പുകഞ്ഞ കൊള്ളി പുറത്ത് - നാടകം

Harikrishnan
0

(ഭൂമിയും ശുക്രനും സംസാരിച്ചു കൊണ്ടു വരുന്നു)
ചൊവ്വയെ കാണുന്നു

ശുക്രൻ : ചൊവ്വ ചേട്ടാ..

ചൊവ്വ ആരിത്? ശുക്രനോ? ആഹാ, ഭൂമിയും ഉണ്ടല്ലോ കൂടെ. ചുമ്മാതല്ല നിങ്ങളെ 'ഇരട്ടകൾ' എന്ന് വിളിക്കുന്നത് ഭൂമി അത് പിന്നെ ഞങ്ങളു രണ്ടുപേരും ഏതാണ്ട് അടുത്തടുത്താ സൂര്യനെ ചുറ്റുന്നത്.. കാണുന്നവർക്കൊക്കെ അസൂയയാണെന്നേ..

ചൊവ്വ :പിന്നേ... തന്നെത്താൻ ഒന്നു കറങ്ങാൻ തീരെ മടിയുള്ള, കറങ്ങിയാൽ തന്നെ തല തിരിഞ്ഞു കറങ്ങുന്ന ശുക്രനെയും 365 പ്രാവശ്യം കറങ്ങുന്ന നിന്നെയും, സ്വഭാവം വച്ചിട്ട് തന്നെയാ 'ഇരട്ടകൾ എന്നു വിളിക്കുന്നത് ..
ങാ.. അതു പോട്ടെ, ഞാൻ വന്നപ്പോൾ നിങ്ങളെന്തോ ചർച്ചയിൽ ആയിരുന്നല്ലോ. എന്തായിരുന്നു.?

ഭൂമി :അതോ നമ്മുടെ പ്ലൂട്ടോയുടെ സ്വഭാവത്തെപ്പറ്റിയാ..

ചൊവ്വ : ഞാനും കേട്ടു.. നുണയായിരിക്കുമെന്നേ..

(ചൊവ്വ പോകുന്നു)

ഭൂമി : ഇതെന്ത്..! കാര്യം കേൾക്കാതെ ചേട്ടൻ പോയല്ലോ!

ശുക്രൻ : പോട്ടെ..ഞാനും പോകുന്നു. വൈകിട്ട് വരാം.
      (ശുക്രൻ പോകുന്നു)

ഭൂമി (ആത്മഗതം): വെറുതെയല്ല ഇവനെ പ്രഭാതനക്ഷത്രം എന്നും പ്രദോഷ നഷത്രം എന്നുമൊക്കെ വിളിക്കുന്നത്..!

ഭൂമി അൽപനേരം നിന്നിട്ട് പോകുന്നു.
      - - - - - - - - - - -
(നെപ്ട്യൂൺ പിറുപിറുത്തു
കൊണ്ടുവരുന്നു )

നെപ്ട്യൂൺ(ആത്മഗതം):എത്ര പറഞ്ഞാലും മനസ്സിലാകാത്തവൻ! യുറാനസ് ഉരുണ്ടുരുണ്ട് നടക്കുന്നുവെന്നേയുള്ളൂ.. എന്റെ വഴിയിൽ കയറി ശല്യമുണ്ടാക്കുന്നില്ല. ഇതിപ്പോ ആരോടെങ്കിലും പറയണമല്ലോ..

(വ്യാഴം വരുന്നു )

വ്യാഴം : എടോ, നെപ്ട്യൂൺ.. താൻ ആരോടോ ഈ സംസാരിക്കുന്നത്?

നെപ്ട്യൂൺ :അല്ല ചേട്ടാ, നിങ്ങളൊക്കെ ഇവിടെ ഉണ്ടായിട്ടാണോ ഈ പ്ലൂട്ടോ എന്റെ പരിക്രമണപഥം മുറിച്ച് കടക്കുന്നത്..

