ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Class 2 Teacher's Note 23 February 2021

Mashhari
0
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
TEACHER'S NOTE STD 2. 
Mathematics - 43.
അളവിന് വേണം, കൃത്യത
കഴിഞ്ഞ ദിവസത്തെ ടാസ്ക് ചെയ്തപ്പോൾ മുതിർന്ന ആൾ അളന്നപ്പോഴത്തതിനേക്കാൾ കൂടിയ അളവാണ് നിങ്ങൾ ചുവട് വെച്ച് അളന്നപ്പോൾ കിട്ടിയത്, അല്ലേ? അളവ് വ്യത്യാസപ്പെടാനുള്ള കാരണവും മനസ്സിലായിക്കാണുമല്ലോ. നിങ്ങളുടെ കാല് ചെറുതാണ്, അതു തന്നെ.

രണ്ടുപേർ അളന്നപ്പോൾ
രണ്ട് വശങ്ങളുടെ നീളം രണ്ടു പേർ ചുവട് ഉപയോഗിച്ച് അളക്കുകയാണ്. ഒന്നാമൻ അളന്നത് കഴിഞ്ഞ ക്ലാസ്സിൽ കണ്ടിരുന്നു.
ഒന്നാമത്തെ വശം 16 ചുവട്
രണ്ടാമത്തെ വശം 22 ചുവട്

രണ്ടാമൻ ഇന്ന് അളന്നതും നമ്മൾ ശ്രദ്ധിച്ചു.
ഒന്നാമത്തെ വശം 14 ചുവട്
രണ്ടാമത്തെ വശം 20 ചുവട്

എത്ര കൂടുതൽ?

20 -
14
__
06
രണ്ടാമത്തെ വശത്തിന് 6 ചുവട് നീളം കൂടുതലുണ്ട്.
രണ്ടുപേർ അളന്നപ്പോഴും രണ്ടാമത്തെ വശത്തിനു തന്നെയാണ് നീളം കൂടുതൽ. എന്നാൽ അളവുകളിൽ വ്യത്യാസമുണ്ട്. കാൽപ്പാദത്തിൻ്റെ വലിപ്പത്തിലെ വ്യത്യാസമാണ് അതിനു കാരണം.

ചാൺ ഉപയോഗിച്ചും ചുവട് ഉപയോഗിച്ചും അളക്കുമ്പോൾ കൈയുടെയും കാലിൻ്റെയും വലിപ്പത്തിനനുസരിച്ച് അളവിൽ വ്യത്യാസം വരുമെന്ന് മനസ്സിലായല്ലോ. ഈ വലിപ്പ വ്യത്യാസം മനസ്സിലാക്കാൻ നിങ്ങളുടെ കൈപ്പത്തി അമ്മയുടേതിനോട് ചേർത്തു വെച്ചു നോക്കിയാൽ മതി.

ഒറ്റച്ചാട്ടത്തിന് എത്ര ദൂരം?
രണ്ട് കുട്ടികൾ അവർ ചാടിയ ദൂരം അളന്നതു കണ്ടില്ലേ? കമ്പ് ഉപയോഗിച്ചാണ് അളന്നത്.
ഒന്നാമത്തെ കുട്ടി 6 കമ്പ്
രണ്ടാമത്തെ കുട്ടി 4 കമ്പ്
രണ്ടു പേരും രണ്ട് കമ്പു കൊണ്ടാണ് അളന്നത്. ഒരു കമ്പിന് നീളം കുറവാണ്. അപ്പോൾ കൃത്യമായ അളവ് കിട്ടില്ലല്ലോ.

ഒരേ കമ്പുകൊണ്ട് അളന്നപ്പോൾ..
ഒന്നാമത്തെ കുട്ടി 6 കമ്പ്
രണ്ടാമത്തെ കുട്ടി 5 കമ്പ്

ഇപ്പോൾ നമുക്ക് ഒന്നാമത്തെ കുട്ടി തന്നെയാണ് കൂടുതൽ ദൂരം ചാടിയതെന്ന് ഉറപ്പിച്ചു പറയാം. എങ്കിലും അളവിന് ഏകീകൃത സ്വഭാവമില്ല. ആ കുട്ടിയേക്കാൾ കൂടുതൽ ദൂരം നമുക്ക് ചാടാൻ കഴിയുമോയെന്ന് നോക്കാൻ പറ്റില്ല. അവർ അളന്ന കമ്പ് നമ്മുടെ കൈയിൽ ഇല്ലല്ലോ.

പെൻസിൽ കൊണ്ട് അളക്കാം
ക്ലാസ്സ് മുറിയിൽ നിങ്ങൾക്ക് കമ്പിനു പകരം പെൻസിൽ ഉപയോഗിച്ചും നീളം അളക്കാം. അങ്ങനെ ചെയ്യാനുള്ള ഒരു പ്രവർത്തനം പുസ്തകത്തിലുണ്ട്. (വർക്ക് ഷീറ്റ് അയയ്ക്കും.) ഇപ്പോൾ സ്ക്കൂളിൽ പോകാൻ കഴിയില്ലല്ലോ. വീട്ടിൽ ബെഞ്ച് ഇല്ലെങ്കിൽ പകരം കട്ടിലിൻ്റെ നീളം അളന്നെഴുതിയാൽ മതി.

പഴയകാലത്തെ ആളുകൾ ചാൺ, ചുവട്, മുഴം, കമ്പ് പോലുള്ള കൃത്യതയില്ലാത്ത അളവുകൾ ഉപയോഗിച്ചിരുന്നു. അളക്കാൻ വേറേയും രീതികൾ അവർ ഉപയോഗിച്ചിരുന്നിരിക്കും. അവയെക്കുറിച്ചൊക്കെ മുതിർന്നവരോട് ചോദിച്ചു മനസ്സിലാക്കി നോട്ട് ബുക്കിൽ കുറിച്ചു വെക്കുന്നത് രസകരമായിരിക്കും.

അളവ് കൃത്യമാവാൻ
കൃത്യമായ അളവു കിട്ടണമെങ്കിൽ സ്കെയിൽ ഉപയോഗിച്ചോ ടേപ്പ് ഉപയോഗിച്ചോ അളക്കണം. അപ്പോൾ നീളം സെൻ്റീമീറ്ററിലോ ഇഞ്ചിലോ കൃത്യമായി പറയാൻ കഴിയും. ക്ലാസ്സ് മുറിയിലെ മേശയുടെ നീളം ടീച്ചറുടെ സ്കെയിലിൽ അളന്നാലും നിങ്ങളുടെ സ്കെയിലിൽ അളന്നാലും ഒരുപോലെ ആയിരിക്കും. കാരണം അംഗീകൃത ഏകകം ഉപയോഗിച്ചാണ് നാം അളക്കുന്നത്.

അളവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അടുത്ത ക്ലാസ്സുകളിൽ പഠിക്കാം.

Your Class Teacher

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !