കൊച്ചുകുട്ടികൾ കുറേക്കാലമായി അടച്ചിരിക്കലിന്റെ ലോകത്താണ്. കൂട്ടുകൂടിയുള്ള കളികളില്ല, ബന്ധുക്കളെ സന്ദർശിക്കലില്ല, വിനോദയാത്രകളില്ല, വെക്കേഷൻ ക്ലാസ്സുകളില്ല... ആകെ വീട്ടിലിരുന്നുള്ള മടുപ്പ്. ഇനിയും ഒരു പക്ഷേ, കുറച്ചുകാലത്തേക്കു കൂടിയെങ്കിലും കുട്ടികൾ ഓൺലൈൻ ക്ലാസ്സുകളു ടെ തന്നെ ലോകത്തായിരിക്കും. ഈ അടച്ചിരുപ്പു കാലം ഭാവിയിലേക്ക് പ്രയോജനപ്പെടും വിധം നമുക്ക് ഒരുക്കിയെടുത്താലോ? അതിനായി ചില കാര്യങ്ങളിതാ.
# ആരോഗ്യമാണ് നല്ല മനസ്സിന്റെയും ബുദ്ധിയു ടെയും ഉറവിടം. അതിനായി നല്ല ഭക്ഷണക്രമവും കായിക വ്യായാമങ്ങളും ഈ കാലത്ത് ശീലിപ്പിക്കാം.
# സ്കൂളിൽ പോകുമ്പോൾ പലപ്പോഴും ഭക്ഷണ കാര്യത്തിൽ "അതുവേണ്ട, ഇതുവേണ്ട' എന്ന വേർതിരിക്കലുകൾ കുട്ടികൾ നടത്താറുണ്ട്. കാലത്ത് ആ ശീലം മാറ്റിയെടുക്കാം. അതിനായി ഭക്ഷണത്തിൽ ഇലക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുകയും കുട്ടികളെ കഴിപ്പിക്കുകയും ചെയ്യാം.
# കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശീലിപ്പി ക്കാം. ഇത് ഭാവിയിൽ കുട്ടികൾക്ക് പ്രയോജനപ്പെടുമെന്നു മാത്രമല്ല നല്ല ആരോഗ്യശീലവുമാണത്.
# ശാന്തമായ മനസ്സും ആരോഗ്യത്തിലേക്കുള്ള വഴിയാണ്. നല്ല പാട്ടുകളും കഥകളും പറഞ്ഞു കൊടുത്ത് കുട്ടികളുടെ മനസ്സ് ശാന്തമാക്കാം. ഈ
കാലത്തെ പേടിപ്പെടുത്തുന്ന വാർത്തകളും കണക്കുകളും അമിതമായി അവർക്കു മുന്നിൽ നിരത്തേണ്ടതില്ല എന്നു സാരം.
# കൂട്ടുകാരെയും ബന്ധുക്കളെയും ആഴ്ചയിലൊരിക്കലെങ്കിലും ഫോണിൽ വിളിച്ച് കുട്ടികളുമായി സംസാരിപ്പിക്കാം. ഇത് എല്ലാവരും തനിക്കു ചുറ്റുമുണ്ട് എന്നൊരു സുരക്ഷിതത്വബോധം കുട്ടിയിൽ വളർത്തും.
# മുഴുവൻ സമയവും ടിവിയുടെയും കമ്പ്യൂട്ടറിന്റെയും മൊബൈൽ ഫോണിന്റെയും മുന്നിൽ കുത്തിയിരിക്കാതെ പുസ്തകവായനയ്ക്കും അവസരം ഒരുക്കാം. വായിച്ചു മുഷിയുമ്പോൾ അവർക്ക് മുറ്റത്തോ പറമ്പിലോ ഓടിക്കളിക്കാനുള്ള അവസരമൊരുക്കിക്കൊടുക്കാം. ഫ്ലാറ്റിലാണ് താമസമെങ്കിൽ ഓടിക്കളിക്കാൻ സുരക്ഷിതമായ ഒരിടം കണ്ടെത്തി കൊടുക്കണം.
# പ്രകൃതിയെ അറിയാനുള്ള സമയമായും ഈ കാലം വിനിയോഗിക്കാം. വീടിനു സമീപത്ത് പറന്നു നടക്കുന്ന പക്ഷികളുടെ പേര് പറഞ്ഞുകൊടുക്കാം. പൂന്തോട്ടത്തിലെ പൂക്കളെയും പറമ്പിലെ മരങ്ങളെയും പരിചയപ്പെടുത്താം.
# പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക, ജലവും
വൈദ്യുതിയും പാഴാക്കാതിരിക്കുക തുടങ്ങി സമൂഹത്തിനു ഗുണം ചെയ്യുന്ന ശീലങ്ങളും പരിചയപ്പെടുത്തണം.