Class 2 Teacher's Note 14 December 2020

Mash
0
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് ' ഇന്ന് മുതൽ ഈ ബ്ലോഗിൽ ലഭ്യമാകുന്നു. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.

14/12/2020 TEACHER'S NOTE Std 2. Malayalam - 38. ഈ തെറ്റിന് ശിക്ഷയില്ല
കഴിഞ്ഞ ദിവസം നിങ്ങൾക്കു തന്ന ഒരു പ്രധാനപ്പെട്ട പ്രവർത്തനമായിരുന്നു സുഗതകുമാരിയുടെ 'ഒരു തൈ നടാം' എന്ന കവിതയ്ക്ക് ഈണം കണ്ടെത്തുക എന്നത്. ഇന്ന് ടീച്ചർ അത് മൂന്ന് വ്യത്യസ്ത ഈണങ്ങളിൽ കേൾപ്പിച്ചു തന്നു. എല്ലാവരും അത് നന്നായി ആസ്വദിച്ചുവെന്ന് കരുതുന്നു.
നിങ്ങളിൽ എത്ര പേർ സ്വന്തമായി തൈകൾ നട്ടിട്ടുണ്ട്? ഏതു മരത്തിൻ്റെ തൈ ആണ് നട്ടത്? നട്ട ശേഷം അവയുടെ വളർച്ച ശ്രദ്ധിക്കാറുണ്ടോ?
ഇനി എല്ലാവർക്കും പഴം തരുന്ന ഒരു മരത്തിൻ്റെ തൈ നടാം. നമുക്ക് ഏറ്റവും ഇഷ്ടമുള്ള ആളിൻ്റെ പേര് അതിന് കൊടുക്കാം. നട്ടാൽ മാത്രം പോര, ദിവസവും വെള്ളം ഒഴിച്ചു കൊടുക്കണം. വളരാനായി നാം ദിവസവും ഭക്ഷണം കഴിക്കുന്നില്ലേ? അതുപോലെ തൈ വളരാനായി ചാണകവും പച്ചില വളവുമൊക്കെ ഇടയ്ക്കിടയ്ക്ക് ഇട്ടു കൊടുക്കണം.

നിരീക്ഷണക്കുറിപ്പ്
ചെറുപയർ വിത്ത് നടാനുള്ള പ്രവർത്തനം നേരത്തെ തന്നിരുന്നല്ലോ. എല്ലാവരും അതു ചെയ്ത് 10 ദിവസത്തെ നിരീക്ഷണ ക്കുറിപ്പ് തയ്യാറാക്കിയോ? ഇല്ലെങ്കിൽ ഇന്നു തന്നെ തുടങ്ങണേ.
പയർ മുളയ്ക്കുന്നതിൻ്റെ വീഡിയോയും നമ്മൾ കണ്ടു. വിത്തിൽ നിന്ന് ആദ്യം പുറത്തു വന്നത് വേരാണ്.

 നടാൻ ഉപയോഗിക്കുന്ന ഭാഗം
വിത്തു നട്ടാണോ എല്ലാ ചെടികളും മുളയ്ക്കുന്നത്? ചെമ്പരത്തിയുടെ തണ്ട് നടുമ്പോൾ ചേമ്പിൻ്റെ കിഴങ്ങാണ് നടുന്നത്, അല്ലേ?
നടാൻ ഉപയോഗിക്കുന്ന ഭാഗം വരച്ചു യോജിപ്പിക്കാം - എന്ന പാഠപുസ്തകത്തിലെ പ്രവർത്തനം എല്ലാവരും ചെയ്യണേ.

ഏതു കൃഷിയാണ് നല്ലത്?

ചിണ്ടനെലിയും കിട്ടനെലിയും തമ്മിൽ നടന്ന സംഭാഷണം ശ്രദ്ധിച്ചോ? തെങ്ങ് കൃഷിയാണോ വാഴ കൃഷിയാണോ നല്ലത്, എന്നതിനെക്കുറിച്ചാണ് അവരുടെ തർക്കം.

നിങ്ങൾ തെങ്ങിൻ്റെയും വാഴയുടെയും ഉപയോഗം കണ്ടെത്തി നോട്ട് ബുക്കിൽ എഴുതുമല്ലോ.
അതുപോലെ വീട്ടിൽ പച്ചക്കറി കൃഷി ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണെന്നും കണ്ടെത്തി എഴുതണേ.

Your Class Teacher

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !