“എനിക്ക് മഞ്ഞപ്പാവാട വേണം” അവൾ വാശിപിടിച്ചു.
“വാങ്ങിത്തരാം. ഇപ്പോ ഊണ് കഴിക്ക്”. അമ്മ അവളെ സമാധാനിപ്പിച്ചു.
“എന്റെ പൊന്നുമോൾക്ക് അച്ഛൻ വാങ്ങിത്തരാം”
അച്ഛനും പറഞ്ഞുനോക്കി.
“എനിക്ക് പാവാട നാളെത്തന്നെ വേണം. തരോ?”
അവൾ കരച്ചിലിന്റെ ശക്തി കുറച്ചു. അച്ഛൻ അമ്മയുടെ മുഖത്ത് ദയനീയമായി നോക്കി.
“വാങ്ങിത്തരാം മോളേ, അച്ഛന്റടുത്ത് കാശുണ്ടാവട്ടെ.....''
അച്ഛന്റെ ശബ്ദം അല്പമിടറി.
അവളെ ചേർത്തുനിർത്തി നെറുകയിൽ തലോടിയപ്പോൾ അമ്മയുടെ കണ്ണു നനഞ്ഞു.
“നാളെ മോളുടെ പിറന്നാളല്ലേ. വന്ന് ഊണ് കഴിക്ക്. പിറന്നാൾത്തലേന്ന് വയറുവിശന്ന് കിടക്കരുത്."
അമ്മ വീണ്ടും പറഞ്ഞു.
“പിറന്നാളിന് എനിക്ക് മഞ്ഞപ്പാവാടയിടണം. പാവാടയില്ലെങ്കിൽ പിറന്നാളും വേണ്ട.” അവൾ മുഖം വീർപ്പിച്ചു.
അമ്മ അച്ഛനെ നോക്കി. ആ നോട്ടം നേരിടാനാവാതെ അച്ഛൻ മുഖം തിരിച്ചു.
അവൾ അത് കണ്ടു.
“മോള് വാ. നാളെത്തന്നെ മോൾക്ക് പാവാട തരാം. മഞ്ഞപ്പാവാട ഇട്ടോണ്ടുതന്നെ മോൾക്ക് പിറന്നാളുകാരിയാവാം.” തീരുമാനമെടുത്തപോലെ അമ്മ പറഞ്ഞു.
“സത്യായിട്ടും തര്വോ?” അവൾ തലയുയർത്തി നോക്കി. “ങും"
അമ്മയുടെ മൂളലിൽ സംശയം തെല്ലുപോലും ഉണ്ടായില്ല. അവളുടെ മുഖം തെളിഞ്ഞു. മുഖം തുടച്ച് അവൾ അടുക്കളയിലേക്കോടി. അവിടെ അമ്മ പിഞ്ഞാണത്തിൽ വിളമ്പിവെച്ച ചോറ് സ്വാദോടെ അകത്താക്കി.
അച്ഛനും അമ്മയും അത് നോക്കിനിന്നു.
ആ കാഴ്ച അവരെ ഏറെ സന്തോഷിപ്പിക്കാറുള്ളതാണ്. എന്നാൽ, ഇന്നെന്തോ അത് കണ്ടിട്ടും അവർക്ക് ഭാവമാറ്റം ഉണ്ടായില്ല. കയറ്റുകട്ടിലിൽ കുറേനേരം കിടന്നിട്ടും അവൾക്ക് ഉറക്കം വന്നില്ല. കണ്ണടച്ചാലും തുറന്നാലും മുന്നിൽ പുത്തൻ മഞ്ഞപ്പാവാട മാത്രം.
ഒരുപാട് കൊതിച്ച പാവാട തനിക്ക് കിട്ടാൻ പോകുന്നു! മഞ്ഞപ്പാവാടയുമിട്ട് ഗമയിൽ വിലസുന്നത് മനസ്സിൽക്കണ്ട് അവൾ കണ്ണടച്ചുകിടന്നു.
അച്ഛനും അമ്മയും ഉറങ്ങിയിട്ടില്ല. അവരെന്തോ പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്നുണ്ട്. അവൾ കാതോർത്തു. തന്റെ മഞ്ഞപ്പാവാടയെക്കുറിച്ച് തന്നെയാണ് അവരും പറയുന്നത്. പാവാട വാങ്ങാൻ പണമില്ലാത്തതിലാണ് അച്ഛന്റെ വിഷമം.
“നീയെന്തിനാ മോൾക്ക് വെറുതെ ആശ കൊടുത്തേ?” അച്ഛൻ ചോദിച്ചു.
“മോളുടെ വിഷമം കാണാൻ വയ്യാത്തോണ്ടാ” അമ്മയുടെ ശബ്ദം പതറി.
“ഇനി നാളെ അവളോടെന്തു പറയും?” അച്ഛൻ ചോദിച്ചു. ഒന്നും പറയാതെ അമ്മ എഴുന്നേറ്റു. ജനൽപ്പടിയിൽ നിന്ന് മൺകുടുക്കയെടുത്തു. അമ്മയ്ക്ക് കിട്ടുന്ന ചില്ലറപ്പെസ ഇട്ടുവച്ചിരുന്ന മൺകുടുക്ക.
“എന്തിനാ ഈ പൈസയൊക്കെ?” അവൾ ചോദിക്കാറുണ്ട്.
“അതോ? മോൾക്കൊരനിയനുണ്ടാവുമ്പോ അരഞ്ഞാണം വാങ്ങാനാ.” അമ്മയുടെ മറുപടി ഇതാവും.
“നീ എന്തുചെയ്യാൻ പോവ്വാ?” അച്ഛന് ഒന്നും മനസ്സിലായില്ല.
“വേണ്ട, മോളെ വിഷമിപ്പിക്കണ്ട. മോൾക്ക് പാവാടയ്ക്കുള്ള പൈസ ഇതിലുണ്ടാവും.” അമ്മ കുടുക്ക നിലത്തുടയ്ക്കാനായി ഉയർത്തി. അവൾക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു അത്. അവൾ ചാടിയെഴുന്നേറ്റ് അമ്മയുടെ കൈത്തണ്ടയിൽപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
- ഡോ. കെ. ശ്രീകുമാർ