Medical Insurance Scheme For Government Servants

Mash
0
Introducing Health Insurance Scheme to Kerala Government Employees and Service Pensioners
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിക്കൽ ഇൻഷുറൻസ് സ്കീം നടപ്പിലാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പ്രസിദ്ധീകരിച്ചു. പ്രീമിയം തുകയായ  Rs.300 എല്ലാ മാസവും ശമ്പളത്തിൽ നിന്നും ഈടാക്കും. ഔട്ട് പേഷ്യന്റ് ചികിത്സയും സ്‌കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ പ്രായപരിധി ഉണ്ടാകില്ല.
പെൻഷൻകാർക്കും ജീവനക്കാരുടെ മാതാപിതാക്കൾക്കും ഏതു പ്രായം വരെയും പരിരക്ഷ ലഭിക്കും. ഇതേസമയം, ജീവനക്കാരുടെ മക്കൾ പ്രായപൂർത്തിയാകുന്നതു വരെയായിരിക്കും പരിരക്ഷ. എന്നാൽ, മാനസികവെല്ലുവിളി നേരിടുന്ന മക്കൾക്ക് പ്രായപരിധി ഉണ്ടാകില്ല.
പ്രസവത്തിനുള്ള ചെലവുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനിക്കുന്ന കുഞ്ഞിനു നടപ്പുവർഷം മുഴുവൻ പദ്ധതിയുടെ ആനുകൂല്യം കിട്ടും.

പാർട് ടൈം പെൻഷൻകാർക്കും അംഗമാകാം
സർക്കാർ ജീവനക്കാരും പെൻഷൻകാരും എയ്ഡഡ് സ്കൂളിലെ അടക്കമുള്ള അധ്യാപകരും ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകണം. പാർട്ട് ടൈം കണ്ടി‍ൻജന്റ് ജീവനക്കാർക്കും അധ്യാപകർക്കും ചേരാം.
ഇടയ്ക്കുവച്ചു സർവീസിൽ പ്രവേശിക്കുന്നവർ ഒരുവർഷത്തെ പ്രീമിയം തുക മുഴുവൻ അടയ്ക്കണം. അലവൻസ് ഇല്ലാത്ത നീണ്ട അവധി എടുക്കുന്നവർക്ക് അവധികാലയളവിലെ പ്രീമിയം കൂടി മുൻകൂട്ടി അടയ്ക്കാം.
പാർട് ടൈം പെൻഷൻകാരുടെ മെഡിക്കൽ അലവൻസ്, പ്രീമിയം തുകയെക്കാൾ കുറവാണെങ്കിൽ ബാക്കിയുള്ള തുക കൂടി നൽകണം. എക്സ്ഗ്രേഷ്യ പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും പദ്ധതിയിൽ ചേരാം. പിരിച്ചുവിടുന്ന ജീവനക്കാരെ അന്നു മുതൽ ഇൻഷുറൻസ് പദ്ധതിയിൽനിന്നു നീക്കും.

കാഷ്‌ലെസ്, റീ ഇംബേഴ്സ്മെന്റ് സൗകര്യം
റജിസ്റ്റേഡ് നഴ്സിങ് ഹോം, ആശുപത്രി, ക്ലിനിക്, സർക്കാർ ആശുപത്രി എന്നിവിടങ്ങളിൽ കിടത്തി ചികിൽസ തേടുന്നവരാണ് ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹരാകുക. കാഷ്‌ലെസ്, റീഇംബേഴ്സ്മെന്റ് സൗകര്യങ്ങൾ തിരഞ്ഞെടുക്കാം.
സർക്കാർ ആശുപത്രിയിലാണു ചികിൽസ തേടുന്നതെങ്കിൽ ഇൻഷുറൻസ് കമ്പനി നൽകുന്ന പണം സർക്കാർ അക്കൗണ്ടിൽ നിക്ഷേപിച്ചശേഷം ആശുപത്രിക്കു കൈമാറും. ആശുപത്രിക്കു സ്വന്തം വികസനത്തിനായി ഇൗ പണം ചെലവഴിക്കാം. ഭാര്യയും ഭർത്താവും ഇൻഷുറൻസ് പദ്ധതിയിൽ അംഗമാണെങ്കിലും ഒരു ചികിൽസയ്ക്ക് ഒരു ക്ലെയിമേ അനുവദിക്കൂ.

