ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
STD 2 Mathematics - 41 കാട് ഞങ്ങളുടെ വീട്
കഴിഞ്ഞ ദിവസം നൽകിയ പ്രവർത്തനത്തിൻ്റെ ഉത്തരം ശരിയാണോയെന്നാണ് നമ്മൾ ആദ്യം പരിശോധിച്ചത്. പിന്നെ അൽപ്പം കുഴപ്പം പിടിച്ച ഒരു പ്രവർത്തനമാണ് ടീച്ചർ തന്നത്. പത്തു സംഖ്യകളെ വലുതിൽ നിന്ന് ചെറുതിലേക്ക് ക്രമീകരിക്കണം!
അവരോഹണ ക്രമത്തിൽ ക്രമീകരിക്കുക
ചോദ്യം: താഴെ കൊടുത്തിരിക്കുന്ന സംഖ്യകളെ വലുതിൽ നിന്ന് ചെറുതിലേക്ക് ക്രമീകരിക്കുക.
58, 16, 190, 94, 45, 24, 99, 175, 200, 128
എങ്ങനെ കണ്ടെത്തും?
സംഖ്യകളുടെ എണ്ണം കണ്ട് പേടിക്കുകയൊന്നും വേണ്ട. നമുക്ക് ഓരോന്നായി കണ്ടെത്താം.
സംഖ്യകളിൽ രണ്ടക്ക സംഖ്യകളും മൂന്നക്ക സംഖ്യകളും ഉണ്ട്. രണ്ടക്ക സംഖ്യകളെക്കാൾ വലുത് മൂന്നക്ക സംഖ്യകളായിരിക്കുമല്ലോ. അവ നാലെണ്ണമുണ്ട്.
അവയുടെ നൂറുകളുടെ സ്ഥാനം പരിശോധിക്കുക. നൂറുകളുടെ സ്ഥാനത്ത് വലിയ അക്കം ഉള്ള സംഖ്യയാണ് കൂട്ടത്തിൽ ഏറ്റവും വലിയ സംഖ്യ. ഇവിടെ അത് 200 ആണ്.
പിന്നെയും മൂന്ന് മൂന്നക്ക സംഖ്യകൾ കൂടിയുണ്ട്. അവയുടെ എല്ലാം നൂറുകളുടെ സ്ഥാനത്ത് 1 ആണ്. അപ്പോൾ പത്തുകളുടെ സ്ഥാനത്തെ വലിയ അക്കം ഏതു സംഖ്യക്കാണെന്നു നോക്കണം. പത്തുകളുടെ സ്ഥാനത്ത് 9 വരുന്ന 190 ആണ് അടുത്ത സംഖ്യ. പിന്നെ 175 ഉം 128 ഉം.
ഇപ്പോൾ നമുക്ക് ആദ്യത്തെ നാല് സംഖ്യകൾ ക്രമത്തിൽ കിട്ടി. ബാക്കിയെല്ലാം രണ്ടക്ക സംഖ്യകളാണ്. ആദ്യം അവയുടെ പത്തിൻ്റെ സ്ഥാനം പരിശോധിക്കണം, പത്തിൻ്റെ സ്ഥാനം ഒന്നിലധികം സംഖ്യകൾക്ക് ഒരുപോലെ ഉണ്ടെങ്കിൽ ഒന്നുകളുടെ സ്ഥാനം കൂടി പരിശോധിച്ച് വലുതു കണ്ടെത്താം.
പത്തുകളുടെ സ്ഥാനത്ത് 9 വരുന്ന രണ്ട് സംഖ്യകളുണ്ട്. 94 ഉം 99 ഉം. ഇവയിൽ ഒന്നുകളുടെ സ്ഥാനത്ത് 9 വരുന്ന 99 ആണ് വലിയ സംഖ്യ. അപ്പോൾ അഞ്ചാമത്തെ സംഖ്യ 99 ഉം ആറാമത്തേത് 94 ഉം ആണ്. ഇനി ബാക്കി ഇതുപോലെ കണ്ടുപിടിക്കാൻ വിഷമമുണ്ടാവില്ല.
ഉത്തരം: 200, 190, 175, 128, 99, 94, 58, 45, 24, 16.
നീളം നോക്കി നമ്പർ ഇടാം
പാചകപ്പുരയ്ക്ക് തൂണു നാട്ടാനായി മുയലും ജിറാഫും തത്തയും ഓരോ കമ്പുമായി വന്നിട്ടുണ്ട്. കമ്പുകളുടെ നീളം നോക്കി 1, 2, 3 എന്ന് നമ്പർ ഇടാമോ? (വർക്ക് ഷീറ്റ് അയയ്ക്കും)
ഏറ്റവും നീളമുള്ളതിനാണ് 1 എന്ന നമ്പർ കൊടുക്കേണ്ടത്.
നീളം അളക്കാം
ബോർഡിനാണോ മേശയ്ക്കാണോ നീളം കൂടുതലെന്ന് ടീച്ചർ ചോദിച്ചപ്പോൾ നമ്മൾ ആദ്യമൊന്നു കുഴങ്ങി. രണ്ടിൻ്റെയും നീളം ഏകദേശം ഒരുപോലെയുണ്ട്.
എന്നാൽ ടീച്ചർ കൈ കൊണ്ട് ചാൺ അളവ് എടുത്തപ്പോൾ ബോർഡിനാണ് നീളം കൂടുതലെന്ന് കണ്ടെത്തി.
എന്താണ് ചാൺ?
കൈപ്പത്തി വിടർത്തി വെച്ച് പെരുവിരലിൻ്റെ അഗ്രം മുതൽ ചെറുവിരലിൻ്റെ അഗ്രം വരെയുള്ള നീളമാണ് ഒരു ചാൺ. പണ്ടുള്ളവർ ഇങ്ങനെ നീളം അളന്നിരുന്നെങ്കിലും ഇത് ഒരു അംഗീകൃത രീതിയല്ല.
നമുക്കും നീളം അളന്നു നോക്കാം
വീട്ടിലെ മേശയുടെയോ കട്ടിലിൻ്റെയോ നീളം ചാൺ ഉപയോഗിച്ച് അളന്ന് നിങ്ങൾ നോട്ട് ബുക്കിൽ എഴുതൂ. എന്നിട്ട് അതേ വസ്തു തന്നെ വീട്ടിലെ മുതിർന്ന ഒരാളോടും ചാൺ ഉപയോഗിച്ച് അളക്കാൻ പറയൂ. ആ ഉത്തരവും നോട്ട് ബുക്കിൽ എഴുതണം.
രണ്ടു പേർക്കും ഒരേ അളവാണോ കിട്ടിയത്? എന്തായിരിക്കും കാരണം? ആലോചിച്ചു നോക്കൂ. കാര്യം പിടികിട്ടിയില്ലെങ്കിൽ കൂടുതൽ ആലോചിച്ചു വിഷമിക്കേണ്ട, അടുത്ത ക്ലാസ്സിൽ ടീച്ചർ പറഞ്ഞു തരും.
Your Class Teacher