പിങ്ക് നിറത്തിലുള്ള ടിഫിൻ ബോക്സിന്റെ മൂടി തുറന്നപ്പോൾ ആഹാരത്തിനു മുകളിൽ എന്തോ ഒന്നിരിക്കുന്നതു ഞാൻ കണ്ടു.
ബോക്സ് കുഞ്ഞിന് കൊടുക്കുന്നതിനു മുൻപ് ഞാനതെടുത്തു നിവർത്തി നോക്കി.
അതിൽ ഒരു ടിഷ്യു പേപ്പറിൽ ലിപ്സ്റ്റിക് കൊണ്ടാണെന്ന് തോന്നുന്നു ഒരു ലവ് വരച്ചിരിക്കുന്നു!!
കൂടെ ഒരു ചുണ്ടിന്റെ ചിത്രവും !
"ആരാ ഇത് വരച്ചേ മോളൂ.... ?" എനിക്ക് വളരെ കൗതുകം തോന്നി.
നാണത്തോടെ അതിലേക്കു നോക്കിയിട്ടു ആ കൊച്ചു മിടുക്കി പറഞ്ഞു.
"അത്... ഞാൻ മുഴുവനും കഴിച്ചാൽ അതിലുമ്മ വെക്കാനുള്ളതാ... അച്ഛൻ വരച്ചതാ... മുഴുവൻ കഴിച്ചാൽ അമ്മയ്ക്കും അച്ഛനും ഞാനുമ്മ കൊടുക്കാനാ അമ്മ പറഞ്ഞത്..... "
"ഓഹ്... " ഞാനൊന്നു നിവർന്നു.
എത്ര ഭംഗിയായാണ് ഒരു സന്ദേശം അവർ മകൾക്കു കൊടുത്തത്....
" വേറെയുണ്ടോ മോൾടെ കയ്യിൽ... ?"
ഞാൻ ചോദിച്ചു.
" ഉം... ഉണ്ട്.. അവൾ തലയാട്ടി ഓടിപോയി ജനലരികിൽ ഒതുക്കി വെച്ച ബാഗും എടുത്തോടി വന്നു.
ഞാൻ വിസ്മയത്തോടെ കണ്ടു !
പലതരം കടലാസുകളിൽ പലതരം സ്നേഹങ്ങൾ !
ടീച്ചർ പുസ്തകത്തിൽ മാർക്ക് കൊടുത്തതിനടിയിൽ അച്ഛന്റെ ഒരു സ്റ്റിക്കർ !
അമ്മയുടെ വേറൊരു " വെരി ഗുഡ് മോളൂ " എന്ന കമന്റ് !!
നമ്മൾ ആരെങ്കിലും മക്കളുടെ ബുക്കിൽ എഴുതാറുണ്ടോ ?
അങ്ങനെ എഴുതാൻ നിന്നാൽ " അമ്മ എഴുതണ്ട... ബുക്കിൽ എഴുതിയാൽ ടീച്ചർ അടിക്കും " എന്നും പറഞ്ഞു കുട്ടികൾ സമ്മതിക്കില്ലാന്നുള്ളത് വേറെ !
കുട്ടികളുടെ ബുക്കിൽ കമെന്റ് എഴുതാൻ മാതാപിതാക്കൾക്ക് അവകാശമില്ലേ ശരിക്കും ?
ഈ കുട്ടിയുടെ അച്ഛനും ജോലിയുണ്ടായിരുക്കുമല്ലോ !
അതിൽ നിന്നും വളരെ ചെറിയ സമയം മാറ്റിവെച്ചു തന്റെ മോൾക്കൊരു ചിത്രം വരച്ചു കൊടുക്കാനും അതിലൂടെ ഭക്ഷണം മുഴുവനും കളയാതെ കഴിക്കാനും കുട്ടിയെ ഓർമ്മിപ്പിക്കാൻ അയാൾ എടുത്ത കരുതൽ എത്ര വലുതാണ് !!
അതിൽ ടീച്ചർക്കുള്ള ചെറിയ കുറിപ്പുകളും ഞാൻ കണ്ടു.
സാധാരണ നമ്മളിതൊക്കെ കുട്ടിയുടെ ഡയറിയിൽ ആണ് എഴുതാറ്.
ഒരു കുറിപ്പ് കണ്ടെനിക്ക് ചിരി വന്നു.
" മോൾക്ക് ചെവി വേദനയുണ്ട്.. പഠിച്ചില്ലെങ്കിൽ അവളെ ചെവിക്കു പിടിക്കുമ്പോൾ ശ്രദ്ധിക്കുമല്ലോ.... "
" മോളിതെല്ലാം ടീച്ചർക്ക് കൊടുക്കാറുണ്ടോ.. ?"ഞാൻ ചോദിച്ചു.
( ഞാൻ അവിടെ ആ പീരീഡ് substitute ആയി പോയതാണ് )
"ഉം.. കൊടുക്കും... "
" അപ്പൊ ടീച്ചർ എന്താ പറയാറ്... ?"
"ടീച്ചർ ചിരിക്കും... ടീച്ചറും തരും പേപ്പറ്... "
"ആഹാ.... എവിടെ... ? കാണട്ടെ... ?"
എന്റെ മനസ്സിലപ്പോൾ ഞാനടക്കമുള്ള അദ്ധ്യാപകരുടെ " I am the Boss " എന്ന തലക്കനമാണ് പെട്ടെന്ന് ഓർമയിൽ തെളിഞ്ഞത്.
പണ്ട് ഹിന്ദിടീച്ചർ എന്റെ കൈവെള്ള അടിച്ചു പൊട്ടിച്ചപ്പോൾ എന്നെയും കൊണ്ട് എന്റെ ഉമ്മൂമ്മ ടീച്ചറുടെ വീട്ടിലേക്കു പോയി !