സർക്കാർ നിർദേശിക്കുന്ന ദിവസത്തിനുള്ളിൽ അപേക്ഷ ഹാജരാക്കി പദ്ധതിയുടെ ഭാഗമാകാം. അപേക്ഷ നൽകാത്തവർക്കു തൊട്ടടുത്ത വർഷമേ പദ്ധതിയിൽ അംഗമാകാനാകൂ. പെൻഷൻകാർ അപേക്ഷ തൊട്ടടുത്ത ട്രഷറിയിൽ സമർപ്പിക്കണം.
പദ്ധതിയിൽ അംഗമാകുന്ന എല്ലാവർക്കും ഇൻഷുറൻസ് കാർഡ് നൽകും. കാർഡ് തയാറായാൽ ഉടൻ അതിന്റെ നമ്പർ അംഗത്തെ എസ്എംഎസ് മുഖേന അറിയിക്കും. അംഗത്തിനും ആശുപത്രികൾക്കും ഇൻഷുറൻസ് പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിക്കാൻ വെബ്സൈറ്റ് തയാറാക്കും.

നേരത്തേ ബാധിച്ച രോഗങ്ങൾക്കും പരിരക്ഷ
ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിലാകുന്ന അന്നു മുതൽ ആനുകൂല്യം നേടാം. നേരത്തേ ബാധിച്ച രോഗങ്ങളുടെ ചികിൽസയ്ക്കും ഇൻഷുറൻസ് തുക ക്ലെയിം ചെയ്യാം. 24 മണിക്കൂർ ആശുപത്രിവാസത്തിനു മാത്രമല്ല, ഡേ കെയർ സെന്ററുകളിലെ ചികിൽസയ്ക്കും ആശുപത്രിയിലേക്കു മാറ്റാനാകാത്തതിനാൽ വീട്ടിൽ ചികിൽസ തേടുന്നതിനും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുൻപു 30 ദിവസത്തെയും ശേഷം 60 ദിവസത്തെയും ചികിൽസാ ചെലവുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇൗ കാലയളവുകളിലെ ടെസ്റ്റുകൾക്കും പണം ലഭിക്കും.

24 മണിക്കൂർ ആശുപത്രിവാസം വേണ്ട
നേത്രം, വൃക്ക, ടോൺസിൽ, പ്രോസ്റ്റേറ്റ്, ഗാസ്ട്രോ, മൂത്രനാളി, മൂക്ക്, തൊണ്ട, ചെവി എന്നിവയിലെ ശസ്ത്രക്രിയകൾ, ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യൽ, അപകടത്തെ തുടർന്നുള്ള ദന്ത ശസ്ത്രക്രിയ, വൃഷണവീക്കം, ഡയാലിസിസ്, റേഡിയോതെറപ്പി, പാമ്പുകടി തുടങ്ങിയവയ്ക്ക് 24 മണിക്കൂർ ആശുപത്രിവാസം ഇല്ലെങ്കിലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
ഔട്ട്‌പേഷ്യന്റ് (ഒപി) ചികിൽസകൾക്കു വർഷം പരമാവധി 30,000 രൂപയേ ലഭിക്കൂ. ഇൻഷുറൻസ് കമ്പനി അംഗീകരിച്ച ആശുപത്രികളിൽനിന്നു പണമടയ്ക്കാതെതന്നെ ഒപി സേവനവും മരുന്നും ലഭിക്കും.

സർക്കാർ ഉത്തരവ്  GO(P) No 54-2017-Fin dated 24-04-2017

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !