ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠന്‍ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10 ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. ചേളാരി ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി. കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ് ചെലവഴിച്ചത്. 1953ല്‍ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷന്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ചേര്‍ന്നു. 1982ല്‍ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ കുട്ടേട്ടന്‍ എന്ന പേരില്‍ എഴുതിയിരുന്നു. 1981 മുതല്‍ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കുന്ന മലര്‍വാടി എന്ന കുട്ടികളുടെ മാസികയിയില്‍ അദ്ദേഹം ‘കുഞ്ഞുണ്ണിമാഷും കുട്ട്യോളും’ എന്ന പംക്തി എഴുതിത്തുടങ്ങി. അനേകം കുട്ടികളെ സാഹിത്യകാരാക്കിയ പ്രശസ്തപംക്തിയായി അത് നീണ്ട 17 വര്‍ഷം തുടര്‍ന്നു. ആ പംക്തി നിര്‍ത്തിയ ശേഷം 2002 വരെ ‘കുഞ്ഞുണ്ണി മാഷുടെ പേജ്’ എന്ന പേരില്‍ മറ്റൊരു പംക്തിയിലൂടെ 5 വര്‍ഷം കൂടി കുഞ്ഞുണ്ണി മാഷ് മലര്‍വാടിയില്‍ ഉണ്ടായിരുന്നു .
മലയാള കവിതയില്‍ ഹ്രസ്വവും ചടുലവുമായ ശൈലി അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി. അദ്ദേഹത്തിന്റെ കവിതകള്‍ മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ആകര്‍ഷിച്ചു. ഈരടികള്‍ മുതല്‍ നാലുവരികള്‍ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളില്‍ ഏറെയും. രൂപപരമായ ഹ്രസ്വതയെ മുന്‍ നിറുത്തി ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട്.
കമല്‍ സംവിധാനം ചെയ്ത ഭൂമിഗീതം എന്ന ചലച്ചിത്രത്തില്‍ കുഞ്ഞുണ്ണിമാഷ് അഭിനയിച്ചീട്ടുണ്ട്. സാഹിത്യത്തിലും അഭിനയത്തിലും കൂടാതെ ചിത്രരചനയിലും തന്റെ കഴിവുകൾ പ്രകടിപ്പിച്ചീട്ടുള്ള വ്യക്തിയാണ് കുഞ്ഞുണ്ണിമാഷ്.
പഴമൊഴിപ്പത്തായം, കുറ്റിപ്പെൻസിൽ, കുട്ടേട്ടന്റെ കുറിപ്പുകൾ, കുഞ്ഞുണ്ണിക്കവിതകൾ, നമ്പൂതിരി ഫലിതങ്ങൾ, അക്ഷരത്തെറ്റ്, മൊഴിമുത്തുകൾ, പുലിവാൽ, അപ്പൂപ്പൻതാടി, ഒലക്ക എന്നിവ അദ്ദേഹത്തിന്റെ രചനകളാണ്
1974ലും 1984ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 1982ല്‍ സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, 2002ല്‍ വാഴക്കുന്നം അവാര്‍ഡ്, 2003ല്‍ വി.എ.കേശവന്‍ നായര്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു. ആജീവനാന്ത സംഭാവനകളെ മുന്‍നിര്‍ത്തി കേരള സാഹിത്യ അക്കാദമിയും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും 1988ലും 2002 ലും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. അവിവാഹിതനായിരുന്ന കുഞ്ഞുണ്ണിമാഷ് വലപ്പാടുള്ള തന്റെ തറവാടില്‍ വെച്ച് 2006 മാര്‍ച്ച് 26-ന് അന്തരിച്ചു.