പ്രൈമറി സ്കൂൾ അധ്യാപക സ്ഥലംമാറ്റം എങ്ങുമെത്തിയില്ല
May 23, 2022
0
സ്കൂൾ തുറക്കാൻ ദിവസങ്ങൾമാത്രം; പ്രൈമറി സ്കൂൾ അധ്യാപക സ്ഥലംമാറ്റം എങ്ങുമെത്തിയില്ല
കേരളത്തിലെ പ്രൈമറി പ്രധാനാധ്യാപകരുടെയും അധ്യാപകരുടെയും സ്ഥലംമാറ്റത്തിനുള്ള വിജ്ഞാപനം വൈകുന്നു. എല്ലാവർഷവും ഫെബ്രുവരി മാസത്തിലാണു വിജ്ഞാപനം ഇറക്കാറുള്ളത്. വകുപ്പിലെ വിവിധ തട്ടുകളിലെ നടപടികൾ പൂർത്തിയാക്കി ജൂൺ ആദ്യആഴ്ച സ്ഥലംമാറ്റ ഉത്തരവ് ഇറക്കാറാണു പതിവ്.
എന്നാൽ ഈ വർഷം വിജ്ഞാപനം ഇറക്കുക പോലും ചെയ്തിട്ടില്ല. നടപടികൾ പൂർത്തീകരിക്കാൻ നാലു മാസത്തോളം വേണമെന്നിരിക്കേ വിജ്ഞാപനമിറക്കാത്തതിൽ ഉത്തരവാദിത്വപ്പെട്ടവർ മൗനം പാലിക്കുകയാണ്. സ്കൂൾ തുറക്കും മുമ്പേ പൊതു സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നതാണു കീഴ്വഴക്കം. ഇതു സംബന്ധിച്ച് കോടതി ഉത്തരവുകളും നിലവിലുണ്ട്. അതേസമയം ഹൈസ്കൂൾ ഹെഡ് മാസ്റ്റർമാരുടെയും ഡിഇഒ, ഡിഡി തലത്തിലുളളവരുടെയും ട്രാൻസ്ഫറും പ്രമോഷനും സമയബന്ധിതമായി നടന്നു. വിഎച്ച്എസ്.ഇ വിഭാഗത്തിന്റെ നോട്ടിഫിക്കേഷനും ഇറങ്ങി.
സ്കൂൾ തുറക്കും മുമ്പ് സ്ഥലം മാറ്റം നടത്തിയശേഷം ഉണ്ടാവുന്ന ഒഴിവിലേക്കു പ്രമോഷനും തുടർന്നു പുതിയ പിഎസ്സി നിയമനവും നടത്തിയില്ലെങ്കിൽ അധ്യാപകക്ഷാമത്താൽ പുതിയ അധ്യയനവർഷം താളം തെറ്റുമെന്നും അധ്യാപകർ ആശങ്കപ്പെടുന്നു. കുട്ടികൾ കൂടിയതുമൂലം ഉണ്ടായ പുതിയ ഡിവിഷൻ ഉൾപ്പെടെ ആയിരക്കണക്കിന് അധ്യാപക ഒഴിവുകളാണു പ്രൈമറി മേഖലയിലുള്ളത്. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സ്ഥലം മാറ്റം നടക്കാതിരുന്നതിനാൽ നവംബറിൽ ഒരു സ്ഥലം മാറ്റം നടന്നിരുന്നു. ഇതിനു 2020-21 വർഷത്തെ ഒഴിവാണു പരിഗണിച്ചത്. 2021-22 വർഷത്തെ ഒഴിവിലേക്കു സ്ഥലം മാറ്റം നടത്താൻ സാങ്കേതികമായി യാതൊരു തടസവും ഇല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
Tags: