ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

First Bell Class 2 Teacher's Note 28 February 2022

Mashhari
0
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും.ഇതുവരെ പോസ്റ്റ് ചെയ്ത ടീച്ചേർസ് നോട്ട് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
TEACHER'S NOTE
STD 2. Malayalam - 67.
അറിഞ്ഞു കഴിക്കാം
പോഷകാഹാര വിദഗ്ദ്ധ ശ്രീമതി ഹേമിഷയാണ് ഇന്ന് നമ്മുടെ ക്ലാസ്സിൽ അതിഥിയായി എത്തിയത്. ആഹാരത്തേയും ആരോഗ്യത്തെക്കുറിച്ചും അവർ നമുക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. സന്ധ്യ ടീച്ചർ നമുക്കു വേണ്ടി പല കാര്യങ്ങളും അവരോട് ചോദിച്ചറിഞ്ഞു. ചില കുട്ടികൾക്കും സംശയങ്ങൾ ചോദിക്കാൻ അവസരം കിട്ടി.

ആഹാരവും ആരോഗ്യവും (നൂട്രീഷ്യനിസ്റ്റുമായി അഭിമുഖം)
ഇന്നത്തെ അഭിമുഖം കണ്ടതിൽ നിന്നും നമ്മൾ മനസ്സിലാക്കിയ പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
- ഓരോരുത്തർക്കും ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ ആഹാര സാധനങ്ങൾ ഉണ്ട്. ഇഷ്ടമുള്ളത് മാത്രം കഴിച്ചാൽ അവയിൽ നിന്നും ശരീരത്തിനാവശ്യമായ പോഷകങ്ങളും ധാതുക്കളും കിട്ടില്ല. ആരോഗ്യം കുറയും.
- ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, പയർ വർഗങ്ങൾ, പച്ചക്കറികളും പഴങ്ങളും, പാലും പാലുൽപ്പന്നങ്ങളും, വെള്ളം എന്നിവ നിർബന്ധമായും ആഹാരത്തിൽ ഉൾപ്പെടുത്തണം.
- സസ്യാഹാരം മാത്രം കഴിക്കുന്നവർ ആവശ്യത്തിനു പ്രോട്ടീൻ ലഭിക്കുന്നതിനായി മത്സ്യം, മാംസം, മുട്ട എന്നിവയ്ക്കു പകരമായി പയർ, പരിപ്പ്, കടല, സോയാബീൻ, പനീർ തുടങ്ങിയവ കൂടുതലായി ആഹാരത്തിൽ ഉൾപ്പെടുത്തണം.
- പാൽ ഒരു സമ്പൂർണ ആഹാരമാണ്. വളർച്ചയ്ക്കും ബുദ്ധി വികാസത്തിനും പല്ല്, എല്ല് തുടങ്ങിയവയുടെ വളർച്ചയ്ക്കു വേണ്ട കാത്സ്യം ലഭിക്കുന്നതിനും പാലും പാലുൽപ്പന്നങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തണം.
- നാരുകൾ അടങ്ങിയ ആഹാരം മലബന്ധം തടയും. തവിടുള്ള ധാന്യങ്ങളിലും ഇലക്കറികളിലും ധാരാളം നാര് അടങ്ങിയിട്ടുണ്ട്.
- ദിവസവും രണ്ട് മുതൽ രണ്ടര ലിറ്റർ വരെ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. (12 ഗ്ലാസ്സ് എങ്കിലും)

നല്ല ആരോഗ്യ ശീലങ്ങൾ
- കാലത്തെഴുന്നേറ്റ ഉടൻ മുഖം കഴുകുക, പല്ലു തേക്കുക, ടോയ്ലറ്റിൽ പോകുക.
- ടോയ്ലറ്റിൽ പോയതിനു ശേഷം കൈകൾ സോപ്പിട്ടു കഴുകുക.
- 9 മണിക്കു മുമ്പായി പ്രഭാത ഭക്ഷണം കഴിക്കുക. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കണം.
- T V കണ്ടുകൊണ്ട് ഭക്ഷണം കഴിക്കരുത്.
- കുട്ടികൾ 1 മണിക്കൂറിലധികം വിനോദത്തിനായി TV കാണരുത്.
- ദിവസവും 2 മുതൽ 3 മണിക്കൂർ വരെ വ്യായാമം ലഭിക്കുന്ന കളികളിൽ ഏർപ്പെടണം.
- രാത്രി ഉറങ്ങുന്നതിനു മുമ്പും കൃത്യമായി പല്ല് തേക്കണം.
- 10 മണിക്ക് മുമ്പ് ഉറങ്ങാൻ കിടക്കണം. 8 മണിക്കൂറെങ്കിലും ഉറങ്ങണം.

