തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നു ദിവസമായി ചുരുക്കാന്‍ തീരുമാനം. ഡിസംബര്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ആലപ്പുഴയിലാണ് കലോത്സവം. പ്രളയത്തെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തിലാണ് കലോത്സവം മൂന്നു ദിവസം മാത്രമാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഡിപിഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണനിലവാര പരിശോധനാ സമിതി യോഗം തീരുമാനങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.
രചനാ മത്സരങ്ങള്‍ ജില്ലാ തലത്തില്‍ മാത്രമായി ചുരുക്കും. ജില്ലാ തലത്തിലെ വിജയികളെ സംസ്ഥാന തലത്തില്‍ മൂല്യനിര്‍ണയം ചെയ്ത് വിജയികളെ കണ്ടെത്തുകയും ഗ്രേസ് മാര്‍ക്ക് നല്‍കുകയും ചെയ്യും.
കായിക മേള ഒക്ടോബര്‍ 26, 27, 28 തീയതികളില്‍ തിരുവനന്തപുരത്ത് നടത്തും. ഗെയിംസ് ഇനങ്ങള്‍ ഒഴിവാക്കി. ജില്ലാ തലത്തിലുള്ള വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും. അത്ലറ്റിക്സ് ഇനങ്ങള്‍ മാത്രമാണ് സംസ്ഥാന തലത്തില്‍ മത്സരം നടത്തുക. ജില്ലാ തലത്തില്‍ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ കിട്ടിയവര്‍ മാത്രമാണ് സംസ്ഥാന തലത്തില്‍ മത്സരിക്കുക. ശാസ്ത്രോത്സവം നവംബര്‍ 24, 25 തീയതികളില്‍ നടക്കും. എല്‍പി, യുപി വിഭാഗം മത്സരങ്ങള്‍ സ്‌കൂള്‍ തലത്തില്‍ മാത്രമായിരിക്കും നടക്കുക. സ്പെഷല്‍ സ്‌കൂള്‍ മത്സരങ്ങള്‍ ഒക്ടോബര്‍ 26,27,28 തീയതികളില്‍ നടക്കും.
ആര്‍ഭാടമില്ലാതെ കലോത്സവം നടത്താന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരമാവധി ഓഡിറ്റോറിയങ്ങളിലും ഹാളുകളിലുമായിരിക്കും മത്സരങ്ങള്‍ക്ക് വേദി കണ്ടെത്തുക. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് മത്സര വേദികളില്‍ ഭക്ഷണം തയ്യാറാക്കുക. ചെലവ് കുറയ്ക്കാനായി ഉദ്ഘാടന-സമാപന ചടങ്ങുകളുണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ എല്ലാവിധ ആഘോഷങ്ങളും ഒഴിവാക്കാന്‍ മുന്‍പ് തീരുമാനിച്ചിരുന്നു. സ്‌കൂള്‍, സര്‍വകലാശാലാ കലോത്സവങ്ങള്‍, അന്താരാഷ്ട്ര ചലച്ചിത്രമേള, വിനോദസഞ്ചാര വകുപ്പിന്റേതടക്കം എല്ലാ വകുപ്പുകളുടെയും ആഘോഷങ്ങള്‍ എന്നിവയെല്ലാം വേണ്ടെന്നുവെക്കാനും ഈ മേളകള്‍ക്കായി നിശ്ചയിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനുമായിരുന്നു തീരുമാനം. എന്നാല്‍ വ്യാപകമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ കലോത്സവ മത്സരങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.