മുറ്റത്തെ മാവിന്റെ കൊമ്പിലേയ്ക്കിന്നൊരു
പച്ചപ്പനംതത്ത പാറി വന്നൂ..
എത്താത്ത തുഞ്ചത്തു പിച്ച വച്ചൂ.. പിന്നെ,
കൊത്താത്ത മാമ്പഴം നോക്കി വച്ചൂ...
തുമ്പപ്പൂ കൊണ്ടെന്റെ പച്ചരിച്ചോറിന്നു
പച്ചിലക്കുമ്പിളിലിട്ടു വച്ചൂ...
പിച്ചിപ്പൂവിത്തിരി പിച്ചിയെടുത്തിട്ടു
പച്ചടിയൊന്നു ചമച്ചു വച്ചൂ...
തത്തിക്കളിയ്ക്കുമാ തത്തമ്മയ്ക്കിത്തിരി
മത്തപ്പൂ,ക്കാളനൊരുക്കി വച്ചൂ...
ഉച്ചയ്ക്കൊരു മണി നേരത്തിനൊത്തെന്റെ
തെച്ചിപ്പൂത്തോരനൊന്നായ നേരം...
ഇലയിട്ടു വച്ചൂ വിളിച്ചിട്ടു,മൂണിന്നു-
പച്ചപ്പനങ്കിളി വന്നതില്ലാ...
ചക്കര മാമ്പഴം മാത്രമത്രേ.. കിളി-
യ്കത്രമേലിഷ്ടം ! ഇതെന്തു കഷ്ടം !!!