ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും.ഇതുവരെ പോസ്റ്റ് ചെയ്ത ടീച്ചേർസ് നോട്ട് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
STD 2. Malayalam - 61.
STD 2. Malayalam - 61.
Unit 6. ഞാനാണ് താരം
വെള്ളം കൊണ്ടുള്ള ഒരു പരീക്ഷണം കാണിച്ചു കൊണ്ടാണ് ടീച്ചർ തുടങ്ങിയത്.
രണ്ട് ഗ്ലാസ്സുകളിൽ പകുതിയോളം വെള്ളം എടുത്തു. നീലനിറമുള്ള വെള്ളം ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചപ്പോൾ നിറം അതിൽ കലർന്ന് മുഴുവൻ വെള്ളവും നീല നിറമായി.
എന്നാൽ മറ്റൊരു ഗ്ലാസ്സിലെ നീല വെള്ളം അടുത്ത ഗ്ലാസ്സിലെ വെള്ളത്തിലേക്കൊഴിച്ചപ്പോൾ നീല വെള്ളം ആ ഗ്ലാസ്സിലെ വെള്ളത്തിൽ കലരാതെ മുകളിൽ പൊങ്ങിക്കിടക്കുന്നു!
മാജിക്കിൻ്റെ രഹസ്യവും ടീച്ചർ പറഞ്ഞു തന്നു. രണ്ടാമത് ഒഴിച്ചത് മണ്ണെണ്ണ ആയിരുന്നു. മണ്ണെണ്ണ വെള്ളത്തിൽ അലിഞ്ഞു ചേരാത്ത ദ്രാവകമാണ്.
കൂടുതൽ പരീക്ഷണങ്ങൾ
കുട്ടികൾ നടത്തിയ മൂന്ന് പരീക്ഷണങ്ങളുടെ വീഡിയോ കൂടി ടീച്ചർ കാണിച്ചു.
1. മുട്ട ഗ്ലാസ്സിലെ വെള്ളത്തിലിടുമ്പോൾ താഴ്ന്നു പോവുന്നു. എന്നാൽ ഉപ്പു കലർത്തിയ വെള്ളത്തിൽ മുട്ട ഇടുമ്പോൾ പൊങ്ങിക്കിടക്കുന്നു.
ഉപ്പ് കലരുമ്പോൾ വെള്ളത്തിൻ്റെ സ്വഭാവം മാറുന്നതാണ് കാരണം.
2. ടംബ്ലറിനുള്ളിൽ മഴ പെയ്യിക്കുന്ന പരീക്ഷണമാണ് രണ്ടാമത് കണ്ടത്. ഒരു ഗ്ലാസ്സ് ടംബ്ലറിൽ പകുതി ചൂടുവെള്ളം നിറച്ച് സ്റ്റീൽ പ്ലേറ്റ് കൊണ്ട് മൂടി. 3 മിനിറ്റ് കഴിഞ്ഞ് ഒരു കഷ്ണം ഐസ് പ്ലേറ്റിന് മുകളിൽ വെച്ചപ്പോൾ ടംബ്ലറിനുള്ളിലേക്ക് മഴ പോലെ വെള്ളത്തുള്ളികൾ വീഴുന്നത് കാണാൻ കഴിഞ്ഞു.
ഐസ് പ്ലേറ്റിൽ തടഞ്ഞു നിന്ന നീരാവിയെ തണുപ്പിച്ച് വീണ്ടും വെള്ളമാക്കിയതാണ് മഴ ഉണ്ടാവാൻ കാരണം.
3. മുച്ചട്ടി അരിപ്പ ഉപയോഗിച്ച് ജലം ശുദ്ധീകരിക്കുന്നത് ആയിരുന്നു അടുത്ത പരീക്ഷണം. തുളയുള്ള ചിരട്ടയാണ് ഇവിടെ ഉപയോഗിച്ചത്. തുളകൾ ആദ്യമേ പഞ്ഞി കൊണ്ട് അടച്ചു. മുകളിലെ ചിരട്ട ചരൽ കൊണ്ടും നടുവിലെ ചിരട്ട മണൽ കൊണ്ടും അടിയിലെ ചിരട്ട ചിരട്ടക്കരി കൊണ്ടും പാതിയോളം നിറച്ചു. ചെളിവെള്ളം മുകളിൽ ഒഴിക്കുമ്പോൾ ശുദ്ധജലമായി അടിയിലെ പാത്രത്തിൽ അത് ശേഖരിക്കാൻ കഴിയുന്നു.
ചരൽ, വെള്ളത്തിലെ വലിയ മാലിന്യങ്ങളെയും മണൽ, ചെറിയ മാലിന്യങ്ങളെയും കരി, ബാക്കിയുള്ള മാലിന്യങ്ങളെ പൂർണമായും നീക്കം ചെയ്യുന്നതു കൊണ്ടാണ് നമുക്ക് ശുദ്ധജലം ലഭിക്കുന്നത്.