വ്യാഴം :ഇപ്പോഴാണോ നിനക്ക് ബോധം ഉണ്ടായത്.?  20 വർഷത്തോളം പ്ലൂട്ടോ നിന്റെ  പരിക്രമണപഥത്തിൽ ആയിരുന്നല്ലോ.?

നെപ്ട്യൂൺ :
ശരിയാ,ഞാൻ അതത്ര കാര്യമാക്കിയില്ല; ഇത്രയും 'ഗുരുത്വം' ഇല്ലാത്തവനാണെന്ന് അറിഞ്ഞില്ല!

വ്യാഴം :'ഗുരുത്വ'മോ.?ഓ.. ഗുരുത്വാകർഷണം.! അതു പിന്നെ ആ പാവം ഭൂമിയുടെ ചന്ദ്രന്റെ ആറിലൊരു പിണ്ഡമില്ലേയുള്ളൂ..

നെപ്ട്യൂൺ  :അതുശരി..

(ശനിയും യുറാനസും വരുന്നു )

ശനി :നിങ്ങളുടെ സംസാരം മുഴുവൻ ഞാൻ കേട്ടു. പ്ലൂട്ടോയ്ക്കു വേറെ ചില ദുശ്ശീലങ്ങളും ഉണ്ട്; അറിയാമോ?

വ്യാഴം :ഇല്ല..അതെന്താ.?

ശനി :പറയാം.. നിങ്ങൾക്കറിയാമല്ലോ പ്ലൂട്ടോയുടെ ഉപഗ്രഹമായ  'ചാരനെ'?

നെപ്ട്യൂൺ :'ചാരനോ.!?'

ശനി :ചാരനല്ലെടോ 'ഷാരോൺ!' വേണേൽ ചാരെനെന്നും പറയാം.
എന്തായാലും ഈ പ്ലൂട്ടോ അവനെയും പരിക്രമണം ചെയ്യും!

വ്യാഴം :ഛെ..ഒരു ഗ്രഹത്തിന് ചേർന്ന സ്വഭാവമല്ലല്ലോ അത്. എനിക്കും ശനിക്കും  60ഉം 50 തുമൊക്കെ ഉപഗ്രഹങ്ങളുണ്ട്. എന്നിട്ടും ഞങ്ങളാരും ഇങ്ങനെ ചെയ്യുന്നില്ലല്ലോ മോശം.. മോശം !

യുറാനസ് :എന്നിട്ടാണവൻ ഞാൻ ഉരുണ്ടുരുണ്ട് നടക്കുന്നു എന്നും പറഞ്ഞ് കളിയാക്കിയത്!
ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല. പറഞ്ഞു വിലക്കണം..

നെപ്ട്യൂൺ : ശരി; എല്ലാവരെയും അറിയിച്ചേക്കാം.
(
ബുധനും പ്ലൂട്ടോയും ഒഴികെ എല്ലാവരും നിൽക്കുന്നു)

വ്യാഴം :ബുധൻ വന്നില്ലേ.?

ഭൂമി :ബുധനെ അറിയിച്ചു.  ബുധന് നിൽക്കാൻ സമയമില്ലെന്ന്. 88 ദിവസങ്ങൾക്കകം സൂര്യനെ ചുറ്റി വരണമെന്ന്

വ്യാഴം :ഓ.. ഒരു ഓട്ടക്കാരൻ.!ങാ..നമ്മളുടെ തീരുമാനം പിന്നീട് അറിയിക്കാം.

ശുക്രൻ :ദേ..പ്ലൂട്ടോ ഇങ്ങോട്ട് വരുന്നുണ്ട്.

പ്ലൂട്ടോ: എല്ലാവരും ഉണ്ടല്ലോ.. എന്താ വിശേഷിച്ച്..?

ശനി :ഞങ്ങൾ നിന്നെ കാണാൻ തന്നെയാ നിൽക്കുന്നത്..

പ്ലൂട്ടോ :എന്നെയോ? എന്തിന് ?

യുറാനസ്സ് :നിന്റെ സ്വഭാവങ്ങൾ നമ്മൾ ഗ്രഹങ്ങൾക്ക് യോജിച്ചതല്ല..അതു മാറ്റാൻ നീ തയ്യാറാകണം.

പ്ലൂട്ടോ :അത് ശരി..ഞാൻ പറഞ്ഞാൽ  നിങ്ങളാരെങ്കിലും മാറുമോ?  ഇല്ലല്ലോ..  അതുപോലെ  എനിക്കും എന്റെ  സ്വഭാവങ്ങൾ മാറ്റാൻ സാധ്യമല്ല..!

നെപ്ട്യൂൺ :അമ്പോ!അവന്റെ ധിക്കാരം കണ്ടില്ലേ..!

വ്യാഴം :അപ്പോൾ ഞങ്ങൾക്ക് ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും..

പ്ലൂട്ടോ:നിങ്ങൾ എന്തു തീരുമാനമെടുത്താലും എനിക്ക് സൂര്യനെ ചുറ്റി സഞ്ചരിക്കാതെ പറ്റില്ലല്ലോ!

ശനി :എന്നാലും നീ നിന്റെ സ്വഭാവം മാറ്റില്ല എന്നുതന്നെയാണോ?

പ്ലൂട്ടോ :അതേ..  എനിക്കറിയാം കുയ്പർ ബെൽറ്റിന് അടുത്തുകൂടെ സൂര്യനെ ചുറ്റുന്ന ക്വാവർ, സെഡ്ന എന്നിവരെ കണ്ടപ്പോഴാ  നിങ്ങൾക്ക് ഞാനൊരു അധികപ്പറ്റായത്..

നെപ്ട്യൂൺ :അപ്പോ നീ എന്റെ പരിക്രമണപഥം മുറിച്ചു കടക്കുന്നതും സ്വന്തം ഉപഗ്രഹമായ ചാരനെ ചുറ്റി കറങ്ങുന്നതും നിശ്ചിത ഗുരുത്വമില്ലായ്മ കാണിക്കുന്നതുമൊക്കെ ശരിയാണെന്നാണോ.?

പ്ലൂട്ടോ :നിങ്ങൾ പറയുന്നതെല്ലാം ഞാൻ സമ്മതിക്കുന്നു. നിങ്ങൾക്ക് എന്തും തീരുമാനിക്കാം.
  നീണ്ട 75 വർഷക്കാലം ഞാനും പാഠപുസ്തകങ്ങളിൽ ഒരു ഗ്രഹം ആയിരുന്നല്ലോ അതുമതി..(വിതുമ്പുന്നു)

എല്ലാവരും മുഖത്തോടു മുഖം നോക്കുന്നു

വ്യാഴം മുന്നോട്ടുവന്ന് പുറത്താക്കൽ പ്രമേയം അവതരിപ്പിക്കുന്നു.

" നിശ്ചിത ഗുരുത്വം ഇല്ലാത്തതുകൊണ്ടും പിണ്ഡ കുറവുകൊണ്ടും നെപ്ട്യൂണിന്റെ പരിക്രമണപഥം മുറിച്ചു കടക്കുന്നതുകൊണ്ടും സർവ്വോപരി സ്വന്തം ഉപഗ്രഹത്തെ പരിക്രമണം ചെയ്യുന്നതുകൊണ്ടും പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്ന് പുറത്താക്കിയിരിക്കുന്നു; ഇനിമേൽ സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങൾക്കൊപ്പമാകും പ്ലൂട്ടോയുടെയും സ്ഥാനം!"

ഗവൺമെന്റ് വെള്ളനാട് നാടകം പുകഞ്ഞ കൊള്ളി പുറത്ത്
അവതരണം ഗവ.എൽ.പി.എസ് വെള്ളനാട് വിദ്യാർഥികൾ
കഥ :ശാസ്ത്രം  കഥാപാത്രങ്ങൾ :ആകാശ ഗോളങ്ങൾ

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !