വായന :- ഓർമ്മയുടെ അടിസ്ഥാനമായ മസ്തിഷ്കത്തിന് വ്യായാമം നൽകുക എന്നതാണ് ഓർമ്മ കൂട്ടാനുള്ള ഏറ്റവും നല്ല മാർഗ്ഗം. വായനയിലൂടെ മസ്തിഷ്കത്തിന് നല്ല വ്യായാമം കിട്ടും. ഏകാഗ്രത പുലർത്തുക, കാര്യങ്ങൾ വിശകലനം ചെയ്യുക, ഓർമ്മയിൽ സൂക്ഷിക്കുക തുടങ്ങി ഒട്ടേറെ പ്രവൃത്തികൾ നമ്മൾ വായിക്കുമ്പോൾ ചെയ്യുന്നുണ്ട്. നിത്യവും ഒരു മണിക്കൂറെങ്കിലും ഗൗരവമുള്ള വായനയ്‌ക്കായി മാറ്റി വച്ചോളൂ.... ഓർമ്മ നല്ല സൂപ്പറാവും.
സുഡോക്കു ചങ്ങാതി:- ഓർമ്മശക്തി വർധിപ്പിക്കാനുള്ള മറ്റൊരു വ്യായാമമാണ് പദപ്രശ്നങ്ങളും സുഡോക്കുവും പൂരിപ്പിക്കുന്നത്. ഇതിലെ കളങ്ങൾ പൂരിപ്പിക്കാനായി നമ്മൾ കൂടുതൽ ചിന്തിക്കുകയും സാധ്യതകൾ കണ്ടെത്തുകയും നിഗമനങ്ങളിൽ എത്തിച്ചേരുകയും ചെയ്യും. ഇത് തലച്ചോറിന് മികച്ച വ്യായാമമാണ്.
ഓർമ്മ വരുന്ന വഴി :- ചിത്രം വരയ്‌ക്കുക, കഥയോ കവിതയോ എഴുതുക, ശിൽപം ഉണ്ടാക്കുക, സംഗീത ഉപകരണങ്ങൾ വായിക്കുക ഇങ്ങനെ പല കഴിവുകളും കൂട്ടുകാർക്ക് ഉണ്ടായിരിക്കും. ഇത്തരം പ്രവൃത്തികളെല്ലാം ഓർമ്മ മെച്ചപ്പെടുത്താൻ സഹായിക്കും.
അങ്ങനെയല്ല, ഇങ്ങനെ:- സാധാരണ നമ്മൾ ചെയ്യുന്നതിന്റെ നീർവിപരീതമായ പ്രവൃത്തികൾ ചെയ്‌തുനോക്കൂ. ഇത് മസ്തിഷ്കത്തിന് ഉത്തേജനം നൽകും. വലം കൈകൊണ്ട് എഴുതുന്നവർ ഇടം കൈകൊണ്ട് എഴുതുക. കാൽവിരലുകൾ കൊണ്ട് എഴുതാൻ ശ്രമിക്കുക. പുസ്തകം തലതിരിച്ചു പിടിച്ചു വായിക്കുവാൻ ശ്രമിക്കുക. കണ്ണാടിയുടെ പ്രതിബിംബത്തിൽ നോക്കി വായിക്കുവാൻ ശ്രമിക്കുക എന്നിവ പരീക്ഷിച്ചു നോക്കൂ. കാര്യങ്ങൾ പെട്ടെന്ന് ഓർമിക്കാൻ ഇത് കൂടുതൽ സഹായിക്കും.
വരയ്ക്കാൻ പഠിക്കാം :- പഠിക്കുമ്പോൾ അശ്രദ്ധമായി വായിക്കാതെ പ്രധാനപ്പെട്ട വരികൾക്കടിയിൽ വരയിട്ടു വെയ്ക്കാം. പിന്നീട് വായിക്കുമ്പോൾ പ്രധാന ഭാഗങ്ങൾ ശ്രദ്ധയിൽപ്പെടാൻ ഇത് സഹായിക്കും. കാണാപ്പാഠം പഠിക്കുന്നതിന് പകരം ആശയമറിഞ്ഞു പഠിക്കണം. ഓർമ്മയിൽ നിന്ന് ഉത്തരങ്ങൾ എഴുതി ശീലിക്കുകയും വേണം. ക്ലാസ്‌റൂം പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നോട്ടുകൾ ചോദ്യമാതൃകകൾ തുടങ്ങിയവയെല്ലാം പ്രയോജനപ്പെടുത്താനും ശ്രദ്ധിക്കണം. (getCard) #type=(post) #title=(You might Like)
ബുദ്ധി പരീക്ഷ :- ബുദ്ധി കൊണ്ട് വിജയം നേടിയ ചാണക്യന്റെ കഥകൾ കൂട്ടുകാർ കേട്ടീട്ടുണ്ടാകും. ബുദ്ധിപരമായി കാര്യങ്ങൾ നേരിടാൻ ഇത്തരം കഥകൾ നമ്മളെ സഹായിക്കും.ബുദ്ധിയെ നിർവചിക്കാൻ പ്രയാസമാണ്. നമ്മുടെ മാനസിക കഴിവുകളെയെല്ലാം ബുദ്ധി എന്നുവിളിക്കാം. നിരന്തരമായി ഉപയോഗിച്ചില്ലെങ്കിൽ അത് ക്ഷയിച്ചുപോകും!
എങ്ങനെ പഠിക്കണം :- പഠനത്തിനായി ഇരിക്കുമ്പോൾ ചിലകാര്യങ്ങൾ ശ്രദ്ധിക്കേണ്ട,
1. പഠനത്തിന് കൃത്യമായ ഒരു ക്രമം ഉണ്ടായിരിക്കണം. എല്ലാ ദിവസവും ഈ ക്രമമനുസരിച്ചു വേണം പഠിക്കാൻ.
2. നമ്മെ ശല്യപ്പെടുത്തുന്ന ശബ്ദങ്ങൾ ഒഴിവാക്കിയും വായിക്കാൻ പാകത്തിനുള്ള വെളിച്ചം ഉറപ്പു വരുത്തിയും പഠനത്തിന് നല്ല ഒരു അന്തരീക്ഷം ഉണ്ടാക്കണം.
3. പഠനത്തിന് നല്ല ഒരു ടൈം ടേബിൾ ഉണ്ടാക്കണം. ഓരോ വിഷയങ്ങൾക്കും കൃത്യമായ സമയം വെച്ചുകൊണ്ടുള്ള ഒരു ടൈം ടേബിൾ സമയനഷ്ടം പരിഹരിക്കാൻ നമ്മെ സഹായിക്കും.
4. പഠിക്കുന്ന കാര്യങ്ങളെക്കുറിച്ചു ചുരുക്കിയ വാക്കുകളിൽ ഒരു നോട്ട് ഉണ്ടാക്കിയാൽ പിന്നീടുള്ള പഠനത്തിന് എളുപ്പമാണ്.
5. പഠിച്ച കാര്യങ്ങൾ തന്നത്താൻ ടെസ്റ്റ് ചെയ്തുനോക്കാം. സ്വയം അഭിനന്ദിക്കുകയും ചെയ്യാം.
മറക്കരുത് [പഠിക്കുന്നത് മറക്കാതിരിക്കുവാൻ ചില പൊടിക്കൈകൾ]:-
1. ഒരു തവണ വായിച്ച കാര്യം ദൂരേയ്ക്ക് നോക്കി വീണ്ടും പറയുക. എന്നിട്ട് വീണ്ടും വായിക്കുക. പിന്നെ അത് ഒരു കടലാസിൽ എഴുതുക.
2. വായിച്ച കാര്യങ്ങൾ പല സ്ഥലങ്ങളിലും വച്ച് വീണ്ടും പറഞ്ഞു ഉറപ്പിക്കുക. ബ്രേക്ക് ഫാസ്റ്റ് ടേബിളിൽ, കുളിക്കുമ്പോൾ, സ്കൂളിലേയ്ക്ക് പോകുമ്പോൾ എല്ലാം നമ്മുക്ക് ഓർത്തുപറയാം.
3. നമ്മൾ പഠിച്ചുവോ എന്നത് ഒരു കൂട്ടുകാരനെക്കൊണ്ടോ ബന്ധുവിനെക്കൊണ്ടോ ടെസ്റ്റ് ചെയ്യിക്കാം.
4. പഠിച്ച കാര്യങ്ങൾ കുറേ നേരം ഓർക്കാൻ ശ്രമിക്കുക. പല ദിവസങ്ങളിൽ പലതവണ ആവർത്തിക്കുക.