
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും.ഇതുവരെ പോസ്റ്റ് ചെയ്ത ടീച്ചേർസ് നോട്ട് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
കഴിഞ്ഞ ക്ലാസ്സിൽ കഥയെഴുതാനുള്ള ഒരു പ്രവർത്തനം തന്നിരുന്നു. വളരെ കുറച്ചു പേർ മാത്രമേ എഴുതി അയച്ചിട്ടുള്ളൂ. എന്നാൽ ഇന്ന് ടീച്ചർ തന്നിരിക്കുന്നത് വളരെ എളുപ്പത്തിൽ എഴുതാൻ കഴിയുന്ന ഒരു കഥയാണ്. കഥയുടെ ആദ്യഭാഗം നമ്മൾ കാണുകയും ചെയ്തു.
*കഥ എഴുതാം*
ചെമ്പൻ ചെന്നായയ്ക്ക് മിട്ടു മുയലിനെ പിടിച്ചു തിന്നണം. ആദ്യതവണ ശ്രമിച്ചപ്പോൾ മിട്ടു ഒരു വിധം ഓടി രക്ഷപ്പെട്ടു. എന്നാൽ രണ്ടാം തവണ അവൻ മിട്ടുവിനെ പിടിക്കുക തന്നെ ചെയ്തു.
എന്നാൽ മിട്ടു പേടിച്ചില്ല, അവൻ ഒരു സൂത്രം പ്രയോഗിച്ച് രക്ഷപ്പെട്ടു.
എന്താണ് ആ സൂത്രം? അത് ഒരു കഥയായി എഴുതിക്കോളൂ.
കഥ എഴുതിക്കഴിഞ്ഞ് കഥയുടെ ചിത്രങ്ങൾ വരച്ച് ചിത്ര പുസ്തകമാക്കാനും കഥയെ പാട്ടാക്കാനും നാടകമാക്കി അഭിനയിക്കാനും കൂടി ശ്രമിച്ചു നോക്കൂ.
*കഥ മാറ്റി എഴുതാം*
ഇത് പേജ് 87 ലെ പ്രവർത്തനമാണ്. കഥയിൽ ചുവന്ന നിറത്തിൽ കൊടുത്തിരിക്കുന്ന വാക്കുകൾക്കു പകരം അതേ അർത്ഥം വരുന്ന വേറെ വാക്കുകൾ ഉപയോഗിച്ച് മാറ്റി എഴുതണം. പകരം ഉപയോഗിക്കേണ്ട പദങ്ങൾ പേജിൻ്റെ ചുവടു ഭാഗത്ത് കൊടുത്തിട്ടുണ്ട്. അവയിൽ നിന്ന് തിരഞ്ഞെടുക്കുകയേ വേണ്ടൂ. ടീച്ചർ ഉത്തരങ്ങൾ പറഞ്ഞു തരികയും ചെയ്തു. നിങ്ങൾ ഇനി എഴുതിയാൽ മാത്രം മതി.
*പാട്ടുകൾ ശേഖരിക്കാം*
ജീവികളെക്കുറിച്ചുള്ള പാട്ടുകളാണ് ശേഖരിക്കേണ്ടത്. മഞ്ഞക്കിളിയെക്കുറിച്ചുള്ള പാട്ട് ടീച്ചർ കേൾപ്പിച്ചു തന്നു. കാക്ക, കോഴി, തത്ത, പരുന്ത്, കോഴി, പൂച്ച, പശു തുടങ്ങിയവയെക്കുറിച്ചുള്ള പാട്ടുകൾ നിങ്ങൾ പഠിച്ചിട്ടുണ്ടല്ലോ.
പൂച്ചയെക്കുറിച്ചുള്ള ഒരു പാട്ട് എൻ്റെ വകയായി തരാം. കഴിഞ്ഞ വർഷം അന്തരിച്ച കവി *വിഷ്ണുനാരായണൻ നമ്പൂതിരി* എഴുതിയ കവിതയാണ്.
*പൂച്ചക്കുട്ടി*
*പൂ.. പൂ.. പൂച്ചക്കുട്ടി*
*ക.. ക.. കണ്ണും പൂട്ടി*
*പാ.. പാ.. പാലു കുടിച്ചു*
*ഡിം.. ഡിം.. തട്ടി മറിച്ചു*
*ട്ടേ.. ട്ടേ.. തല്ലു കൊടുത്തു*
*മ്യൗ.. മ്യൗ.. ഓടിയൊളിച്ചു*
എല്ലാ പാട്ടുകളും ശേഖരിച്ച് 'എൻ്റ പാട്ടുപുസ്തക'ത്തിൽ എഴുതിക്കോളൂ. പാടി രസിക്കുകയും വേണം.
ഈ പാഠഭാഗം ഇന്നോടെ പൂർത്തിയാവുകയാണ്. എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ പഠിച്ചത്?
*ഈ പാഠത്തിൽ പഠിച്ചത്...*
- ജീവികളുടെ സഞ്ചാര രീതി (നടന്ന്, ചാടി, പറന്ന്, ഇഴഞ്ഞ്, നീന്തി)
- അക്ഷര ചിത്രങ്ങൾ / അക്കച്ചിത്രങ്ങൾ
- ജീവികളെക്കുറിച്ച് കുറിപ്പ് എഴുതാൻ
- ജീവികളുടെ ആഹാരരീതി (സസ്യാഹാരം, മാംസാഹാരം, മിശ്രാഹാരം)
- മുട്ടയിടുന്നവയും പ്രസവിക്കുന്നവയും
- വിവിധ ജീവികളുടെ സവിശേഷതകൾ
- കഥ പൂർത്തിയാക്കാൻ
- സ്വന്തമായി വായിക്കാൻ
- പുതിയ വാക്കുകളും പകരം പദങ്ങളും
- വാക്കുകൾ പിരിച്ചെഴുതാനും ചേർത്തെഴുതാനും
- പാട്ടിന് വരി കൂട്ടിച്ചേർക്കാൻ
- പാട്ടിന് ഈണം നൽകാൻ
ഇപ്പറഞ്ഞവയിൽ ഏതെങ്കിലും നിങ്ങൾക്ക് മനസ്സിലായിട്ടില്ലെങ്കിൽ പുസ്തകം വീണ്ടും വായിക്കുകയും പഴയ ക്ലാസ്സുകൾ വീണ്ടും കാണുകയും വേണം. അടുത്ത ക്ലാസ്സിൽ അടുത്ത പാഠം പഠിച്ചു തുടങ്ങാം.
*Your Class Teacher*