പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്നവർ മാത്രമായിരുന്നില്ല പണ്ടത്തെ അധ്യാപകർ. വിദ്യാർഥികളുടെ സ്വഭാവ രൂപീകരണത്തിലും അവരുടെ സാമൂഹികവും വൈകാരികവുമായ വികാസത്തിലും പണ്ടത്തെ ഗുരുക്കന്മാർ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. പാഠപുസ്തകത്തിന് അപ്പുറമുള്ള ജീവിതം അവർ അവരെ പഠിപ്പിച്ചു. അങ്ങനെ വിദ്യാർഥികൾക്ക് മാത്രമല്ല, ലോകത്തിനു തന്നെ അവർ ഗുരുക്കന്മാരായിത്തീർന്നു. കാലം കടന്നുപോയെങ്കിലും അവരുടെ കാലടിപ്പാടുകൾ ചരിത്രത്തിൽ മായാതെ നിൽക്കുന്നു. ലോകത്തിന്റെ ചിന്തയെയും പ്രവൃത്തിയെയും സ്വാധീനിച്ചുകൊണ്ട്. ലോകത്തെ പലതും പഠിപ്പിച്ച ആ ഗുരുക്കന്മാരിൽ ചിലരെ അധ്യാപക ദിനത്താടനുബന്ധിച്ച് നമ്മുക്ക് പരിചയപ്പെടാം...
അരിസ്റ്റോട്ടിൽ
'കലാലയത്തിൻറെ മനസ്സ്' എന്നറിയപ്പെട്ട അരിസ്റ്റോട്ടിൽ അലക്സാണ്ടർ ചക്രവർത്തിയുടെ അധ്യാപകനായിരുന്നു. പാശ്ചാത്യ തത്ത്വചിന്തകരിലൊരാളായും മാനവികതയുടെ സാരാംശമായും ഭൂമിയിലെ എല്ലാ അധ്യാപകരും വിദ്യാർഥികളും അദ്ദേഹത്തെ ഓർക്കുന്നു. മനുഷ്യൻ സാമൂഹിക ജീവിയാണെന്നും കുടുംബത്തിൽ നിന്ന് ഗ്രാമീണ കൂട്ടായ്മയിലൂടെ വികാസം പ്രാപിച്ചതാണ് സ്റ്റേറ്റ് എന്നും അദ്ദേഹം പറഞ്ഞു. ഭൂമി നിശ്ചലമാണെന്നും അത് പ്രപഞ്ചത്തിൻറെ കേന്ദ്രമാണെന്നും അദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തിൻറെ നിഗമനങ്ങൾ അതേപടി അനുസരിക്കാൻ മത്സരിക്കുകയായിരുന്നു ശിഷ്യഗണങ്ങൾ, നൂറ്റാണ്ടുകളോളം അദ്ദേഹത്തിന്റെ ചിന്തകൾ നിലനിന്നത് അദ്ദേഹത്തിൻറെ സ്വാധീനം എത്രമാത്രം വലുതായിരുന്നു എന്നു കാണിക്കുന്നു.
ഗലീലിയോ ഗലീലി
ഭൂമി സൂര്യനെ വലംവെയ്ക്കുന്നുവെന്ന് പറഞ്ഞതിനും പ്രചരിപ്പിച്ചതിനും കുറ്റവിചാരണ നേരിടേണ്ടിവന്ന ശാസ്ത്രജ്ഞനാണ് ഗലീലിയോ ഗലീലി. ഇരുപത്തിനാലാമത്തെ വയസ്സിൽ പിസ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി നിയമിതനായ ഗലിലീയോ അരിസ്റ്റോട്ടലിന്റെ സിദ്ധാന്തം തെറ്റാണെന്നു തെളിയിച്ചു. പിസയിലെ പ്രസിദ്ധമായ ചെരിഞ്ഞഗോപുരത്തിൽ നടത്തിയ പരീക്ഷണത്തിലൂടെയായിരുന്നു ഇത്. അദ്ദേഹത്തിൻറ പ്രസംഗം കേൾക്കാൻ ആളുകൾ തടിച്ചുകൂടി. നിശ്ചലത എന്നൊന്നില്ലെന്നും എല്ലാം ചലിച്ചുകൊണ്ടിരിക്കുന്നു എന്നുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായം കേട്ട് ശിഷ്യർ തരിച്ചിരുന്നു. ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമല്ലെന്നും അതെപ്പോഴും തിരിഞ്ഞുകൊണ്ടിരിക്കുന്നുവെന്നും ഗലീലിയോ പറഞ്ഞു. വിശ്വശാസ്ത്രരംഗത്ത് പരിവർത്തനത്തിന്റെ കൊടുങ്കാറ്റ് വിതയ്ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ.
പൈതഗോറസ്
എല്ലാ അർഥത്തിലും അധ്യാപകനായിരുന്ന പൈതഗോറസ്, മഹാനായ ഗണിത ശാസ്ത്രജ്ഞൻ മാത്രമല്ല യോഗിയും കൂടിയായിരുന്നു അദ്ദേഹം. മുതിർന്നവരെ ബഹുമാനിക്കുക, കുടുംബബന്ധങ്ങൾ ഊഷ്മളമാക്കുക, മരിച്ചവരെ ആദരിക്കുക എന്നൊക്കെ നിഷ്കർഷിച്ചിരുന്നു. യൂറോപ്പിലെ ജനങ്ങളോടും സെനറ്റ് അംഗങ്ങളോടുമെല്ലാം നല്ല പൗരന്മാരായിരിക്കാൻ ഉദ്ബോധനം നടത്തി. കണക്കിലെ പൈതഗോറസ് സിദ്ധാന്തം മാത്രമല്ല, 'പെതഗോറിസം' എന്ന മതപ്രസ്ഥാനത്തിനും രൂപം നൽകി. അഴിമതിയും ആഡംബരവും ഉപേക്ഷിച്ചുള്ള ജീവിതത്തിന്നായി സമർപ്പിക്കാൻ അദ്ദേഹം ഉപദേശിച്ചു. ധാർമിക മൂല്യങ്ങൾ ഉദ്ഘോഷിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഏറെ പ്രശസ്തമാണ്.
Post A Comment:
0 comments: