ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
STD 2. Malayalam
അറിഞ്ഞു കഴിക്കാം
രണ്ടു ചിത്രങ്ങളിൽ കാണുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് എഴുതിക്കൊണ്ടു വരാൻ കഴിഞ്ഞ ക്ലാസ്സിൽ സന്ധ്യ ടീച്ചർ പറഞ്ഞിരുന്നു. ആ രണ്ട് ചിത്രങ്ങളിലെയും തുടർന്നുള്ള രണ്ട് ചിത്രങ്ങളിലേയും കാര്യങ്ങൾ ഇന്ന് നമ്മൾ വിശദമായി പഠിച്ചു.
ചിത്രം 1
ഭക്ഷണ മുറിയിലേക്ക് ജോബിയുടെയും ജാൻസിയുടെയും അമ്മ ഒരു പാത്രത്തിൽ ആഹാരവുമായി വരുന്നു. മേശപ്പുറത്ത് ആഹാര സാധനങ്ങൾ നിരത്തി വെച്ചിരിക്കുന്നു. ജഗ്ഗും ഗ്ലാസ്സുകളും പഴങ്ങളും കറികളും മേശപ്പുറത്തുണ്ട്. മുറിയുടെ മൂലയിൽ വാഷ് ബേസിനും ടാപ്പും ഉണ്ട്.
അമ്മ കുട്ടികളെ ആഹാരം കഴിക്കാൻ വിളിക്കുകയാണ്.
ചിത്രം 2
ചിത്രത്തിൽ ജോബിയേയും ജാൻസിയേയും അവരുടെ അച്ഛനേയും അമ്മയേയും അപ്പൂപ്പനേയും അമ്മൂമ്മയേയും കാണാം. അമ്മയൊഴികെ എല്ലാവരും ഇരുന്ന് ആഹാരം കഴിക്കുകയാണ്. ഏതോ ആഹാര സാധനം കൊണ്ടുവരുന്ന അമ്മയെ സമീപത്തു കാണാം. മേശപ്പുറത്ത് പുട്ട്, ചെറുപയർ കറി, പഴങ്ങൾ, ജഗ്ഗ്, ഗ്ലാസ്സുകൾ എന്നിവയും കാണാം.
'ഇന്ന് പുട്ടും പയറുമാണല്ലോ' എന്ന് ജോബി പറയുമ്പോൾ, 'എനിക്ക് പഴം മാത്രം മതി' എന്ന് ജാൻസി പറയുന്നു.
ചിത്രം 3
അച്ഛനെയും അമ്മൂമ്മയേയും ചിത്രത്തിൽ കാണാം.
അച്ഛൻ : രാവിലെ നന്നായി ആഹാരം കഴിക്കണം. ദിവസം മുഴുവനും കളിക്കാനും പഠിക്കാനും വേണ്ട ശക്തി പ്രഭാത ഭക്ഷണത്തിൽ നിന്നല്ലേ കിട്ടുന്നത്...
അമ്മൂമ്മ: എന്തു കഴിക്കുമ്പോഴും നന്നായി ചവച്ചരച്ച് കഴിക്കണം.
ചിത്രം 4
ക്ലാസ്സ് മുറിയാണ് ചിത്രത്തിൽ കാണുന്നത്. ആഹാരത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ക്ലാസ്സെടുക്കാൻ ഇന്ന് ഒരു ഡോക്ടർ സ്ക്കൂളിൽ വരുന്നുണ്ടെന്നാണ് ടീച്ചർ പറയുന്നത്. അപ്പോൾ ഒരു പെൺകുട്ടി ചോദിക്കുന്നു: ''സംശയങ്ങൾ ഡോക്ടറോടു ചോദിക്കാം, അല്ലേ ടീച്ചർ?''
സംശയം എഴുതാം
നമ്മുടെ ക്ലാസ്സിലും അടുത്ത ദിവസം ഒരു ഡോക്ടർ അതിഥിയായി വരുന്നുണ്ട്. ആഹാരത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമുള്ള നിങ്ങളുടെ സംശയങ്ങൾ അദ്ദേഹത്തോടു ചോദിക്കാനായി എഴുതി വെക്കണേ. കുറഞ്ഞത് ഒരു സംശയമെങ്കിലും ഒരാൾ എഴുതിയിരിക്കണം.
രുചി പട്ടിക തയ്യാറാക്കാം
നമുക്കറിയാവുന്ന ആഹാര സാധനങ്ങളുടെ പേരും അവയുടെ രുചിയും പട്ടികയായി എഴുതി നോക്കിയാലോ?
പച്ചമുളക് എരിവ്
പാവയ്ക്ക കയ്പ്
മാമ്പഴം മധുരം
വാളൻപുളി പുളി
ശർക്കര
കുരുമുളക്
ആപ്പിൾ
ഇഞ്ചി
ഓറഞ്ച്
തക്കാളി
പൈനാപ്പിൾ
മുന്തിരി
കൂടുതൽ ആഹാരസാധനങ്ങളുടെ പേരു ചേർത്ത് നിങ്ങൾ പട്ടിക വിപുലപ്പെടുത്തി അയച്ചു തരണം. വൃത്തിയായി കോളം വരച്ച് എഴുതണം.
Your Class Teacher