കേരളത്തിലെ സ്ത്രീകൾ പരമ്പരാഗതമായി ആഘോഷിച്ചു വരുന്ന ഒരുത്സവമാണ് ധനുമാസത്തിലെ തിരുവാതിര. ഈ ആഘോഷത്തിലെ ചടങ്ങുകളിൽ പ്രധാനപ്പെട്ട ഒന്നാണ് തിരുവാതിരകളി. കൈകൊട്ടിക്കളി എന്നും ഇതിന് പറയാറുണ്ട്. കത്തിച്ചു വെച്ച നിലവിളക്കിനു സമീപത്തായി നിറപറയും അഷ്ടമംഗല്യവും കിണ്ടിയിൽ വെള്ളവും വയ്ക്കും. ഒന്നര മുണ്ടും വേഷ്ടിയുമാണ് കളിക്കാരുടെ വേഷം.
ഗണേശസ്തുതിയോടും സരസ്വതീവന്ദനത്തോടും കൂടിയാണ് കളി തുടങ്ങുന്നത്. ആദ്യാവസാനം വരെ വട്ടത്തിൽ നിന്നാണ് ഈ കളി നടത്തുന്നത്. കേരളീയ കലകളിൽ പ്രാധാന്യമർഹിക്കുന്ന ഒരു കലാരൂപമാണ് തിരുവാതിര കളി.