ഈ അധ്യയന വർഷത്തിൽ നേരിടേണ്ടി വന്ന അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് , LSS / USSപരീക്ഷകൾക്ക് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന വിജ്ഞാപനം പുറപ്പെടുവിച്ചു. അതനുസരിച്ച് LSS പരീക്ഷക്ക് 50 സ്കോർ ഉൾക്കൊള്ളുന്ന ഒരു പേപ്പർ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
പരീക്ഷാ തിയ്യതി : 07.04.2021 ബുധൻ
സമയം : രാവിലെ 10.00 മുതൽ 12.20 വരെ ( 20 മിനിറ്റ് സമാശ്വാസ സമയം)
പരീക്ഷയുടെ സിലബസും സ്വഭാവവും
എൽ.എസ്.എസ് പരീക്ഷയ്ക്ക് നാലാം ക്ലാസ് പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ
2020 ഒക്ടോബർ 31 വരെ പഠിപ്പിക്കേണ്ടവ മാത്രമാക്കി നിജപ്പെടുത്തിയിട്ടുണ്ട്.
വിശദമായ ഉത്തരം എഴുതേണ്ട ചോദ്യങ്ങളും ഒറ്റ വാക്കിലോ വാക്യത്തിലോ ഉത്തരം എഴുതേണ്ട ചോദ്യങ്ങളും ഉണ്ടായിരിക്കും.
വിശദമായി ഉത്തരമെഴുതേണ്ട ചോദ്യങ്ങൾക്ക് 5 സ്കോറും വസ്തുനിഷ്ഠചോദ്യങ്ങൾക്ക് 1 സ്കോറും ആയിരിക്കും ലഭിക്കുക.
പരീക്ഷയുടെ ഘടന
2020 - 21 അധ്യയന വർഷത്തെ എൽ.എസ്.എസ് പരീക്ഷയ്ക്ക് ആകെ 50 സ്കോർ ഉൾക്കൊള്ളുന്ന ഒരു പേപ്പറും അതിൽ 5 പാർട്ടുകളും ഉണ്ടായിരിക്കും. പരീക്ഷാ സമയം 2 മണിക്കൂറായിരിക്കും.
പേപ്പർ (1)
PART - A ഒന്നാം ഭാഷ (മലയാളം, കന്നഡ, തമിഴ്) - 10 സ്കോർ
PART - B ഇംഗ്ലീഷ് - 10 സ്കോർ
PART - C പരിസരപഠനം - 10 സ്കോർ
PART - D ഗണിതം - 10 സ്കോർ
PART - E പൊതുവിജ്ഞാനം - 10 സ്കോർ
ആകെ സ്കോർ 50
60 ശതമാനമോ അതിന് മുകളിലോ സ്കോർ ലഭിക്കുന്നവർ ( മുപ്പതോ അതിനു മുകളിലോ സ്കോർ നേടുന്നവർ) സ്കോളർഷിപ്പിന് അർഹത നേടുന്നതാണ്.
ഉപജില്ലയിൽ എസ്.സി., എസ്.ടി., ഒ.ഇ.സി വിഭാഗങ്ങളിൽപ്പെട്ട കുട്ടികളിൽ ആർക്കും തന്നെ നിശ്ചിത സ്കോർ ലഭിക്കുന്നില്ലെങ്കിൽ ഈ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ ഓരോ കുട്ടിയെ വീതം സ്കോളർഷിപ്പിന് പരിഗണിക്കണം (ഇവർ കുറഞ്ഞത് 50% സ്കോർ എങ്കിലും നേടിയിരിക്കണം.)
എൽ.എസ്.എസ്. പരീക്ഷ എഴുതുന്നതിനുള്ള യോഗ്യത.
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ (ഗവൺമെന്റ് /എയ്ഡഡ്/അംഗീകാരമുള്ള അൺ എയ്ഡഡ്) ഈ അധ്യയന വർഷം (2020-21) നാലാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ എൽ.എസ്.എസ് പരീക്ഷയെഴുതാൻ യോഗ്യരാണ്.
ഇക്കഴിഞ്ഞ അധ്യയന വർഷം (2019-20) 3-ാം ക്ലാസ്സിൽ പാദവാർഷിക പരീക്ഷയിലും അർദ്ധ-വാർഷിക പരീക്ഷയിലും നേടിയ ഗഡുകളുടെ ശരാശരി പരിഗണിച്ച് മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസര പഠനം എന്നീ വിഷയങ്ങൾക്ക് "എ' ഗ്രേഡ് (അതായത് 3-ാം ക്ലാസ്സിൽ നിന്ന് 4-ാം ക്ലാസ്സിലേക്ക് ക്ലാസ് കയറ്റം നേടാൻ പരിഗണിച്ച മാനദണ്ഡം )നേടിയിട്ടുള്ളവരുമായ വിദ്യാർത്ഥികൾ ഈ പരീക്ഷ എഴുതാൻ യോഗ്യരാണ്.
ഈ വർഷം പുതുതായി 4-ാം ക്ലാസ്സിൽ പ്രവേശനം നേടിയവർ, അവർ 3-ാം ക്ലാസ്സിൽ പാദ-അർദ്ധ വാർഷിക പരീക്ഷകളിൽ നേടിയ മാർക്ക്/ഗ്രേഡ് സംബന്ധമായ രേഖകൾ ഹാജരാക്കുകയും സ്ഥാപന മേധാവി അത് പരിശോധിച്ച് മുകളിൽ പറഞ്ഞ മാനദണ്ഡങ്ങൾക്ക് വിധേയമായി യോഗ്യത നിശ്ചയിക്കാവുന്നതാണ്.
മേൽ പറഞ്ഞ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മാത്രം 'ബി' ഗ്രേഡ് ആയ കുട്ടികൾ (1 മുതൽ 3 വരെയുള്ള ക്ലാസ്സുകളിൽ) ഉപജില്ലാതല കലാ-കായിക-പ്രവ്യത്തി പരിചയ മേളകളിൽ ഏതെങ്കിലും ഇനത്തിൽ "എ' ഗ്രേഡോ ഒന്നാം സ്ഥാനമോ നേടിയിട്ടുണ്ടെങ്കിൽ അവർക്കും പരീക്ഷ എഴുതാവുന്നതാണ്.
ഈ പരീക്ഷയ്ക്ക് കുട്ടികൾ ഫീസ് നൽകേണ്ടതില്ല. അർഹതയുള്ള കുട്ടികളുടെ പേരു വിവരങ്ങൾ പരീക്ഷാഭവൻ നിർദ്ദേശിക്കുന്ന തീയതിക്കകം സ്കൂൾ ഹെഡ്മാസ്റ്റർ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.