ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Class 2 Teacher's Note 5 February 2021

Mashhari
0
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
അണ്ണാൻകുഞ്ഞും ആനമൂപ്പനും
79, 80, 81 പേജുകൾ തനിയെ വായിക്കാൻ പറഞ്ഞിരുന്നു. വായിച്ചവർക്ക് കഥ നേരത്തെ മനസ്സിലായിക്കാണും. വായിക്കാത്തവർക്കു വേണ്ടി സന്ധ്യ ടീച്ചർ ഇന്ന് വായിച്ചു കേൾപ്പിച്ചല്ലോ.
കഥയുടെ ആദ്യഭാഗം ഒരു പാട്ടാക്കി ടീച്ചർ കേൾപ്പിച്ചു.

പാട്ട്
മണിമലക്കാട്ടിലെ കുഞ്ഞനണ്ണാൻ
ഓട്ടക്കാരനാം കുഞ്ഞനണ്ണാൻ
ചാട്ടക്കാരനാം കുഞ്ഞനണ്ണാൻ
കണ്ണും തിരുമ്മിയെഴുന്നേറ്റു

കൂടുവിട്ടു പുറത്തിറങ്ങി
ചില്ലകൾ തോറും ചാടി നടന്നു
ഒച്ച വെച്ചു ചിൽ ചിൽ ചിൽ
ചിൽ ചിൽ ചിൽ 

ആനമൂപ്പൻ വരണുണ്ടേ
വമ്പൻ കൊമ്പൻ വരണുണ്ടേ
കാതുകളാട്ടി കൊമ്പു കുലുക്കി
കരിമല പോലെ വരുന്നുണ്ടേ!

കുഞ്ഞനണ്ണാൻ ഓടി നടന്നു
ഒച്ച വെച്ചു ചിൽ ചിൽ ചിൽ
ചിൽ ചിൽ ചിൽ

ആന മൂപ്പനു കോപം വന്നു
ആന മൂപ്പൻ മരം കുലുക്കി!

എല്ലാവരും പാട്ട് അഭിനയിച്ചു കൊണ്ട് പാടി രസിച്ചോളൂ.

വായന
ടീച്ചർക്കൊപ്പം നിങ്ങളും പാഠഭാഗം ശ്രദ്ധയോടെ സാവധാനം വായിച്ചല്ലോ.
ഇനി ചോദ്യങ്ങൾക്ക് ഉത്തരം പറയണം. ഉത്തരം പറഞ്ഞാൽ മാത്രം പോര. പാഠഭാഗത്ത് ഉത്തരം വരുന്ന വാക്യങ്ങൾ കണ്ടെത്തി അടിയിൽ വരയ്ക്കണം.

 ചോദ്യങ്ങൾ
- അണ്ണാൻ കുഞ്ഞ് രാവിലെ ഉണർന്നപ്പോൾ എന്തൊക്കെ കാഴ്ചകളാണ് കണ്ടത്? (പേജ് 79)
- ആനമൂപ്പൻ ചോലയിലേക്കു വന്നത് എന്തിനായിരുന്നു? (പേജ് 80)
- അഹങ്കാരിയായ കുഞ്ഞനണ്ണാനെ എന്തു ചെയ്യുമെന്നാണ് ആനമൂപ്പൻ പറഞ്ഞത്?
- എപ്പോഴാണ് കാട് കുലുങ്ങിയത്?
- എപ്പോഴാണ് ആനമൂപ്പൻ തളർന്നു പോയത്?
- ആനമൂപ്പനെ കളിയാക്കിക്കൊണ്ട് അണ്ണാൻ എന്താണ് പറഞ്ഞത്?
- മനുഷ്യർ ആനകളെ എന്തെല്ലാം ചെയ്യുമെന്നാണ് കഥയിൽ അണ്ണാൻ പറയുന്നത്?
- അണ്ണാൻ കുഞ്ഞിനോട് സ്നേഹം തോന്നിയ ആന എന്താണ് ചെയ്തത്? (പേജ് 81)
   
കഥയിലെ ചില സംഭവങ്ങൾ ക്രമം തെറ്റിച്ചു കാണിച്ചിട്ട് വാക്യങ്ങൾ ക്രമീകരിക്കാൻ ടീച്ചർ നമ്മോട് ആവശ്യപ്പെട്ടു. നിങ്ങൾക്ക് എളുപ്പത്തിനായി ഞാൻ ശരിയായ ക്രമനമ്പർ ആദ്യം ചേർക്കാം. നോട്ട് ബുക്കിൽ നിങ്ങൾ 1 മുതൽ ശരിയായ ക്രമത്തിൽ എഴുതണം.

വാക്യങ്ങൾ ക്രമപ്പെടുത്തുക
3. അണ്ണാൻകുഞ്ഞ് ഒച്ച വെച്ചു കൊണ്ട് മരച്ചില്ലകൾ തോറും ചാടി നടന്നു.
4. ആനമൂപ്പന് കോപം വന്നു. അവൻ ചിന്നം വിളിച്ചു. കാട് കുലുങ്ങി.
5. ആനമൂപ്പൻ സർവ ശക്തിയും സംഭരിച്ച് അണ്ണാൻകുഞ്ഞ് ഇരുന്ന മരം പുഴക്കിയിട്ടു.
2. ആനമൂപ്പൻ മുഖം കഴുകാൻ ചോലയിലേക്ക് വരികയായിരുന്നു.
7. ആനമൂപ്പൻ പഠിച്ച പണിയെല്ലാം പയറ്റിയിട്ടും അണ്ണാൻ കുഞ്ഞിനെ തൊടാൻ പോലും കഴിഞ്ഞില്ല.
6. അണ്ണാൻകുഞ്ഞ് മറ്റൊരു മരത്തിൽ ചാടിക്കയറി.
1. രാവിലെ അണ്ണാൻ കൂടുവിട്ട് പുറത്തിറങ്ങി.
8. അണ്ണാൻകുഞ്ഞ് പറഞ്ഞതു കേട്ടപ്പോൾ ശരിയാണെന്ന് ആനമൂപ്പനും തോന്നി.
9. അണ്ണാൻകുഞ്ഞ് ആനപ്പുറത്തു കേറി ഞെളിഞ്ഞിരുന്നു.

പാഠഭാഗം വീണ്ടും വീണ്ടും വായിക്കണം. വായിച്ചു വായിച്ചാണ് തെറ്റില്ലാതെ ഒഴുക്കോടെ വായിക്കാൻ പഠിക്കുന്നത്. 

5 മണിക്ക് മുമ്പായി വർക്ക് ഷീറ്റുകൾ അയയ്ക്കാം. നാളെ ഉച്ചയ്ക്കു മുമ്പ് തുടർ പ്രവർത്തനങ്ങൾ പൂർത്തിയാക്കി അയയ്ക്കാൻ ശ്രദ്ധിക്കുക.

Your Class Teacher

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !