കേരളീയ കലകൾ സംരക്ഷിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി മഹാകവി വള്ളത്തോൾ നാരായണ മേനോൻ സ്ഥാപിച്ചതാണ് കേരള കലാമണ്ഡലം. തൃശ്ശൂർ ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്തുള്ള ചെറുതുരുത്തി എന്ന ഗ്രാമത്തിലാണ് കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്.
1930 നവംബർ 9 നാണ് കലാമണ്ഡലം പ്രവർത്തനം തുടങ്ങിയത്. മണക്കുളം മുകുന്ദ രാജായുടെ സഹായത്തോടെ വള്ളത്തോൾ ആരംഭിച്ച ഈ സ്ഥാപനം ഇപ്പോൾ കേരള സർക്കാരിന്റെ കീഴിലാണ്. കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, ചാക്യാർകൂത്ത്, ചെണ്ട, ഇടയ്ക്ക, കൊമ്പ്, കുഴൽ തുടങ്ങിയ കലകൾ ഇവിടെ അഭ്യസിപ്പിക്കുന്നു. കേരള കലാമണ്ഡലം ഇപ്പോൾ കൽപിത സർവകലാശാലയാണ്.