കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് തൊട്ടാവാടി ഒരു അധിനിവേശസസ്യം കൂടിയാണ്. ബ്രസീൽ ആണ് ജന്മദേശമെങ്കിലും ഇന്നു ഭൂമധ്യരേഖാപ്രദേശങ്ങളിൽ ധാരാളമായി കാണപ്പെടുന്നു. ഇല തണ്ടിനോട് ചേരുന്ന ഭാഗത്ത് സൂക്ഷിച്ചു നോക്കിയാൽ മുഴച്ചിരിക്കുന്നത് കാണാം. തൊട്ടാവാടിയുടെ ഇലകൾ സ്പർശനത്തിനു നേരെ പ്രതികരിക്കും. ഏത് വസ്തു തൊട്ടാലും ഇലകൾ ചുരുളും. ഈ ചുരുളൽ ഏതാനം സെക്കന്റുകൾ കൊണ്ട് പൂർണ്ണമാകും. പിന്നീട് അര മണിക്കൂറോളം കഴിഞ്ഞേ ഇലകൾ വിടർന്ന് പൂർണ്ണാവസ്ഥയിലാകൂ. ഒരു മീറ്ററോളം നീളത്തിൽ പടർന്ന് കിടക്കുന്ന രീതിയിലാണ് തൊട്ടാവാടി കാണപ്പെടുന്നത്. ചതുപ്പ്, മൈതാനം, റോഡുകൾ എന്നിവിടങ്ങളിൽ തൊട്ടാവാടി കണ്ടുവരുന്നു.