെയും സ്നേഹിക്കുക

2. കുഞ്ഞിനുമേൽ എപ്പോഴും ഒരു കണ്ണ് വേണം - കുഞ്ഞിനെ നോക്കുക എന്നത് അമ്മയുടെ മാത്രം ചുമതലയല്ല. കുഞ്ഞിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ചെയ്യാൻ ഒരു പരിധിവരെ അച്ഛനുമാവണം. എന്ന് കരുതി കുഞ്ഞിനോടുള്ള ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു മാറരുത്. അവനെ നിരന്തരം വീക്ഷിക്കുക, ആവശ്യങ്ങൾ കണ്ടറിയുക.

3. നൈറ്റ് ഡ്യൂട്ടി പങ്കിടാം - രാത്രിയിൽ കുഞ്ഞുങ്ങൾ എഴുന്നേൽക്കുകയും കരയുകയും ഒക്കെ ചെയ്യും. അപ്പോൾ അവരെ പരിപാലിക്കേണ്ട ചുമതല അമ്മമാർക്ക് മാത്രമാണ് എന്ന് കരുതല്ലേ..! പകൽ മുഴുവൻ കുഞ്ഞിന്റെ പുറകെ അലഞ്ഞു വയ്യാതെ ആയ അമ്മമാർ വിശ്രമിക്കട്ടെ, കുഞ്ഞിനെ നോക്കുന്ന ഡ്യൂട്ടി സന്തോഷത്തോടെ ഒന്ന് ഏറ്റെടുത്തു നോക്കിക്കേ. അമ്മയും ഹാപ്പി, കുഞ്ഞും ഹാപ്പി.

4. അറിയാം കുഞ്ഞിന്റെ ഇഷ്ടാനിഷ്ടങ്ങൾ - പലപ്പോഴും അച്ഛന്മാർ നന്നേ പരാജയപ്പെടുന്ന രംഗമാണിത്. എന്താണ് നിങ്ങളുടെ കുഞ്ഞിന്റെ ഇഷ്ടം . അവനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്, അവനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? എപ്പോൾ വിശക്കും? കഴിക്കാൻ എന്ത്, എത്ര അളവിൽ നൽകണം? അമ്മമാരെ പോലെ അച്ഛന്മാരും അറിഞ്ഞിരിക്കട്ടെ ഈ തത്വങ്ങൾ. ആവശ്യമെങ്കിൽ അമ്മമാരുടെ സഹായം തേടുകയുമാവാം.

5. ആ ഫോൺ ഒന്ന് മാറ്റിവെച്ചേക്ക് അച്ഛാ - കുഞ്ഞിന്റെ കൂടെ ആയിരിക്കുമ്പോൾ പരിപൂർണ ശ്രദ്ധ അവനു മാത്രം മതി. ഫോണിൽ കുത്തിക്കൊണ്ട്, പാതി ഇവിടെയും പാതി അവിടെയുമായുള്ള കുഞ്ഞിനെ കളിപ്പിക്കൽ ദോഷം ചെയ്യും. അച്ഛനെ കണ്ടല്ലേ കുട്ടി പഠിക്കുക, നാളെ അവന്റെ ലോകവും മൊബൈലിനു ചുറ്റുമായാൽ പരാതി പറയാൻ ആവില്ല കേട്ടോ !

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !