ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
അണ്ണാൻകുഞ്ഞും ആനമൂപ്പനും
ആനപ്പുറത്തിരുന്ന് അണ്ണാൻകുഞ്ഞ് കണ്ട കാര്യങ്ങൾ എഴുതാൻ വെള്ളിയാഴ്ച പറഞ്ഞിരുന്നല്ലോ. ചില കുട്ടികൾ എഴുതിയ കുറിപ്പുകളാണ് നമ്മൾ ആദ്യം കണ്ടത്. ഒരു കുറിപ്പ് വിശദമായി പരിശോധിക്കുകയും ചെയ്തു. അതിൻ്റെ കുറവുകളും മേന്മകളും ടീച്ചർ പറഞ്ഞു തന്നു.
വിവരണം എഴുതുമ്പോൾ..
- അനുയോജ്യമായ തലക്കെട്ട് നൽകണം.
- ഒരു ആശയവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും തുടർച്ചയായി എഴുതണം.
- വാക്യത്തിൻ്റെ അവസാനം പൂർണവിരാമം ഇടണം.
- ചോദ്യ ചിഹ്നം (?), അങ്കുശം ( , ), ആശ്ചര്യ ചിഹ്നം (!) തുടങ്ങിയ ചിഹ്നങ്ങൾ ആവശ്യാനുസരണം ചേർക്കണം.
- ഒരു വാക്യം എഴുതിയ ശേഷം പൂർണവിരാമം ഇട്ട് അതേ വരിയിൽ തുടർന്ന് എഴുതാം. ഖണ്ഡിക തിരിക്കുമ്പോൾ മാത്രമേ അടുത്ത വരിയിൽ എഴുതേണ്ടതുള്ളൂ.
- ഒരു ആശയമാണ് ഒരു ഖണ്ഡികയിൽ എഴുതേണ്ടത്.
- അടുത്ത ഖണ്ഡിക അടുത്ത വരിയിൽ കുറച്ചു സ്ഥലം വിട്ട ശേഷം എഴുതി തുടങ്ങണം.
- വിശേഷണങ്ങൾ ചേർത്ത് എഴുതണം.
- ഒരിക്കൽ എഴുതിയത് ഭാവനയ്ക്കനുസരിച്ച് പിന്നെയും വല പ്രാവശ്യം മെച്ചപ്പെടുത്തി എഴുതണം.
- ഒരിക്കൽ എഴുതിയതിൽ അക്ഷരത്തെറ്റുകൾ ഉണ്ടോ എന്ന് പരിശോധിച്ച് ഉണ്ടെങ്കിൽ തിരുത്തി എഴുതണം.
മെച്ചപ്പെടുത്തി എഴുതാം
നിങ്ങൾ തയ്യാറാക്കിയ വിവരണം ഈ നിർദ്ദേശങ്ങൾക്കനുസരിച്ച് ഒന്നുകൂടി മെച്ചപ്പെടുത്തി എഴുതി അയയ്ക്കൂ.
ഒന്നിച്ചു നിന്നാൽ
ആനപ്പുറത്തിരുന്ന് അണ്ണാൻ കുഞ്ഞ് കണ്ട കാഴ്ചകളുടെ വീഡിയോയും ഇന്ന് നമ്മൾ കണ്ടു.
പോകും വഴി അവർ മരമൂപ്പനെ കണ്ടു. 'ആ വഴി പോവേണ്ട, ആന വേട്ടക്കാർ ഇറങ്ങിയിട്ടുണ്ട്', എന്നാണ് മരമൂപ്പൻ പറഞ്ഞത്. അവർ വേറൊരു വഴി പോയി. അപ്പോൾ ചെന്നായമൂപ്പനെ കണ്ടു. പേടിപ്പെടുത്തുന്ന കാര്യങ്ങളാണ് ചെന്നായ മൂപ്പനും പറഞ്ഞത്.
ആ കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാൻ 83, 84, 85 പേജുകൾ എല്ലാവരും വായിച്ചു നോക്കണം.
Your Class Teacher