" നിങ്ങൾക്ക് അടിച്ചു പൊട്ടിക്കാനല്ല ഞാനെന്റെ മോളെ വളർത്തുന്നത്...ഇങ്ങനെ അടിച്ചു പൊട്ടിക്കണേൽ സ്വന്തായി ഒന്നിനെ പെറ്റു അടിച്ചു പൊട്ടിക്ക്.... "
ഉമ്മൂമ്മ പൊട്ടിത്തെറിച്ചു.
ആ ടീച്ചർക്ക് രണ്ടു ആൺകുട്ടികളാണ്.. സംസാരിച്ചാലോ തിരിഞ്ഞാലോ എന്തിന് ചിരിച്ചാലോ പോലും ശക്തിയായി അവരടിക്കുമായിരുന്നു !
അന്ന് മുതൽ ആരെയും അവർ ക്ലാസ്സിൽ അടിച്ചില്ല !!
ഈയിടെ എന്റെ അനിയത്തി ഒരു ദിവസം രാവിലെ എന്നെയും വിളിച്ചു അവളുടെ കുട്ടിയുടെ സ്കൂളിൽ പോയി.
" നമുക്കു ദിയമോളുടെ ടീച്ചറെ ഒന്ന് കാണണം" എന്നും പറഞ്ഞാണ് പോയത്.
അവിടെ ചെന്ന് യാതൊരു മുഖവുരയുമില്ലാതെ അവൾ പറഞ്ഞു.
" മിസ്സ്... എന്റെ മോള് ഒന്നാം ക്ലാസ്സിലാണ്.. അവൾക്കു ഇഷ്ടമുള്ളപോലെ അവള് പഠിക്കട്ടെ... അവളെ അടിച്ചു പേടിപ്പിക്കേണ്ട....
പറയുന്നതോണ്ട് വിഷമം ഒന്നും തോന്നരുത് കേട്ടോ... മിസ്സ് വേദനിപ്പിച്ചതല്ല എന്നെനിക്കറിയാം... പക്ഷെ അവളെ ഞാൻ ഇപ്പൊ തന്നെ ഐഎഎസ് എടുപ്പിക്കുന്നില്ല.... "
ടീച്ചറുടെ മുഖം വിളറിയിരുന്നു.
"ചിലപ്പോ ഇത് പറഞ്ഞതോണ്ട് അവളെയിനി ശ്രദ്ധിക്കില്ലായിരിക്കും. സാരമില്ല."
തിരിച്ചു വരുമ്പോൾ അവൾ പറഞ്ഞു.
അതുപോലെ പലയിടങ്ങളിൽ പലതരം അദ്ധ്യാപകരെ കണ്ടു.
റഫറൻസിനു പോലും പുസ്തകത്തിന്റെ പേരു പറഞ്ഞു തരാത്തവർ ഉണ്ടായിരുന്നു higher studies നു പോയപ്പോഴും.
ഒരു ടീച്ചർക്ക് വേണ്ടത് തന്റെ കുട്ടിയുമായി ഇഴുകി ചേരാനും അവരിലേക്കിറങ്ങാനുമുള്ള കഴിവാണ്. പലരും വളർച്ചയുടെ പടവുകളിൽ അറിഞ്ഞോ അറിയാതെയോ കുട്ടികളെ തളർത്തുകയാണ് ചെയ്യുന്നത്.
ഒരക്ഷരം പോലും വിശദീകരിക്കാതെ എല്ലാം സ്വയം കണ്ടെത്തിപിടിച്ചു പഠിക്കാൻ കണ്ണുകൊണ്ടു ഉഗ്രശാസനംനൽകിയ ഒരദ്ധ്യാപികയുണ്ടായിരുന്നു MSc ചെയ്യുമ്പോൾ !
എന്ത് ചെയ്താലും അവർക്കു തൃപ്തിയാവില്ല.. എന്നാൽ എങ്ങനെ ചെയ്യണമെന്ന് പറയുകയും ഇല്ല.
" ഇവരിവരുടെ മക്കളോടും ഇങ്ങനെത്തന്നെയാണോ ചെയ്യുന്നേ റുബീ... " എന്നെന്റെ ഫ്രണ്ട് നന്ദിത എപ്പോഴും ചോദിക്കുമായിരുന്നു.
ഇവരെയെല്ലാം കണ്ടപ്പോൾ " ഇതുപോലൊരു ടീച്ചർ ആവരുത്.. ടീച്ചർ എന്നാലെന്തെന്നു നമുക്കു കാണിക്കണം.. അതിനു നമുക്കു ടീച്ചറായാലോ " എന്ന് "ഞാനും പിന്നെ ഞങ്ങളും " പണ്ട് എടുത്ത തീരുമാനത്തിൽ പലരും ലോകത്തിന്റെ പല ഭാഗങ്ങളിൽ ജോലിയെടുക്കുന്നു.
ആ കുഞ്ഞു സുന്ദരി എന്റരികിലേക്കു ഓടി വന്നു ഒരുതുണ്ടു വർണ്ണക്കടലാസു തന്നു.
"ദാ... ടീച്ചറുടെ......"
ഞാനതു നിവർത്തി.
" ഇന്ന് കൊടുത്തു വിട്ട ഉപ്പേരിയിൽ കുരുമുളകുപൊടി കൂടുതലായിരുന്നു.. ചുമച്ചു കണ്ണിൽ വെള്ളം നിറഞ്ഞു... മോളുടെയല്ല... എന്റെ കണ്ണിൽ.... ശ്രദ്ധിക്കുമല്ലോ...... "
എന്ന്
സ്വന്തം ടീച്ചർ