16/12/2020 TEACHER'S NOTE Std 2. Malayalam - 39. ഈ തെറ്റിന് ശിക്ഷയില്ല
ചിണ്ടനെലിയും കിട്ടനെലിയും ചേർന്നു പാടിയ ഒരു പാട്ടാണ് ആദ്യം നമ്മൾ കേട്ടത്.
കുന്നിൻ ചെരിവിലെ കുഞ്ഞു കുളത്തിൽ
പച്ച വിരിപ്പൂ പായലുകൾ !
കുന്നിൻ ചെരിവിലെ കുഞ്ഞു കുളത്തിൽ
താമര പൂത്തു ചിരിക്കുന്നു !
കുന്നിൻ ചെരിവിലെ കുഞ്ഞു കുളത്തിൽ
ആമ്പൽ മൊട്ടു കുണുങ്ങുന്നു !
വെള്ളത്തിൽ വളരുന്ന സസ്യങ്ങൾ
താമര
ആമ്പൽ
പായലുകൾ
എന്നീ ജലസസ്യങ്ങളെക്കുറിച്ച് ഈ പാട്ടിൽ പരാമർശമുണ്ട്. വേറെയും സസ്യങ്ങളുണ്ടെങ്കിൽ അതുകൂടി കണ്ടെത്തി എഴുതണേ.
വായന
കാട്ടിലെ കൃഷി
പാഠപുസ്തകത്തിലെ കാട്ടിലെ കൃഷി എന്ന ഭാഗം വായിച്ചല്ലോ.
എലികൾ എന്തൊക്കെയാണ് കൃഷി ചെയ്തത്?
പഴങ്ങൾ
പച്ചക്കറികൾ
പൂക്കൾ
കിഴങ്ങുകൾ
പച്ചക്കറി കൃഷികൊണ്ടുള്ള പ്രയോജനങ്ങൾ
- ഫ്രഷായ വാടാത്ത പച്ചക്കറികൾ കിട്ടും
- വിഷമടിക്കാത്ത പച്ചക്കറികൾ കിട്ടും
- വീട്ടിൽ കൃഷി ചെയ്യുന്നവയ്ക്ക് രുചി കൂടുതലാണ്
- ഗുണം കൂടുതലാണ്
- അധികമുള്ളവ വിറ്റാൽ പണവും കിട്ടും
- കൃഷിയിലൂടെ മനസ്സിന് സന്തോഷവും ശരീരത്തിന് വ്യായാമവും ലഭിക്കും.
കൃഷിത്തോട്ടം ഉണ്ടാക്കാം
നമുക്കും വീട്ടിൽ ഒരു കൃഷിത്തോട്ടം ഉണ്ടാക്കാം. വേഗത്തിൽ വിളവു ലഭിക്കുന്ന ചീര, വെണ്ട, പയർ, വഴുതന, മുളക്, കോവൽ, പാവൽ തുടങ്ങിയവ ആദ്യം കൃഷി ചെയ്യാം. നിങ്ങൾ കൃഷി ചെയ്ത വിഭവങ്ങൾ കഴിക്കുമ്പോൾ അമ്മയ്ക്കും അച്ഛനും ഉണ്ടാവുന്ന സന്തോഷം ഒന്ന് ആലോചിച്ചു നോക്കൂ.
അന്വേഷിക്കൂ കണ്ടെത്തൂ
വരുമാനത്തിനായി കൃഷി ചെയ്യുന്ന വിളകൾ ഏതെന്നു കണ്ടെത്തി എഴുതാനുള്ള പ്രവർത്തനം പാഠപുസ്തകത്തിൽ ഉണ്ട്. മരച്ചീനി (കപ്പ), തെങ്ങ്, വാഴ, റബ്ബർ, തേയില, ഇഞ്ചി, ഏലം തുടങ്ങിയവ ഈ വിഭാഗത്തിൽ ഉൾപ്പെടുത്താം. നാണ്യ വിളകൾ എന്നും തോട്ട വിളകൾ എന്നും ഇവയെ വിളിക്കാറുണ്ട്.
ആരാണ് കേമൻ?
തെങ്ങ് സ്വയം പരിചയപ്പെടുത്തി സംസാരിച്ചത് നിങ്ങൾ കേട്ടല്ലോ. എന്തൊക്കെയാണ് തെങ്ങ് പറഞ്ഞത്?
- പലഹാരങ്ങളിലും കറികളിലും തേങ്ങ ചേർക്കുന്നു
- തേങ്ങയിൽ നിന്ന് കിട്ടുന്ന വെളിച്ചെണ്ണ വറുക്കാനും കറികളിൽ ചേർക്കാനും തലയിൽ തേക്കാനും ഉപയോഗിക്കുന്നു
- തെങ്ങോല കളിപ്പാട്ടങ്ങളുണ്ടാക്കാനും പുര മേയാനും ചൂലുണ്ടാക്കാനും ഉപയോഗിക്കുന്നു
- ഇളനീർ ഉന്മേഷം നൽകുന്ന പാനീയമാണ്
- ചകിരി കൊണ്ട് കയർ ഉണ്ടാക്കുന്നു
- തെങ്ങിൻ പൂക്കുല മംഗള കർമങ്ങൾക്ക് അലങ്കാരമാണ്
- തെങ്ങിൻ പൂക്കുല ലേഹ്യവും രസായനവും ഔഷധങ്ങളാണ്
- തെങ്ങിന് ചില്ലകളില്ല
- എല്ലാ ഭാഗങ്ങളും വിറകിന് ഉപയോഗിക്കുന്നു
വാഴയ്ക്കു പറയാനുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾ കണ്ടെത്തി എഴുതില്ലേ? കുറച്ചു കാര്യങ്ങൾ പറയാം.
- വാഴയില അs ഉണ്ടാക്കാനും ഭക്ഷണം പൊതിയാനും സദ്യ വിളമ്പാനും ഉപയോഗിക്കുന്നു
- വാഴക്കൂമ്പും വാഴക്കാമ്പും പച്ചക്കായയും കറി വെക്കുന്നു
- പച്ചക്കായ കൊണ്ട് ഉപ്പേരി ( ചിപ്സ് ) ഉണ്ടാക്കുന്നു
- വാഴപ്പഴം നല്ല ഭക്ഷണമാണ്
- പൂമാല കോർക്കാനും പൂക്കൾ കെട്ടാനും വാഴനാര് ഉപയോഗിക്കുന്നു
ഇലകൾ എന്തിനൊക്കെ?
എന്ന പാഠപുസ്തകത്തിലെ ചെറിയ പ്രവർത്തനം കൂടി നിങ്ങൾ ചെയ്യണം. അതോടൊപ്പം മുത്തശ്ശിമാവ് കഥ പറയുന്നു എന്ന ഭാഗം സ്വന്തമായി വായിച്ച് മനസ്സിലാക്കണം.
Your Class Teacher