വാലിലെത്ര രോമം ചൊല്ലൂ?
"ഉപ്പൂപ്പാന്റെ ആനയയ്യോ
കുയ്യാനമാത്രം !"
പാത്തുമ്മാൻ്റെ ആട്ടിൻപാലു
കുടിച്ചോടാ മോനേ നിയ്യ് ?
"ആട്ടിൻപാലു കറന്നാലേ
പാത്തു പിണങ്ങും "
മതിലിന്റെയപ്പുറത്തെ
ചേട്ടത്തിയെ കണ്ടോ നിങ്ങൾ
വിശേഷങ്ങൾ മടിയാതെ
ചൊല്ലുകവേണം
"മതിലിൻ്റെ പുറകിലെ
ശബ്ദം മാത്രം ഞങ്ങൾകേട്ടു
നേരിലൊരു മാത്ര പോലും
കണ്ടില്ലവരെ!"
മൂക്കു നീണ്ട മൂക്കൻചേട്ടൻ
ഗിന്നസ് ബുക്കിനകത്തുണ്ടോ?
" മൂക്കിനിപ്പോൾ നീളമില്ല
ബുക്കിൽ പിന്നെയെന്താ ?"
ആനവാരി രാമൻ നായർ
ആനകളെച്ചാക്കിലാക്കി കൊണ്ടു പോകാൻ
വന്നിടുന്നോ പറയൂ നിങ്ങൾ?
"അയ്യയ്യയ്യേ ആനയല്ല
ചാരംവാരി നായരയാൾ
ചാരം മാറി വാരിയതാ -
ണാനക്കുട്ടിയേ!"
ബാല്യകാലസഖിയാകും
സുഹറയെ മജീദിക്ക
നിക്കാഹു ചെയ്തുള്ള കാര്യമറിഞ്ഞോ നിങ്ങൾ?
"ആരു ചൊല്ലീയീ ബഡായി
ഞങ്ങളാരുമറിഞ്ഞില്ല
ബേണ്ടാത്ത ബർത്താനങ്ങൾ
മുണ്ടണ്ട പാപം!"
ഒന്നുമൊന്നുമൊത്തുചേർന്നാൽ
ഇമ്മിണി ബല്യൊന്നായിടുമോ?
ഇല്ലേയില്ല മണ്ടച്ചാരേ രണ്ടല്ലേ കിട്ടൂ
ഭൂമിയുടെ അവകാശി
നമ്മളല്ല കേട്ടുകൊൾക
ഭൂമിയിതു നശിപ്പിക്കാൻ
കൂട്ടുനിക്കല്ലേ
ഈച്ച പൂച്ച, പാറ്റ പല്ലി ജീവജാലമെല്ലാമെല്ലാം
വാണീടുന്ന ഭൂമിയിത്
സ്വന്തമെല്ലോർക്കും
ആർത്തിയെല്ലാമുപേക്ഷിച്ചു
സ്നേഹത്തോടെ വാണീടുക
സ്നേഹം പോലെ ദുനിയാവിൽ
വേറൊന്നുമില്ല
- ഹരീഷ് ആർ നമ്പൂതിരിപ്പാട്