ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
15/03/2021
TEACHER'S NOTE
STD 2. Malayalam
ഞാനാണ് താരം
ജലസ്രോതസ്സുകളെക്കുറിച്ച് നിരീക്ഷണ കുറിപ്പ് എഴുതുവാൻ കഴിഞ്ഞ ക്ലാസ്സിൽ പറഞ്ഞിരുന്നു. ചില കുട്ടികൾ എഴുതിയ കുറിപ്പുകളാണ് നമ്മൾ ആദ്യം പരിശോധിച്ചത്.
തോടിനെക്കുറിച്ചുള്ള ആദ്യത്തെ കുറിപ്പിൽ മൂന്നു വാക്യങ്ങളിലായി കാര്യങ്ങളൊക്കെ ഏതാണ്ട് പറഞ്ഞിട്ടുണ്ട്. എന്നാൽ പൂർണവിരാമം (കുത്ത്), അങ്കുശം (കോമ) തുടങ്ങിയ ചിഹ്നങ്ങൾ ചേർത്തിട്ടില്ല.
ഒരു വാക്യത്തിൽ രണ്ടോ അതിലധികമോ കാര്യങ്ങൾ സൂചിപ്പിക്കുന്നുവെങ്കിൽ അവയ്ക്കിടയിൽ 'അങ്കുശം' ഇടണം. ഓരോ വാക്യവും പൂർത്തിയാവുമ്പോൾ പൂർണവിരാമവും ഇടണം.
രണ്ടാമത് പരിശോധിച്ച കിണറിനെക്കുറിച്ചുള്ള വിവരണത്തിൽ കിണറിൻ്റെ ഉപയോഗങ്ങളെക്കുറിച്ച് പറയുന്നില്ല.
പുഴയെക്കുറിച്ചുള്ള വിവരണമാണ് മൂന്നാമത് പരിശോധിച്ചത്. അതിൽ പുഴ നമുക്ക് എങ്ങനെ പ്രയോജനപ്പെടുന്നുവെന്നോ, പുഴയിലെ ജലസസ്യങ്ങളെക്കുറിച്ചോ പരാമർശിക്കുന്നില്ല.
അതിനാൽ നമുക്ക് ഒരു മാതൃകാ വിവരണം എഴുതി നോക്കാം.
പുഴ
നമ്മുടെ നാട്ടിൽ ചെറുതും വലുതുമായ ധാരാളം പുഴകളുണ്ട്. പുഴയിലെ വെള്ളം ഒഴുകി പോകുന്നു. പുഴയിലെ വെള്ളം കൃഷിക്കും, തുണി അലക്കുന്നതിനും, കന്നുകാലികളെ കുളിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. ചെറുതും വലുതുമായ ധാരാളം മീനുകളും, ഞണ്ടുകളും പുഴയിൽ ഉണ്ട്. ആമ്പൽ, താമര, വിവിധ തരം പായലുകൾ തുടങ്ങിയ ജല സസ്യങ്ങൾ പുഴയിലുണ്ട്.
പുഴയിൽ കാണപ്പെടുന്ന മാലിന്യങ്ങളെക്കുറിച്ചൊന്നും ഈ കുറിപ്പിൽ പറഞ്ഞിട്ടില്ല. പുഴ മലിനമാകുന്ന സാഹചര്യങ്ങൾ ഏതൊക്കെയാണെന്ന് നിങ്ങൾ കണ്ടെത്തണം. അവയേക്കുറിച്ചും, ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ എന്തൊക്കെ ചെയ്യാം എന്നതിനെക്കുറിച്ചും അടുത്ത ക്ലാസ്സിൽ നമുക്ക് ചർച്ച ചെയ്യാം.
Your Class Teacher