ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് ' ഇന്ന് മുതൽ ഈ ബ്ലോഗിൽ ലഭ്യമാകുന്നു. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
അണ്ണാൻ കുഞ്ഞും ആന മൂപ്പനും
ഇന്നു നമ്മൾ അഞ്ചാമത്തെ പാഠം പഠിച്ചു തുടങ്ങുകയാണ്. സന്ധ്യ ടീച്ചറും അണ്ണാൻ കുഞ്ഞും കൂടി നമുക്ക് ഒരുപാട് ജീവികളെ പരിചയപ്പെടുത്തി.
ജീവികളുടെ സഞ്ചാര രീതികൾ
ചാടിച്ചാടി പോവുന്ന മുയൽ, വേഗത്തിൽ ഓടുന്ന മാൻ, ഇഴഞ്ഞു വരുന്ന പാമ്പ്, ഉയരത്തിൽ പറക്കുന്ന പരുന്ത്, കാട്ടരുവിയിൽ നീന്തി നടക്കുന്ന മീനുകൾ... ഒക്കെയും നമ്മൾ കണ്ടു.
പിന്നെയും നിരവധി ജീവികളെ പരിചയപ്പെട്ടു. ആന, കാണ്ടാമൃഗം, സീബ്ര, ഒട്ടകപ്പക്ഷി, സിംഹം, തുമ്പികൾ, കടുവ, കീരി, കോഴി, ആമ, വേഴാമ്പൽ, ഓന്ത്, പെലിക്കൺ, മുതല, കൃഷ്ണമൃഗം, പന്നി, ജിറാഫ്, സീബ്ര, കാട്ടുപോത്ത് തുടങ്ങിയവ.
ഇവയിൽ നടക്കുന്നവയും ചാടിച്ചാടി പോകുന്നവയും പറക്കുന്നവയും നീന്തുന്നവയും ഇഴയുന്നവയും ഉണ്ട്. ഇതാണ് നമ്മുടെ ഇന്നത്തെ രണ്ടാമത്തെ പ്രവർത്തനം. ജീവികളെ സഞ്ചാര രീതിക്കനുസരിച്ച് തരം തിരിക്കുക.
ആദ്യത്തെ പ്രവർത്തനം നിങ്ങൾക്കറിയാവുന്ന മുഴുവൻ ജീവികളുടെയും പേരെഴുതാൻ ഉള്ളതാണ്.
കടങ്കഥകൾ
ഒരു പ്രവർത്തനം കൂടിയുണ്ട്. ജീവികളുടെ പേരുകൾ ഉത്തരമായി വരുന്ന കടങ്കഥകൾ കണ്ടെത്തി എഴുതണം. ഏതാനും ഉദാഹരണങ്ങൾ പറയാം.
1. അപ്പം പോലെ തടിയുണ്ട്
അൽപ്പം മാത്രം തലയുണ്ട്
ഉ: ആമ
2. ഇടവഴിയിലൂടെ
ഒരു കരിവടിയോടി
ഉ: പാമ്പ്
3. ഇരുട്ടു കാട്ടിൽ
കുരുട്ടു പന്നി
ഉ: പേൻ
കൂടുതൽ കടങ്കഥകൾ കണ്ടെത്തി നിങ്ങൾ നോട്ട് ബുക്കിൽ / കടങ്കഥാ പുസ്തകത്തിൽ എഴുതണം.
Your Class Teacher