അറിയിപ്പ് തയ്യാറാക്കാം
വെള്ളം കൊണ്ടുള്ള ചില കളികൾ അടുത്ത ബാലസഭയിൽ മത്സരമായി നടത്താമെന്നാണ് മയൂഖയും കൂട്ടുകാരും കരുതുന്നത്. അതിനു വേണ്ടി നിങ്ങൾ ഒരു അറിയിപ്പ് തയ്യാറാക്കൂ.
കളികൾ കണ്ടെത്താം
വെള്ളം ഉപയോഗിച്ച് കളിക്കാവുന്ന കളികൾ നിങ്ങളും കണ്ടെത്തണം. വീട്ടിലുള്ളവരെ കൂട്ടി കളിച്ചു നോക്കണം. എങ്ങനെയാണ് കളിക്കുന്നതെന്ന് ബുക്കിൽ എഴുതി വെക്കണം.
ഇവയിൽ ചില കളികൾ നമുക്ക് അടുത്ത ക്ലാസ്സിൽ കളിച്ചു നോക്കാം.
പ്രയോഗങ്ങൾ
കാതോർത്തു
കാര്യം പിടികിട്ടി
എത്തും പിടിയും
ഓട്ടക്കണ്ണിട്ടു
തിക്കിത്തിരക്കി
ഈ പ്രയോഗങ്ങൾ പാഠപുസ്തകത്തിൽ കണ്ടെത്തി അടിവരയിടുക. ഏതു സന്ദർഭത്തിലാണ് ഇവ പ്രയോഗിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കുക. പുതിയ സന്ദർഭങ്ങളുണ്ടാക്കി വാക്യത്തിൽ പ്രയോഗിച്ചു നോക്കുക.
ഉദാഹരണം : കാതോർത്തു
പുസ്തകത്തിലെ വാക്യം:- ചുറ്റിലും നിൽക്കുന്ന കുട്ടികൾ എന്തൊക്കെയോ പറയുന്നുണ്ട്. ബക്കറ്റിലെ വെള്ളം കാതോർത്തു.
പുതിയ വാക്യം :- അച്ഛനും അമ്മയും തമ്മിൽ പറയുന്ന രഹസ്യം എന്തെന്നു കേൾക്കാൻ മയൂഖമോൾ കാതോർത്തു.
വാക്യം മാറ്റി എഴുതാം
ബ്രാക്കറ്റിലുള്ള പ്രയോഗം ചേർത്ത് താഴെക്കൊടുത്തിരിക്കുന്ന വാക്യങ്ങൾ മാറ്റി എഴുതണം.
1. പട്ടണത്തിലെത്തിയ രാമുവിന് ആശുപത്രിയിലേക്കുള്ള വഴി ഏതാണെന്നു മനസ്സിലായില്ല.
(എത്തും പിടിയും കിട്ടിയില്ല)
2. നായ്ക്കുട്ടിയുടെ ശബ്ദം എവിടെ നിന്നാണെന്ന് അവൾ ശ്രദ്ധിച്ചു.
( കാതോർത്തു )
കഴിഞ്ഞ ക്ലാസ്സിലെ രഹസ്യം
നിറം കലർത്തിയ വെള്ളത്തിൽ മുക്കിയ സ്പോഞ്ചുകൊണ്ട് തുടയ്ക്കുമ്പോൾ ചാർട്ടിൽ വാക്കുകൾ തെളിഞ്ഞു വരുന്നതിൻ്റെ രഹസ്യം ഇന്ന് ടീച്ചർ പറഞ്ഞു തന്നു.
ടീച്ചർ ആദ്യമേ മെഴുകു കൊണ്ട് ചാർട്ടിൽ എഴുതി വെച്ചിരുന്നു. ചാർട്ടിനും മെഴുകിനും വെള്ള നിറമായതിനാൽ നമുക്കത് കാണാൻ കഴിഞ്ഞില്ല. നിറമുള്ള വെള്ളം കൊണ്ടു തുടച്ചപ്പോൾ മെഴുക് വെള്ളം വലിച്ചെടുത്തില്ല. ബാക്കി ഭാഗത്തെ കടലാസ് നിറമുള്ള വെള്ളം വലിച്ചെടുത്തപ്പോൾ നിറം മാറി. അങ്ങനെയാണ് അക്ഷരങ്ങൾ തെളിഞ്ഞു വന്നത്.
വെള്ളം കൊണ്ടുള്ള കളികൾ ഉൾപ്പെടുത്തിയ അടുത്ത ക്ലാസ്സിനായി നമുക്ക് കാത്തിരിക്കാം.
Your Class Teacher