ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
അണ്ണാൻകുഞ്ഞും ആനമൂപ്പനും
അണ്ണാൻ കുഞ്ഞിൻ്റെയും ആന മൂപ്പൻ്റെയും ചിത്രം വരച്ചു കൊണ്ടാണ് ഇന്നത്തെ ക്ലാസ്സ് തുടങ്ങിയത്. ആവശ്യത്തിന് സമയം കിട്ടിയില്ല, അല്ലേ? സാരമില്ല, പിന്നീട് വേണ്ടത്ര സമയമെടുത്ത് വയ്ക്കാം.
നിർമാണം
ആനയുടെയും അണ്ണാൻ്റെയും രൂപം എങ്ങനെ ഉണ്ടാക്കാൻ കഴിയുമെന്നാണ് പിന്നെ നമ്മൾ ആലോചിച്ചത്.
കളിമണ്ണു കൊണ്ടും മൈദ മാവു കൊണ്ടും നമുക്ക് രൂപങ്ങൾ ഉണ്ടാക്കാൻ കഴിയും. രൂപങ്ങൾ ഉണ്ടാക്കാനായി പല നിറങ്ങളിലുള്ള ക്ലേ കടയിൽ വാങ്ങാനും കിട്ടും.
ക്ലേ കൊണ്ട് ആനയെ ഉണ്ടാക്കുന്ന ഒരു വീഡിയോയും നമ്മൾ കണ്ടു. കഴിയുന്നവർ ശ്രമിച്ചു നോക്കൂ. മുതിർന്നവരുടെ അനുവാദത്തോടു കൂടി വേണം ചെയ്യാൻ.
പേപ്പർ ഉപയോഗിച്ചും കളിമണ്ണോ / മൈദയോ ഉപയോഗിച്ചും ആനയെ ഉണ്ടാക്കാം അതിനായി താഴെയുള്ള ലിങ്ക് സന്ദർശിക്കൂ..
https://lpsahelper.blogspot.com/2021/02/make-elephant-with-paper-and-clay.html
ആരു പറഞ്ഞു?
കഥ നന്നായി വായിച്ചു മനസ്സിലാക്കിയ നിങ്ങൾക്ക് കഥയിലെ ചില സംഭാഷണങ്ങൾ തന്നാൽ അത് ആരു പറഞ്ഞതാണ് എന്ന് പറയാൻ ബുദ്ധിമുട്ടുണ്ടാവില്ല.
1. ഛിൽ ഛിൽ ഛിൽ
2. ആരിവൻ? കാട്ടുരാജാവിനെ കണ്ടിട്ടും പേടിയില്ലെന്നോ?
3. എടാ അഹങ്കാരീ, ഇന്ന് നിൻ്റെ കഥ കഴിക്കും.
4. മൂപ്പാ, ഈ പൊണ്ണത്തടി കൊണ്ട് എന്താ കാര്യം?
സംഭാഷണം എഴുതാം
ഇതുപോലെ ആനയും അണ്ണാനും തമ്മിൽ കണ്ടതു മുതൽ അവർ കൂട്ടുകാരായതു വരെയുള്ള സംഭാഷണം ക്രമമായി നിങ്ങൾ ഒന്ന് നോട്ട് ബുക്കിൽ എഴുതൂ. പുസ്തകം നോക്കി എഴുതിയാൽ മതി.
പ്രഭാത ദൃശ്യങ്ങൾ
അണ്ണാൻ കുഞ്ഞ് രാവിലെ ഉറക്കമെണീറ്റപ്പോൾ കണ്ട കാഴ്ചകൾ എന്തൊക്കെയാണെന്ന് കഥയിൽ ഉണ്ട്. അത് പുസ്തകത്തിൽ നോക്കി എഴുതൂ.
അതുപോലെ നിങ്ങൾ രാവിലെ ഉറക്കമെണീറ്റ ശേഷം കാണുന്ന കാഴ്ചകൾ എന്തൊക്കെയാണെന്ന് സ്വന്തമായി എഴുതാൻ ശ്രമിക്കൂ.
പദപ്രശ്നം
സൂചനകളിൽ നിന്നും ജീവികളെ കണ്ടെത്തി അവയുടെ പേരെഴുതി പൂരിപ്പിക്കേണ്ട ഒരു പദപ്രശ്നം പേജ് 88 ൽ ഉണ്ട്.
7 ചോദ്യങ്ങളാണ് ഉള്ളത് അതിൽ 4 എണ്ണത്തിൻ്റെയും ഉത്തരം സന്ധ്യ ടീച്ചർ ക്ലാസ്സിൽ പറഞ്ഞു തന്നു. ബാക്കി കൂടി കണ്ടു പിടിച്ച് വൃത്തിയായി എഴുതണം. ഒരു കോളത്തിൽ ഒരു അക്ഷരമേ എഴുതാവൂ. വലത്തോട്ട്, താഴോട്ട് എന്നീ നിർദേശങ്ങളും പാലിക്കണം.
Your Class Teacher