
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
കാട് ഞങ്ങളുടെ വീട്
50 ജീവികൾ വീതം ഓരോ ദിവസവും കാടിന് കാവൽ നിൽക്കണമെന്നായിരുന്നു സിംഹരാജൻ്റെ തീരുമാനം. അങ്ങനെ 50 കാവൽക്കാരുടെ 3 ഗ്രൂപ്പുകൾ ഉണ്ടാക്കി. ഓരോ ഗ്രൂപ്പിലും ഏതൊക്കെ ജീവികളാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് നമ്മൾ കണ്ടെത്തുകയും ചെയ്തു.
സഹായികൾ
കാവൽക്കാർക്ക് കൃത്യമായി ഭക്ഷണം പാകം ചെയ്ത് എത്തിക്കണമല്ലോ. അതിന് സഹായികളായി ജോലി ചെയ്യുവാൻ കുറെ മൃഗങ്ങൾ തയ്യാറായി എത്തിയിട്ടുണ്ട്.
മാൻ 62
കുറുക്കൻ 50
മുയൽ 86
അണ്ണാൻ 48
എന്നിങ്ങനെയാണ് സഹായികളായി ജോലിക്കു വന്നവരുടെ എണ്ണം. ഇവരിൽ ഏതു ജീവികളാണ് കൂടുതൽ?
ജീവികളുടെ എണ്ണത്തേ നിങ്ങൾക്ക് വലുതിൽ നിന്ന് ചെറുതിലേക്ക് ക്രമീകരിക്കാമോ?
അവരോഹണ ക്രമം
സംഖ്യകളെ വലുതിൽ നിന്ന് ചെറുതിലേക്ക് ക്രമീകരിച്ചെഴുതുന്നതിന് 'അവരോഹണ ക്രമത്തിൽ എഴുതുക' എന്ന് പറയും.
ഏറ്റവും വലിയ സംഖ്യയാണ് ആദ്യം എഴുതേണ്ടത്, പിന്നെ ബാക്കിയുള്ളതിൽ ഏറ്റവും വലിയ സംഖ്യ. അങ്ങനെ ക്രമത്തിലെഴുതി അവസാനം ഏറ്റവും ചെറിയ സംഖ്യ എഴുതണം.
ഏറ്റവും വലിയ സംഖ്യ കണ്ടെത്താൻ ആദ്യം സംഖ്യയുടെ ഏറ്റവും വലിയ സ്ഥാനമാണ് പരിഗണിക്കേണ്ടത്. ഇവിടെ എല്ലാം രണ്ടക്ക സംഖ്യകളായതിനാൽ ആദ്യം പത്തുകളുടെ സ്ഥാനം പരിഗണിക്കണം. പത്തുകളുടെ സ്ഥാനം ഒരുപോലെയുള്ള ഒന്നിലേറെ സംഖ്യകളുണ്ടെങ്കിൽ പിന്നെ ഒന്നുകളുടെ സ്ഥാനം പരിഗണിക്കണം.
ഇവിടെ പത്തുകളുടെ സ്ഥാനത്ത് 8 വരുന്ന 86 ആണ് ഏറ്റവും വലിയ സംഖ്യ. അടുത്തത് പത്തുകളുടെ സ്ഥാനത്ത് 6 വരുന്ന 62 ആണ്.
അങ്ങനെ ക്രമീകരിച്ചെഴുതുമ്പോൾ
86 (മുയൽ), 62 (മാൻ), 50 (കുറുക്കൻ), 48 ( അണ്ണാൻ)
എന്ന് ഉത്തരം കിട്ടും.
തൊഴിൽ വിഭജനം
സഹായികൾക്ക് ജോലി വിഭജിച്ചു നൽകാൻ സിംഹരാജൻ തീരുമാനിച്ചു.
ഒന്നാം ദിവസം
ഒന്നാം ദിവസം മാനുകളെയും കുറുക്കൻമാരെയുമാണ് ജോലിക്ക് നിയോഗിച്ചത്.
47 മാനുകൾക്കും 20 കുറുക്കൻമാർക്കും വിറകു ശേഖരിക്കുന്ന ജോലി നൽകി. ബാക്കിയുള്ളവർക്ക് പാചക ജോലി ചെയ്തു. എങ്കിൽ പാചക ജോലി ചെയ്ത മാനുകളുടെയും കുറുക്കൻമാരുടെയും എണ്ണ മെത്ര?
ആദ്യം മാനുകളുടെ എണ്ണം കണ്ടു പിടിക്കാം. ചില വിവരങ്ങൾ നമുക്ക് അറിയാം.
ആകെ മാനുകൾ 62
വിറകിനു പോയവർ 47
ബാക്കിയുള്ളവരാണ് പാചക ജോലി ചെയ്തത്. അവരുടെ എണ്ണം കണ്ടു പിടിക്കാൻ 62 ൽ നിന്ന് 47 കുറയ്ക്കണം.
50 + 12 -
40 + 7
____
10 + 5 = 15
എന്ന് ഉത്തരം കിട്ടും.
62 -
47
__
15
മുകളിലെ സംഖ്യയുടെ ഒന്നുകളുടെ സ്ഥാനത്തേക്ക് ഒരു പത്തിനെ കൊണ്ടുവന്ന് ഈ രീതിയിലും എളുപ്പത്തിൽ ചെയ്യാം.
അപ്പോൾ പാചക ജോലി ചെയ്ത മാനുകളുടെ എണ്ണം 15 ആണ്.
ഇനി പാചക ജോലി ചെയ്ത കുറുക്കൻമാരുടെ എണ്ണം കണ്ടു പിടിക്കണം.
ആകെ കുറുക്കൻമാർ 50
വിറകിനു പോയവർ 20
പാചകം ചെയ്തവർ 50 - 20 = ?
40 + 10 -
10 + 10
___
30 + 0 = 30
എന്ന് ഉത്തരം കിട്ടും.
50 -
20
__
30
എന്ന് എളുപ്പത്തിലും കണ്ടു പിടിക്കാം.
അപ്പോൾ പാചക ജോലി ചെയ്ത കുറുക്കൻമാരുടെ എണ്ണം 30 ആണ്.
രണ്ടാം ദിവസം
രണ്ടാം ദിവസം മുയലുകളെയും അണ്ണാൻമാരെയും ആണ് ജോലിക്ക് നിയോഗിച്ചത്. 70 മുയലുകളെയും 32 അണ്ണാൻമാരേയും പാചക ജോലി ഏൽപ്പിച്ചു. ബാക്കിയുള്ളവർ വിറകു ശേഖരിക്കാൻ പോയി. എങ്കിൽ വിറകു ശേഖരിക്കാൻ പോയ മുയലുകളുടെയും അണ്ണാൻമാരുടെയും എണ്ണം എത്ര?
തന്നിട്ടുള്ള വിവരങ്ങൾ വിശകലനം ചെയ്ത് ഈ ചോദ്യത്തിൻ്റെ ഉത്തരങ്ങൾ നിങ്ങൾ സ്വന്തമായി കണ്ടെത്തണം.
ആകെ മുയലുകളുടെ എണ്ണത്തിൽ നിന്നും പാചക ജോലി ചെയ്യുന്ന മുയലുകളുടെ എണ്ണം കുറച്ചാൽ വിറകു ശേഖരിക്കാൻ പോയ മുയലുകളുടെ എണ്ണം കിട്ടും. ഇതേ രീതിയിൽ വിറകു ശേഖരിക്കാൻ പോയ അണ്ണാൻ മാരുടെ എണ്ണവും കണ്ടെത്താം.
Your Class Teacher