പൂമ്പാറ്റയുടെ മുട്ട വിരിഞ്ഞു പറത്തുവരുന്നത് പൂമ്പാറ്റകുഞ്ഞല്ല എന്നറിയാമല്ലോ! മുട്ട വിരിഞ്ഞുണ്ടാകുന്ന ഒരു കൊച്ചു പുഴുവാണ് പല ഘട്ടങ്ങളിലൂടെ പൂമ്പാറ്റയായി മാറുന്നത്.
ചിത്രശലഭങ്ങളുടെ ജീവിതചക്രം നാലു ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
1. മുട്ട (egg)
2. ശലഭപ്പുഴു - ലാർവ (larvae)
3. പ്യൂപ്പ (pupa)
4. ചിത്രശലഭം (imago) എന്നിവയാണവ.
1. മുട്ട (egg)
2. ശലഭപ്പുഴു - ലാർവ (larvae)
3. പ്യൂപ്പ (pupa)
4. ചിത്രശലഭം (imago) എന്നിവയാണവ.
1. പൂമ്പാറ്റകൾ ഇലകൾക്കടിയിലാണ് മുട്ടകൾ ഇടുന്നത്. നമ്മുടെ നാട്ടിൽ ധാരാളമായി കാണപ്പെടുന്ന എരിക് എന്ന ചെടിയുടെ ഇലകൾക്കടിയിലാണ് എരിക്കുതപ്പി ശലഭങ്ങൾ മുട്ടയിടുക. മുട്ടവിരിഞ്ഞു കുഞ്ഞു ലാർവകൾ പുറത്തുവരും.ലാർവയുടെ ആദ്യ ഭക്ഷണം മുട്ടത്തോട് തന്നെയാണ്. ഇലയിൽ വട്ടത്തിലൊരു വരമ്പുണ്ടാക്കി അതിനുള്ളിലാണ് ഇവ ഏതാനും ദിവസം കഴിയുക.
2. നാലഞ്ചുദിവസം വളർച്ചയെത്തുമ്പോൾ പുഴുവിന്റെ ശരീരത്തിൽ കറുപ്പും വെളുപ്പും വരകളും മഞ്ഞപ്പൊട്ടുകളും പ്രത്യക്ഷപ്പെടും. പിന്നെ തീറ്റയോട് തീറ്റയാണ് ഇവയുടെ ജോലി. തിന്നുന്നത് എന്തെന്നോ? പുഴു ഇരിക്കുന്ന ഇല തന്നെ.
3. ഏകദേശം 10-15 ദിവസം കൊണ്ട് ശലഭപ്പുഴുവിന്റെ വളർച്ച പൂർത്തിയാകും. വൈകാതെ സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്തും. എന്നിട്ട് ശരീരത്തിലെ ഒരു പ്രത്യേകതരം പശയുടെ സഹായത്തോടെ ചെറിയ മരച്ചില്ലയിൽ തലകീഴായി തൂങ്ങിക്കിടക്കും!
4. ശരീരത്തിൽ നിന്ന് ഉണ്ടാകുന്ന പ്രത്യേകതരം രാസവസ്‌തു ഉപയോഗിച്ച് പിന്നെ പുഴു ദേഹം മുഴുവൻ പൊതിയുകയായി. ഗുളികയുടെ ആകൃതിയുള്ള ഒരു കുഞ്ഞു 'പുത'പ്പാണ് പ്യുപ്പ.
5. തീറ്റയില്ലാതെ ശലഭപ്പുഴു പ്യുപ്പയ്‌ക്കുള്ളിൽ കുറേ ദിവസം 'സമാധി'യിരിക്കും. പതുക്കെ പ്യുപ്പയുടെ നിറം മാറി അത് ചില്ലുപോലെ സുതാര്യമാകും. ഇപ്പോൾ പ്യുപ്പയ്‌ക്കുള്ളിൽ പുഴുവിനെയല്ല സാക്ഷാൽ ശലഭത്തെ തന്നെ കാണാം.
6. പ്യുപ്പയുടെ പുറന്തോട് നിറമില്ലാതായാൽ പൂമ്പാറ്റ പൂർണ്ണ വളർച്ചയെത്തി എന്ന് മനസിലാക്കാം. ഇതിന് ഏഴ് മുതൽ പത്ത് ദിവസം വരെ വേണം.
7. വൈകാതെ പ്യുപ്പയുടെ അടിഭാഗം കാലുകൾ കൊണ്ട് തള്ളിത്തുറന്ന് പൂമ്പാറ്റ പുറത്തിറങ്ങുകയായി. ആദ്യം തലയാണ് പുറത്തുവരിക. പിന്നീട് ശരീരവും ചിറകുകളും. പക്ഷേ, പുറത്തിറങ്ങുമ്പോൾ ചിറകുകൾ ശരീരത്തോട് ചേർന്ന് ചുരുണ്ടിരിക്കും!
8. പുറത്തിറങ്ങിയാൽ പൂമ്പാറ്റ കുറച്ചുനേരം ശരീരം പിടപ്പിക്കും. ചിറകുകളിലേയ്ക്ക് രക്‌തം ഒഴുകിയെത്തി അത് നിവരാനാണ് ഈ വിദ്യ! പിന്നീട് ചില ദ്രാവകങ്ങൾ പുറത്തേയ്‌ക്ക് കളയുകയും ചെയ്യും. ശരീരത്തിൽ കുറച്ചു വെയിൽ കൊള്ളിക്കുക കൂടി ചെയ്‌താൽ പൂമ്പാറ്റ പറക്കാൻ റെഡി! ആദ്യം പതുക്കെപ്പതുക്കെ കുറച്ചുദൂരം പറന്നുനോക്കും. അല്പ നേരത്തെ ഈ പരിശീലന പറക്കൽ കഴിഞ്ഞാൽ പൂവുകൾ തോറും പാറിപ്പാറി നടന്ന് പൂന്തേൻ നുണയുന്ന അസ്സൽ പൂമ്പാറ്റയായി മാറും.