10/11/2020 Malayalam - 28.
രോഗം പരത്തുന്ന ജീവികൾ
കോലഞ്ചേരിയിൽ നടന്ന ജീവികളുടെ ആരോഗ്യ സംവാദം നിങ്ങൾ കണ്ടല്ലോ. കോലൻ പാമ്പ് നയിച്ച ചർച്ചയിൽ കൊതുകു റാണി, ഈച്ചക്കുട്ടൻ, ചിണ്ടനെലി, പാറ്റയാശാൻ എന്നിവരാണ് പങ്കെടുത്തത്. ഈ ജീവികൾ എങ്ങനെയാണ് രോഗം പരത്തുന്നതെന്നും ഇവയെ തുരത്താൻ എന്തു ചെയ്യണമെന്നും ചർച്ച കണ്ടപ്പോൾ നമുക്ക് മനസ്സിലായി.
കൊതുക്
മലേറിയ, ഡെങ്കിപ്പനി, മഞ്ഞപ്പനി, മന്ത്, ചിക്കുൻ ഗുനിയ തുടങ്ങിയ രോഗങ്ങൾ പരത്തുന്നത് കൊതുകാണ്. കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കിയാൽ മാത്രമേ ഈ രോഗങ്ങളിൽ നിന്ന് നമുക്ക് രക്ഷ നേടാൻ കഴിയൂ.
ചെയ്യേണ്ടത് :-
- മലിന ജലം കെട്ടി നിൽക്കാൻ അനുവദിക്കരുത്
- ചിരട്ട, പ്ലാസ്റ്റിക് ബോട്ടിലുകൾ, പ്ലാസ്റ്റിക് കൂടുകൾ, പൊട്ടിയ കളിപ്പാട്ടങ്ങൾ എന്നിവയിൽ വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം.
- ശുദ്ധജല സംഭരണികൾക്കും വാട്ടർ ടാങ്കുകൾക്കും ഉറപ്പിച്ചടച്ച മൂടി ഉണ്ടാവണം.
- കെട്ടി നിൽക്കുന്ന വെള്ളം നീക്കം ചെയ്യാൻ കഴിയില്ലെങ്കിൽ അതിനു മുകളിൽ ആഴ്ച തോറും മണ്ണെണ്ണ തളിക്കണം. ഓടകളിലും ഇതുപോലെ ചെയ്യാം.
ഈച്ച
വയറിളക്കം, വയറുകടി, ടൈഫോയ്ഡ്, അതിസാരം, കോളറ, അന്ത്രാക്സ്, ക്ഷയം തുടങ്ങിയ രോഗങ്ങൾ ഈച്ചയാണ് പരത്തുന്നത്. ഈച്ചകൾ തുറന്നിരിക്കുന്ന ആഹാരസാധനങ്ങൾ, പഴങ്ങൾ, വെള്ളം ഇവയിൽ അവയുടെ വിസർജ്യം, ശർദ്ദിൽ, വിരമുട്ടകൾ, രോഗാണുക്കൾ എന്നിവയെ നിക്ഷേപിക്കുന്നു. ഈച്ചകൾ വരാനുള്ള സാഹചര്യവും ഈച്ചകൾ പെരുകുന്ന സാഹചര്യവും ഒഴിവാക്കിയെങ്കിലേ ഇവ പരത്തുന്ന രോഗങ്ങളിൽ നിന്ന് രക്ഷപെടാൻ കഴിയൂ.
ചെയ്യേണ്ടത് :-
- ജൈവ മാലിന്യങ്ങൾ കൂട്ടിയിടരുത്
- ആഹാര പദാർത്ഥങ്ങളും വെള്ളവും തുറന്നു വെക്കരുത്
- പഴങ്ങൾ കഴുകി മാത്രം ഭക്ഷിക്കുക
- ഓടകൾ ശുചീകരിക്കുകയോ അണുമുക്തമാക്കുകയോ ചെയ്യണം
- ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതെ കമ്പോസ്റ്റാക്കി മാറ്റുകയോ കുഴിച്ചു മൂടുകയോ ചെയ്യുക.
