ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉപയോഗിച്ചിരുന്ന പതാകയിൽ വിവിധ പരിണാമങ്ങൾ വരുത്തിയതിനു ശേഷം സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കപ്പെട്ടു തുടങ്ങിയതാണ് ത്രിവർണ്ണപതാക എന്നറിയപ്പെടുന്ന ഇന്ത്യയുടെ ദേശീയ പതാക. (Indian National Flag) 1947 ജൂലൈ 22-ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തിൽ അംഗീകരിച്ചത്. സ്വയംഭരണ ഇന്ത്യയുടെ ദേശീയപതാകയായി 1947 ഓഗസ്റ്റ് 15 മുതൽ 1950 ജനുവരി 26 വരേയും, അതിനുശേഷം സ്വതന്ത്ര ഇന്ത്യയുടേയും ദേശീയ പതാകയായി ഇത് മാറി. ഇന്ത്യയിൽ ഇത് ത്രിവർണ്ണ പതാക എന്ന പേരിൽ അറിയപ്പെടുന്നു.ഈ പതാകയിൽ തിരശ്ചീനമായി മുകളിൽ കേസരി (കുങ്കുമ നിറം), നടുക്ക് വെള്ളയും, താഴെ പച്ചയും നിറങ്ങളാണ് ഉള്ളത്. മദ്ധ്യത്തിലായി നാവികനീല നിറമുള്ള 24 ആരങ്ങൾ ഉള്ള അശോക ചക്രവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോകചക്രത്തിന്റെ വ്യാസം. പതാകയുടെ വീതിയുടേയും നീളത്തിന്റേയും അനുപാതം 2:3 ആണ്. ഈ പതാക ഇന്ത്യൻ കരസേനയുടെ യുദ്ധപതാകയും കൂടിയാണ്. ഇന്ത്യൻ കരസേനയുടെ ദിവസേനയുള്ള സേനാവിന്യാസത്തിനും ഈ പതാക ഉപയോഗിക്കുന്നു.
ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് പിംഗലി വെങ്കയ്യ ആണ് . ഖാദി കൊണ്ട് മാത്രമേ നിർമ്മിക്കാവൂ എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങൾ അനുശാസിക്കുന്നു. പതാകയുടെ പ്രദർശനവും ഉപയോഗവും ഇന്ത്യൻ പതാക നിയമം ഉപയോഗിച്ച് കർശനമായി നടപ്പാക്കപ്പെടുന്നു. - പതാകയിലെ വിവിധ പ്രതിരൂപങ്ങളെ താഴെ കൊടുത്തിരിക്കുന്ന തരത്തിലാണ് നിർവചിച്ചിരിക്കുന്നത്
കാവി നിറം ത്യാഗത്തെയും നിഷ്‌പക്ഷതയേയും സൂചിപ്പിക്കുന്നു. നമ്മുടെ ജന നേതാക്കൾ ഐഹിക സമ്പത്ത് നേടുന്നതിൽ താല്‌പര്യം ഇല്ലാത്തവരാണെന്നും അവർ ചെയ്യുന്ന ജോലിയിൽ പൂർണ്ണമായും മുഴുകിയിരിക്കുന്നവരുമാണെന്നും ഇത് സൂചിപ്പിക്കുന്നു. നടുക്കുള്ള വെള്ള നിറം നമ്മുടെ പ്രവൃത്തിയെ സത്യത്തിന്റെ പാതയിലൂടെ നയിക്കുന്ന വെളിച്ചത്തെ സൂചിപ്പിക്കുന്നു. പച്ച നിറം നമ്മുടെ ജീവിതം നിലനിർത്തുന്ന പ്രകൃതിയുമായും ഭൂമിയിലെ സസ്യലതാദികളുമായുള്ള ബന്ധത്തേയും സൂചിപ്പിക്കുന്നു. നടുക്കുള്ള അശോകചക്രം ധർമ്മത്തിന്റെ ചക്രമാണ്. സത്യം, ധർമ്മം ഇവ ആയിരിക്കും ഈ പതാകയെ അംഗീകരിക്കുന്ന എല്ലാവരുടേയും മാർഗ്ഗദർശി. ചക്രം ചലനത്തേയും സൂചിപ്പിക്കുന്നു. സ്തംഭനാവസ്ഥയിൽ മരണം ഉള്ളപ്പോൾ ചലനത്തിൽ ജീവൻ ആണ് ഉള്ളത്. ഇന്ത്യ മാറ്റങ്ങളെ തടഞ്ഞു നിർത്താതെ മുൻപോട്ട് പോകണം. ചക്രം ഇങ്ങനെ സമാധാനപരമായ മാറ്റത്തെ ആണ് സൂചിപ്പിക്കുന്നത്. ” കാവി പരിശുദ്ധിയേയും ആത്മീയതയേയും, വെള്ള സമാധാനത്തേയും സത്യത്തേയും, പച്ച സമൃദ്ധിയേയും ഫലഭൂവിഷ്ടിതയേയും, ചക്രം നീതിയേയും ആണ് സൂചിപ്പിക്കുന്നത് എന്ന് അനൗദ്യോഗികമായ മറ്റൊരു വ്യാഖ്യാനവും ഉണ്ട്. .