ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
STD 2. Malayalam അണ്ണാൻകുഞ്ഞും ആനമൂപ്പനും
ഇന്ന് ആദ്യം ടീച്ചർ നമുക്കായി 83-ാം പേജ് വായിച്ചു തരികയാണ് ചെയ്തത്. എല്ലാവരും കൂടെ വായിച്ചിട്ടുണ്ടാവും.
പിന്നീട് ആ ഭാഗത്തെ സംഭാഷണം ബോർഡിൽ പ്രദർശിപ്പിച്ചു. ആരൊക്കെയാണ് കഥാപാത്രങ്ങൾ?
# ആനമൂപ്പൻ
# അണ്ണാൻകുഞ്ഞ്
# മരമൂപ്പൻ
# ചെന്നായ്മൂപ്പൻ
സംഭാഷണം
മരമൂപ്പൻ : കൂട്ടുകാരേ, എങ്ങോട്ടാ കൊച്ചുവെളുപ്പാൻ കാലത്ത് ഒരു സവാരി?
ആനമൂപ്പൻ : ഞാനിവനെ കാടു കാണിക്കാൻ കൊണ്ടുപോവ്വാ.
മരമൂപ്പൻ : എന്നാലേ, അങ്ങോട്ട് പോണ്ടാ.
ആനമൂപ്പൻ : എന്തേ?
മരമൂപ്പൻ : ആനവേട്ടക്കാർ ഇറങ്ങിയിട്ടുണ്ട്. അവര് കണ്ടാൽ ആനമൂപ്പനെ കൊല്ലും. കൊമ്പ് പിഴുതെടുക്കും.
അണ്ണാൻകുഞ്ഞ് : തിരിഞ്ഞു നടന്നോ.
(അൽപ്പദൂരം ചെന്നപ്പോൾ ആനമൂപ്പൻ നിന്നു.)
അണ്ണാൻകുഞ്ഞ് : എന്താ മൂപ്പാ എന്തു പറ്റി?
ആനമൂപ്പൻ : മനുഷ്യച്ചൂര്.
അണ്ണാൻകുഞ്ഞ് : എന്നാൽ നിൽക്ക് ഞാൻ നോക്കീട്ടു വരാം.
(അണ്ണാൻ മരത്തിൽ കയറി നാലുപാടും നോക്കി.)
ആനമൂപ്പൻ : എന്താ കുഞ്ഞേ?
അണ്ണാൻകുഞ്ഞ് : മരംവെട്ടുകാരാണ്. ഒരുപാടു പേരുണ്ട്.
(അവർ മറ്റൊരു വഴിയിലൂടെ നടന്നു.)
ചെന്നായമൂപ്പൻ : കൂട്ടുകാരേ, ഇതിലെ പോകേണ്ട. തോക്കും നിറച്ച് കാത്തിക്ക്യാ, നാട്ടുമനുഷ്യര്.
ഈ സംഭാഷണം നിങ്ങൾ നോട്ട് ബുക്കിൽ എഴുതണേ. എഴുതിയ സംഭാഷണം പല പ്രാവശ്യം വായിക്കുകയും വേണം.
പുതിയ പദങ്ങൾ
കൊച്ചുവെളുപ്പാൻ കാലം - അതിരാവിലെ
മനുഷ്യച്ചൂര് - മനുഷ്യൻ്റെ ഗന്ധം / മനുഷ്യൻ്റെ മണം
ചോദിച്ചറിയാം
- എന്തിനാണ് മനുഷ്യർ ആനയെ കൊന്ന് കൊമ്പ് എടുക്കുന്നത്?
- കാട്ടിലെ മരം മനുഷ്യർ വെട്ടിക്കൊണ്ടു പോവുന്നത് എന്തിനാണ്?
- കാട്ടിൽ മരം ഇല്ലാതായാൽ എന്തു സംഭവിക്കും?
ഈ ചോദ്യങ്ങളുടെ ഉത്തരം മുതിർന്നവരോട് ചോദിച്ച് കണ്ടെത്തണം.
എന്താണ് ഉപായം?
മനുഷ്യരുടെ ഉപദ്രവങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അണ്ണാൻകുഞ്ഞ് ഒരു ഉപായം കണ്ടെത്തി. അത് എന്താണെന്നറിയാൻ എല്ലാവരും പേജ് 84 വായിച്ചു നോക്കുമല്ലോ.
Your Class Teacher