എലി
എലിപ്പനി, റാറ്റ് ബൈറ്റ് ഫീവർ എന്നീ രോഗങ്ങൾ എലി നേരിട്ടും എലിച്ചെള്ളുകൾ പ്ലേഗും വരുത്തുന്നു. വീടിൻ്റെ പരിസരത്തെ ചപ്പുചവറുകൾ, കുറ്റിക്കാടുകൾ, മാളങ്ങൾ എന്നിവയിലാണ് ഇവ താമസം. ഇവയ്ക്ക് ആഹാരം ലഭിക്കാനുള്ള സാഹചര്യം ഒഴിവാക്കിയാൽ എലികൾ വരുന്നത് തടയാനും ഇവ പരത്തുന്ന രോഗങ്ങളിൽ നിന്ന് രക്ഷപെടാനും കഴിയും.
ചെയ്യേണ്ടത് :-
- വീടിൻ്റെ പരിസരത്ത് ചപ്പുചവറുകൾ കൂട്ടിയിടരുത്
- വീടിൻ്റെ പരിസരത്തെ കുറ്റിക്കാടുകൾ വൃത്തിയാക്കണം
- കപ്പ, മധുരക്കിഴങ്ങ് തുടങ്ങിയ കിഴങ്ങു വർഗ്ഗങ്ങൾ വീടിന് തൊട്ടടുത്ത് കൃഷി ചെയ്യരുത്
- എലിപ്പെട്ടി, എലിവിഷം, എലിക്കെണി എന്നിവ ഉപയോഗിച്ച് എലികളെ നശിപ്പിക്കണം
പാറ്റ
ടൈഫോയ്ഡ്, വയറിളക്കം, സൽമോനെല്ലോസിസ് തുടങ്ങിയ രോഗങ്ങൾ പാറ്റ പരത്തുന്നു. വീടിൻ്റെ മുക്കിലും മൂലയിലുമുള്ള വിടവുകളിൽ വളരുന്ന ഇവ ആഹാര സാധനങ്ങളിൽ രോഗാണുക്കളെ നിക്ഷേപിക്കുന്നു.
ചെയ്യേണ്ടത് :-
- വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം
- വീടിൻ്റെ ഓരോ മൂലയും വൃത്തിയാക്കണം
- പഴയ സാധനങ്ങൾ വീടിനുള്ളിൽ ശേഖരിച്ചു വെക്കരുത്
- പാറ്റാ ഗുളികകളും സ്പ്രേയും ഉപയോഗിച്ച് പാറ്റകളെ നശിപ്പിക്കാം
മറ്റു ജീവികൾ
വവ്വാൽ നിപ്പ പനി പരത്തുന്നു. കുരങ്ങുകളിൽ നിന്നും കുരങ്ങു പനി മനുഷ്യരിലേക്കും ബാധിക്കുന്നു. നായകളിൽ നിന്നും റാബിസ് രോഗം പിടിപെടുന്നു. ഇവ മൂന്നും മരണത്തിനു കാരണമാകുന്ന മാരക രോഗങ്ങളാണ്.
തുടർ പ്രവർത്തനങ്ങൾ
പാഠപുസ്തകം പേജ് 47 ലെ വായിക്കാം എഴുതാം എന്ന പ്രവർത്തനം നിങ്ങൾ പൂർത്തിയാക്കണം. അതുപോലെ ഓരോ ജീവിയും പരത്തുന്ന രോഗങ്ങളുടെ ഒരു പട്ടികയും നിങ്ങൾ തയ്യാറാക്കണം.
പരീക്ഷയ്ക്ക് മാർക്ക് വാങ്ങാൻ വേണ്ടി മാത്രമുള്ളതല്ല ഈ പാഠങ്ങൾ. നമ്മുടെ നിത്യജീവിതത്തിൽ രോഗങ്ങളെ ചെറുക്കാൻ പഠിച്ച കാര്യങ്ങളൊക്കെ ഉപയോഗിക്കണം.
Your Class Teacher