സംശയങ്ങൾക്ക് മറുപടി
1. ആഹാരം കഴിക്കുമ്പോൾ വെള്ളം കുടിക്കരുതെന്നു പറയുന്നത് എന്തുകൊണ്ട്?
ആഹാരത്തോടൊപ്പം അൽപ്പം വെള്ളം കുടിക്കുന്നതു കൊണ്ട് കുഴപ്പമില്ല. ഇത് ദഹനത്തെ സഹായിക്കും. എന്നാൽ ആഹാരത്തിനു തൊട്ടു മുമ്പോ, കഴിച്ച ഉടനെയോ വെള്ളം കുടിച്ചാൽ ഇത് ദഹനരസങ്ങളോടൊപ്പം കലർന്ന് ദഹന പ്രകീയ വൈകിപ്പിക്കാനോ തകരാറിലാക്കാനോ കാരണമായേക്കാം.

2. രാത്രി ഭക്ഷണം 8 മണിക്കു മുമ്പ് കഴിക്കണമെന്നു പറയുന്നതിന് കാരണമെന്താണ്?
ദഹനം പൂർണമായാലേ ഉറങ്ങാൻ സാധിക്കുകയുള്ളൂ. 8 മണിക്ക് ആഹാരം കഴിച്ചാലേ 10 മണി ആവുമ്പോഴേക്കും ദഹന പ്രക്രീയ പൂർണമാവൂ. എളുപ്പം ദഹിക്കുന്ന ആഹാരം മിതമായ അളവിൽ മാത്രമേ രാത്രി കഴിക്കാവൂ. എണ്ണ അടങ്ങിയ ഭക്ഷണം രാത്രി ഒഴിവാക്കുന്നതാണ് നല്ലത്.

3. ജങ്ക്ഫുഡ് കഴിക്കരുതെന്ന് പറയുന്നതെന്തുകൊണ്ട്?
പോഷക മൂല്യം വളരെ കുറഞ്ഞതും മധുരം / ഉപ്പ് / എണ്ണ അമിതമായി അടങ്ങിയതും ആയിരിക്കും ജങ്ക്ഫുഡ്. ഇത്തരം ആഹാരം തുടർച്ചയായി കഴിച്ചാൽ ഓർമശക്തിയും ബുദ്ധി വികാസവും കുറയുകയും തലച്ചോറിൻ്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഭാവിയിൽ പൊണ്ണത്തടി, പ്രമേഹം, രക്ത സമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ ഉണ്ടാവാനും ഇത് കാരണമാവും. ഇത്തരം ഭക്ഷണം ഒഴിവാക്കി പകരം ആവിയിൽ വേവിച്ച ഇലയട, കൊഴുക്കട്ട, വട്ടയപ്പം തുടങ്ങിയ ലഘുഭക്ഷണം കഴിക്കാം.

വായിക്കാം
പാഠപുസ്തകത്തിലെ 109, 110 പേജുകൾ വായിച്ച് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കൂ.

കുറിപ്പെഴുതാം
ആഹാരത്തെക്കുറിച്ചും ആരോഗ്യത്തെ കുറിച്ചും ഇന്ന് മനസ്സിലാക്കിയ കാര്യങ്ങൾ ചേർത്ത് ഒരു കുറിപ്പ് തയ്യാറാക്കൂ.

ഡയറി എഴുതൂ
ഇന്നത്തെ ഡയറി നോട്ട് ബുക്കിൽ എഴുതിയാലോ? നിങ്ങളുടെ ആഹാര ശീലത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതും എഴുതണേ.

Your Class Teacher

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !