ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് ' ഇന്ന് മുതൽ ഈ ബ്ലോഗിൽ ലഭ്യമാകുന്നു. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
06/11/2020 (Mathematics - 28)
രണ്ടക്ക സംഖ്യകൾ - ആരോഹണ ക്രമത്തിൽ ക്രമീകരിക്കൽ
കൂട്ടുകാരേ,
ഇന്നത്തെ ക്ലാസ്സ് എന്തു രസമായിരുന്നു, അല്ലേ? അപ്പുവിൻ്റെയും പപ്പുവിൻ്റെയും ഒരു കൂട്ടുകാരനാണ് ടീച്ചറിനു മുമ്പേ നമ്മുടെ മുമ്പിലെത്തിയത്.
പിന്നാലെ സൈക്കിൾ, സ്കൂട്ടർ, ജീപ്പ്, ഹെലികോപ്റ്റർ, തീവണ്ടി എന്നീ വാഹനങ്ങളിലായി അഞ്ച് കരടിക്കുട്ടന്മാരും എത്തി. സ്ട്രോബറി, ആപ്പിൾ, ഓറഞ്ച്, പപ്പായ, പൈനാപ്പിൾ എന്നീ പഴങ്ങൾ ഓരോരുത്തരും കൊണ്ടുവന്നു.
ആ പഴങ്ങളിലെഴുതിയ സംഖ്യകൾ ഏതൊക്കെയാണെന്നു നോക്കാം :-
38, 30, 34, 32, 36
നമ്മുടെ കൂട്ടുകാരൻ ഓരോ പഴങ്ങളും തിന്നാൻ തുടങ്ങി. തിന്ന പഴങ്ങളിലെ സംഖ്യകളുടെ ക്രമം ഇങ്ങനെയാണ് :-
30, 32, 34, 36, 38
ചെറുതിൽ നിന്ന് വലുതിലേക്ക് എന്ന ക്രമത്തിലാണ് കൂട്ടുകാരൻ തിരഞ്ഞെടുത്തത്. ഇതിന് ആരോഹണ ക്രമം എന്നു പറയും.
രണ്ടക്ക സംഖ്യകളുടെ ഒരു കൂട്ടത്തിൽ നിന്നും ചെറിയ സംഖ്യ കണ്ടെത്താൻ ആദ്യം പത്തിൻ്റെ സ്ഥാനം പരിശോധിച്ച് ചെറിയ അക്കം കണ്ടെത്തണം. ഇവിടെ പത്തിൻ്റെ സ്ഥാനത്തെ അക്കങ്ങളെല്ലാം തുല്യമാണ്. അതിനാൽ ഇനി ഒറ്റയുടെ സ്ഥാനം പരിശോധിച്ച് ചെറിയ അക്കം ഏതാണെന്നു നോക്കാം. അത് 0 ആണ്. പിന്നെ ചെറുത് 2 ആണ്. ഇങ്ങനെ ഏറ്റവും ചെറുതു മുതൽ ഏറ്റവും വലുതുവരെയുള്ള സംഖ്യകൾ കണ്ടെത്താം.
പാറ്റേൺ
ഇവിടെ നമ്മൾ ആരോഹണ ക്രമത്തിൽ എഴുതിയ
30, 32, 34, 36, 38
എന്നീ സംഖ്യകൾ പരിശോധിച്ചാൽ ഒരു പ്രത്യേകത കണ്ടെത്താൻ കഴിയും. 2 വീതം കൂടി വരുന്നു. ഇത് ഒരു പാറ്റേൺ ആണ്.
30 + 2 = 32
32 + 2 = 34
34 + 2 = 36
36 + 2 = 38
ചെയ്തു നോക്കാം
പാoപുസ്തകത്തിലെ ചെയ്തു നോക്കാം എന്ന പ്രവർത്തനത്തിൽ ഇതുപോലെ ഒരു പാറ്റേൺ കണ്ടെത്താനുണ്ട്. അത് നിങ്ങൾ സ്വന്തമായി ചെയ്യണേ.
കളി നോട്ടുകൾ നിർമ്മിക്കാം
ശുചീകരണം, പഴക്കട തുടങ്ങിയ പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ ചെയ്യണമെങ്കിൽ ധാരാളം കളിനോട്ടുകൾ വേണം. 100 വരെയുള്ള നോട്ടുകൾ നിങ്ങൾ സ്വന്തമായി നിർമിക്കണം.
10 രൂപ നോട്ടുകൾ നിർമിക്കുന്നതെങ്ങനെയെന്ന് ടീച്ചർ കാണിച്ചു തന്നല്ലോ.
- വലിപ്പത്തിനനുസരിച്ച് കടലാസ് മുറിച്ചെടുത്ത്
- നടുവിൽ 10 എന്നെഴുതി
- രണ്ട് മൂലയിൽ രൂപയുടെ ചിഹ്നം വരച്ച്
- നിറം കൊടുത്ത്
നിങ്ങളും കളിനോട്ടുകൾ നിർമിക്കുക.
10 രൂപ മാത്രമാക്കേണ്ട. വലിപ്പം ശ്രദ്ധിക്കണേ. ഈ നോട്ടുകളും ആവശ്യം വരുമ്പോൾ ഉപയോഗിക്കാനായി നമ്മുടെ ഗണിത കാറ്റിലേക്ക് മാറ്റാം.
(രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയ്തത്: ഡി. ഉദയകുമാർ)
ഗണിതമൂല (My own maths corner)
ടീച്ചറുടെ വീട്ടിൽ ഗണിത പഠനത്തിനു വേണ്ട ഉപകരണങ്ങൾ ക്രമീകരിച്ചു വെച്ചിരിക്കുന്ന വീഡിയോ കണ്ടില്ലേ? ഇതുപോലെ നമ്മുടെ വീട്ടിലും ഓരോ ഗണിതമൂല ഉണ്ടാക്കിയാലോ? പിന്നെ ഗണിതപഠനം എത്ര എളുപ്പമായിരിക്കും, അല്ലേ?
Your Class Teacher